Electoral bond | ഇലക്ടറൽ ബോണ്ട് വരുമാനം; വന്‍ വര്‍ദ്ധനവില്‍ ബിജെപി

2016-17 സാമ്പത്തിക വര്‍ഷം മുതല്‍, അതായത് ഇലക്ടറൽ ബോണ്ട്  വില്‍പ്പന ആരംഭിച്ചത് മുതല്‍ ബിജെപിയുടെ വരുമാനത്തില്‍ അഭൂതപൂര്‍വ്വമായ വര്‍ദ്ധനകാണാം. 2016-17 ല്‍ മൊത്തം 1,034.27 കോടിയുണ്ടായിരുന്ന പാര്‍ട്ടി വരുമാനം 2019-20 ല്‍ എത്തുമ്പോള്‍ 3,623.28 കോടിയിലേക്ക് ഉയരുന്നു. എന്നാല്‍, ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും തന്നെ ഈ തുകയുടെ ഏഴയലത്ത് പോലും എത്താന്‍ കഴിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 

Electoral bond income BJP in huge increase


സ്വാതന്ത്രാനന്തരം കോണ്‍ഗ്രസിന് ശേഷം ദേശീയരാഷ്ട്രീയത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാക്കിയ പാര്‍ട്ടിയാണ് ബിജെപി. പക്ഷേ, അതിന് വേണ്ടി വന്നതാകട്ടെ 72 വര്‍ഷവും. ഇതിനിടെ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് കാര്യമായ ഇടര്‍ച്ചയും സംഭവിച്ചു. ഈ വളര്‍ച്ചയും ഇടര്‍ച്ചയും പാര്‍ട്ടികളുടെ വരുമാനത്തിലും വ്യക്തമാണ്. കോണ്‍ഗ്രസ് അടക്കമുള്ള ഇന്ത്യയിലെ മറ്റ് പാര്‍ട്ടികളുടെയെല്ലാം വരുമാനത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയാണ് ഉണ്ടായതെങ്കില്‍ ബിജെപിയുടെ വരുമാനത്തില്‍ പെട്ടെന്നൊരു കുതിച്ച് ചാട്ടം ദൃശ്യമാണ്. അധികാരത്തിലേറിയ 2014 മുതല്‍ ബിജെപിയുടെ വരുമാന വളര്‍ച്ചയില്‍ ഏറ്റിറക്കങ്ങള്‍ കാണാമെങ്കിലും 2016 -17 സാമ്പത്തിക വര്‍ഷം മുതല്‍ ബിജെപിയുടെ വരുമാനത്തിലെ വര്‍ദ്ധനയില്‍ ഗണ്യമായ ഉയര്‍ച്ചയുണ്ടാകുന്നതായി കാണാം. ബിജെപി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കുകളില്‍ 2019-20 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും പാര്‍ട്ടിയുടെ വരുമാന വളര്‍ച്ച തൊട്ട് മുമ്പത്തെ വര്‍ഷത്തെക്കാള്‍ 50 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് കാണിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിലെ മറ്റ് പാര്‍ട്ടികളുടെ വരുമാനത്തില്‍ വലിയ അന്തരമില്ലാതിരിക്കുമ്പോഴും ബിജെപിയുടെ വരുമാനത്തിലെ ഈ കുതിച്ച് ചാട്ടം എങ്ങനെയാണ് സംഭവിച്ചതെന്ന് പരിശോധിക്കാം.

ആദായ നികുതി വകുപ്പിന് സമർപ്പിച്ച രാഷ്ട്രീയ പാർട്ടികളുടെ 2004-05 മുതൽ 2014-15 വരെയുള്ള ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ( പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ നിന്ന്. ) 6 പാർട്ടികളുടെയും ആകെ വരുമാനത്തിൽ ഒന്നാം സ്ഥാനത്തുള്ള കോൺഗ്രസ്സിന് 42.92 ശതമാനവും (3,982.09 കോടി രൂപ) രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് 35.27 ശതമാന (3,272.63 കോടി രൂപ) വും മൂന്നാം സ്ഥാനത്തുള്ള സിപിഎമ്മിന് 9.62 ശതമാനവു ( 892.99 കോടി രൂപ) -മാണ് ലഭിച്ചിരുന്നത്. 20,000 രൂപയ്ക്ക് മുകളിൽ 6 ദേശീയ പാർട്ടികൾക്കും കൂടി സംഭാവനയിലൂടെ ലഭിച്ചത് 1405.19 കോടി രൂപയാണ്.  ഇതിൽ ഒന്നാമത് ബിജെപി ( 917.86 കോടി രൂപ ) യും, രണ്ടാമത് കോൺഗ്രസ് (400.32 കോടി രൂപ)മാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.  
 
