ഓഹരിയില്‍ നിക്ഷേപിക്കാന്‍ ഇതിലും മികച്ച സമയം വേറെയില്ല
2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പാണ് ഓഹരി വിപണി ഉറ്റുനോക്കുന്ന പ്രധാന സംഭവം. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യ ഭരിക്കുന്നത് ആരെന്ന് തീരുമാനിക്കുന്ന ഈ തെരഞ്ഞെടുപ്പ് വിപണിയുടെ ഗതിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തും.
ഈ പുതുവര്‍ഷത്തില്‍ ഓഹരി നിക്ഷേപകര്‍ക്ക് മുന്നിലുളളത് ഒരു പിടി സംശയങ്ങളാണ്. 2018 ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം അത്ര നല്ല വര്‍ഷമായിരുന്നില്ല എന്നതാണ് ഈ സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്. നിക്ഷേപകരെ കുഴക്കുന്ന ശക്തമായ ചാഞ്ചാട്ടങ്ങളിലൂടെയാണ് കഴിഞ്ഞ വര്‍ഷം വിപണി കടന്നുപോയത്. 2018 ല്‍ ഓഹരി സൂചികയായ നിഫ്റ്റി നല്‍കിയത് 4.5 ശതമാനം നേട്ടം മാത്രമാണ്. നിഫ്റ്റി മിഡ്ക്യാപ് സൂചിക നല്‍കിയത് 15 ശതമാനം നഷ്ടവും.
ഒരു വിഭാഗം ഓഹരികളുടെയും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടെയും പ്രകടനം നിരാശാജനകമായിരുന്നു. വളരെ കുറച്ച് ഫണ്ടുകള്‍ മാത്രമാണ് 2018 ല്‍ നേട്ടം രേഖപ്പെടുത്തിയത്. ഒരു നിക്ഷേപമാര്‍ഗം എന്ന നിലയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കൂടുതല്‍ സ്വീകാര്യത ആര്‍ജിക്കുന്ന സമയത്താണ് വാര്‍ഷികാടിസ്ഥാനത്തില്‍ പല ഫണ്ടുകളും നഷ്ടം നേരിട്ടത്. അതുകൊണ്ടുതന്നെ 2019 ല്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുന്നവര്‍ സുപ്രധാനമായ ചില വസ്തുതകള്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
പൊതു തെരഞ്ഞെടുപ്പ് മുതല്‍ ക്രൂഡ് ഓയില്‍ വരെ
2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പാണ് ഓഹരി വിപണി ഉറ്റുനോക്കുന്ന പ്രധാന സംഭവം. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യ ഭരിക്കുന്നത് ആരെന്ന് തീരുമാനിക്കുന്ന ഈ തെരഞ്ഞെടുപ്പ് വിപണിയുടെ ഗതിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തും. ഇതിന് പുറമേ ആഗോള തലത്തിലുളള ഘടകങ്ങളും ഉണ്ട്. വ്യാപാരയുദ്ധം, യുഎസ് തുടര്‍ന്നും പലിശ നിരക്ക് കൂട്ടാനുളള സാധ്യത, ക്രൂഡ് ഓയില്‍ വിലയിലെ വ്യതിയാനം തുടങ്ങിയവ വിപണിയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.
അതേസമയം, തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ആദ്യത്തെ രണ്ട് വര്‍ഷം വിപണി ശക്തമായ മുന്നേറ്റം നടത്തുന്നതാണ് മുന്‍കാലങ്ങളില്‍ കണ്ടിട്ടുളളതെന്ന വസ്തുത നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പുളള ചാഞ്ചാട്ട വേളകളില്‍ നിക്ഷേപം നടത്തുന്നവര്‍ അടുത്ത രണ്ട് വര്‍ഷങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കിയതായാണ് മുന്‍കാല പഠനങ്ങള്‍ തെളിയിക്കുന്നത്.
ഓഹരി വിപണിയുടെ മുന്നിലുളള മറ്റൊരു ആശങ്ക ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമോയെന്നതാണ്. ആഗോള ഓഹരി വിപണികളില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതിനുളള കാരണങ്ങള്‍ യുഎസും ചൈനയും തമ്മിലുളള വ്യാപാര യുദ്ധം, യുഎസിലെ പലിശ നിരക്ക് വര്‍ദ്ധന തുടങ്ങിയവയാണ്. അതേ സമയം ഇക്കാരണങ്ങള്‍ മൂലം ക്രൂഡ് ഓയില്‍ വില കുറയുന്നതും രൂപ ശക്തിയാര്‍ജിക്കുന്നതും ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണകരമാണ്. തെരഞ്ഞെടുപ്പിന് ശേഷം ഭരണതലത്തില്‍ രാഷ്ട്രീയ സ്ഥിരത കൈവരിക്കുക കൂടി ചെയ്യുകയാണെങ്കില്‍ വിപണിയില്‍ മുന്നേറ്റത്തിന് കളമൊരുങ്ങും.