Electoral bond income BJP in huge increase

പട്ടിക 1  ( EB - 1)

2004 - 05 മുതല്‍ 2014 - 2015 വരെയുള്ള സാമ്പത്തിക വര്‍ഷം പാര്‍ട്ടികള്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കുകള്‍ ശ്രദ്ധിച്ചാല്‍ ബിജെപിയും മറ്റ് പാര്‍ട്ടികളും തമ്മില്‍ വരുമാനത്തിലുണ്ടായിരുന്ന അന്തരം വ്യക്തമാകും. ഈ പട്ടികയില്‍ കൂടുതല്‍ വരുമാനം ലഭിച്ചിരുന്ന കോണ്‍ഗ്രസിനെ വരുമാനത്തിന്‍റെ കാര്യത്തില്‍ ബിജെപി 2013-14 സാമ്പത്തീക വര്‍ഷം മറികടക്കുന്നതും കാണാം.

Electoral bond income BJP in huge increase

പട്ടിക 2  ( EB - 2)

2015-16 നിന്ന് 2019-20 കാലത്തെക്കെത്തുമ്പോള്‍ ബിജെപിയുടെ ആകെ വരുമാനം 8,665.829 കോടി രൂപയും രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസ്സിന്‍റെത് 2,286.31 കോടി രൂപയും ആണ് ലഭിച്ചത്. അതായത്, ഈ 4 വർഷങ്ങളിൽ, ബിജെപിക്ക് കോൺഗ്രസ്സിനേക്കാൾ 6,379.519 കോടി രൂപ അധിക വരുമാനം ലഭിച്ചെന്ന് കണക്കുകള്‍ കാണിക്കുന്നു. ഇതിൽ പ്രധാന പങ്ക് വഹിക്കുന്നതാകട്ടെ ഇലക്ടോറൽ ബോണ്ട് വഴിയുള്ള സംഭാവനകളാണ്. 2020-21 ലെ പാര്‍ട്ടികളുടെ വരുമാന റിപ്പോർട്ട് ഇത് വരെ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടില്ല.

രണ്ടാമത്തെ പട്ടിക പ്രകാരം 2015 എപ്രില്‍ മുതൽ 2016  മാര്‍ച്ച് സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് ലഭിച്ച വരുമാനം 570.86 കോടി രൂപയാണ്. നോട്ട് നിരോധനം ഉള്‍പ്പെടുന്ന 2016  സാമ്പത്തിക വര്‍ഷം ( 2016 എപ്രില്‍ മുതൽ 2017  മാര്‍ച്ച് വരെ) ബിജെപിക്ക് ലഭിച്ച വരുമാനമാകട്ടെ 1,034.27 കോടി രൂപ. അതായത് വരുമാനത്തില്‍ ഇരട്ടി വര്‍ദ്ധനവ്. ഇതേ സാമ്പത്തിക വര്‍ഷം ബിഎസ്പിക്കും എന്‍സിപിക്കും മാത്രമാണ് തങ്ങളുടെ വരുമാനത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ അല്‍പമെങ്കിലും വര്‍ദ്ധനവ് ഉണ്ടാക്കാന്‍ കഴിഞ്ഞത്.

കൂടുതല്‍ വായനയ്ക്ക് :  Demonetisation | നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ നടപ്പായോ ? യാഥാര്‍ത്ഥ്യമെന്ത് ?  

എന്നാല്‍, പിന്നീടങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ ബിഎസ്പിയുടെയും എന്‍സിപിയുടെയും വരുമാനവും ഇടിഞ്ഞു. ബിജെപിയുടെ വരുമാനത്തിലും 2017-18 സാമ്പത്തീക വര്‍ഷം ചെറിയൊരു ഇടിവ് ദൃശ്യമാണ്. ഇക്കാലയളവില്‍ സിപിഎമ്മിന് ചെറിയൊരു വരുമാന വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

2018 -19 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിക്ക് 2,410.08 കോടി രൂപ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 918.03 കോടി രൂപയും ലഭിച്ചു. 2019-20 സാമ്പത്തീക വര്‍ഷമെത്തുമ്പോഴേക്കും കോണ്‍ഗ്രസിന്‍റെ വരുമാനത്തില്‍ കാര്യമായ ഇടിവ് ഉണ്ടായപ്പോള്‍ ബിജെപിയുടെ വരുമാനം 3,623.28 കോടിയിലേക്ക് ഉയര്‍ന്നു.