എസ്ഐപി മികച്ച മാര്‍ഗം
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഓഹരികളുടെ തെരഞ്ഞെടുപ്പും വിവിധ മേഖലയിലുളള ഓഹരികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുളള പോര്‍ട്ട്ഫോളിയോ രൂപീകരണവും അതിന്‍റെ കാലാനുസൃതമായ പുന:പരിശോധനയും എളുപ്പമുളള കാര്യങ്ങളല്ല. അതിനായി വിശദമായ ഗവേഷണം നടത്തുന്നതിനുളള സമയമോ വൈദഗ്ധ്യമോ സാധാരണക്കാര്‍ക്ക് ഉണ്ടാകണമെന്നില്ല. അതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനുളള ഏറ്റവും അനുയോജ്യമായ മാര്‍ഗം മ്യൂച്വല്‍ ഫണ്ടുകളാണ്. അതു തന്നെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ (എസ്ഐപി) വഴി ചെയ്യുന്നതാണ് ഏറ്റവും മികച്ച മാര്‍ഗം.
ദീര്‍ഘകാല നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ മാര്‍ഗം മ്യൂച്വല്‍ ഫണ്ടുകളിലെ പ്രതിമാസ നിക്ഷേപ രീതിയാണ്. റെക്കറിങ് നിക്ഷേപങ്ങളില്‍ എല്ലാ മാസവും നിക്ഷേപം നടത്തുന്നതിന് സമാനമാണ് ഇത്. വിപണി ഉയരുമ്പോഴും ഇടിയുമ്പോഴും നിക്ഷേപം തുടരാനും, വില ഇടിയുമ്പോള്‍ കൂടുതല്‍ എണ്ണം മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വാങ്ങാനും, വില ഉയരുമ്പോള്‍ കുറഞ്ഞ എണ്ണം യൂണിറ്റുകള്‍ വാങ്ങാനും അതിലൂടെ വില ഒരു ശരാശരി നിലവാരത്തില്‍ തുടരാനും സാധിക്കുന്നുവെന്നതാണ് ഈ നിക്ഷേപ രീതിയുടെ മേന്മ.
ഓഹരി വിപണിയില്‍ ചില വര്‍ഷങ്ങള്‍ കയറ്റത്തിന്‍റേതാവും, ചില വര്‍ഷങ്ങള്‍ ഇടിവിന്‍റേതും. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ വിപണി മികച്ച നേട്ടം നിക്ഷേപകര്‍ക്ക് വാര്‍ഷിക ശരാശരിയുടെ അടിസ്ഥാനത്തില്‍ നല്‍കിയിട്ടുണ്ടെന്ന് കാണാം. കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ ഓഹരി വിപണി നല്‍കിയ ശരാശരി പ്രതിവര്‍ഷ നേട്ടം 15-16 ശതമാനമാണ്.
നിലവിലുളള ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയുടെ വളര്‍ച്ചാനിരക്കും തുടര്‍ന്നുളള വളര്‍ച്ചാ സാധ്യതയും പരിഗണിക്കുമ്പോള്‍ ഈ നേട്ടം ഭാവിയിലും പ്രതീക്ഷിക്കാം. പക്ഷേ, അത്തരം ഉയര്‍ന്ന നേട്ടം ലഭ്യമാകണമെങ്കില്‍ നിക്ഷേപകര്‍ക്ക് ക്ഷമ കൂടിയേ തീരു. മറ്റേതൊരു നിക്ഷേപത്തിലുമെന്ന പോലെ ഓഹരി നിക്ഷേപം ദീര്‍ഘകാലത്തേക്ക് തുടരാനുളള ക്ഷമ പ്രകടിപ്പിച്ചാല്‍ അതിനുളള ഗുണഫലം നമുക്ക് കൊയ്യാം.
വിപണിയില്‍ ചാഞ്ചാട്ടം നിലനില്‍ക്കുന്ന സമയമാണ് എസ്ഐപി തുടങ്ങാന്‍ ഏറ്റവും അനുയോജ്യം. അതുകൊണ്ട് തന്നെ 2019 ന്‍റെ തുടക്കം നിക്ഷേപം തുടങ്ങുന്നതിനുളള മികച്ച അവസരമായി പ്രയോജനപ്പെടുത്താം.