2016 ലെ നോട്ട് നിരോധനത്തിന് പിന്നാലെയാണ് ബിജെപി ഇലക്ടറൽ ബോണ്ട് സംവിധാനം നടപ്പിലാക്കുന്നതെന്നത്. ഇതിന് ശേഷം ഇലക്ടറൽ ബോണ്ട് വില്‍പ്പനയുടെ ഭൂരിഭാഗം ബോണ്ട് വിൽപ്പനയില്‍ നിന്നുള്ള വരുമാനം ദേശീയ പാര്‍ട്ടിയായ ബിജെപിയിലേക്ക് കേന്ദ്രീകരിച്ചെന്നും കാണാം.

2017 -18 കാലത്ത് ബിജെപിക്ക് ലഭിച്ച മൊത്തം വരുമാനം 1,027.339 കോടി രൂപയാണ്. ഇതില്‍ 210 കോടിയും ഇലക്ടറൽ ബോണ്ട് വഴിയാണ് ലഭിച്ചത്. ഇതേ വര്‍ഷം കോണ്‍ഗ്രസിന് ഇഇലക്ടറൽ ബോണ്ട് വഴി ലഭിച്ചത് വെറും 5 കോടി രൂപ. മറ്റ് പാര്‍ട്ടികള്‍ക്കൊന്നും ഈ സാമ്പത്തിക വര്‍ഷം ഇലക്ടറൽ ബോണ്ട് വഴി വരുമാനമൊന്നും ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. 2018-19 വര്‍ഷത്തിലാകട്ടെ ഇലക്ടറൽ ബോണ്ട് വഴി മാത്രം ബിജെപിക്ക് ലഭിച്ചത് 1,450.89 കോടി രൂപ. കോണ്‍ഗ്രസിനാകട്ടെ 383.26 കോടിയും തൃണമൂല്‍ കോണ്‍ഗ്രസിന് 97.28 കോടിയും ലഭിച്ചു. 2019-20 സാമ്പത്തിക വര്‍ഷം ബിജെപിക്ക് ഇലക്ടറൽ ബോണ്ട് വഴി ലഭിച്ചത് 2555.001 കോടിയും കോണ്‍ഗ്രസിന് 317.861 കോടിയും ലഭിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 100.4646 കോടി രൂപയും ലഭിച്ചപ്പോള്‍ എന്‍സിപിക്ക് 20.50 കോടി രൂപയും ഇഇലക്ടറൽ ബോണ്ട് വഴി ലഭിച്ചു. മറ്റ് പാര്‍ട്ടികള്‍ക്ക് ഇലക്ടറൽ ബോണ്ട് വഴി ലഭിച്ചതും ബിജെപിക്ക് ലഭിച്ചതുമായ തുകയിലെ ഭീമമായ അന്തരം വ്യക്തമാണ്.

കൂടുതല്‍ വായനയ്ക്ക് :

2017 ജനുവരി 7 ന് നടന്ന ബിജെപി ദേശീയ എക്സിക്യുട്ടീവ് മീറ്റിൽ നരേന്ദ്ര മോദി രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾ സുതാര്യമാക്കണമെന്നും ഇതിനുള്ള തെരഞ്ഞെടുപ്പ് പരിഷ്ക്കരണങ്ങൾക്കും ബിജെപി തയ്യാറാണെന്നും അറിയിക്കുന്നു. ഇതിന് പിന്നാലെ മോദി സർക്കാർ പാര്‍ട്ടി സംഭവനയുമായി ബന്ധപ്പെട്ട് പല പരിഷ്ക്കാരങ്ങളും കൊണ്ടുവന്നു.

1.)
രാഷ്ട്രീയ പാർട്ടികൾക്ക് വിദേശ കമ്പനികളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കാം. ( തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനെ ശക്തമായി എതിർത്തു. കാരണം, വിദേശ കമ്പനികളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയാല്‍ അത് വഴി വിദേശ രാജ്യങ്ങൾക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിയും എന്നതായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്ന് ഉന്നയിച്ച പ്രധാന ആരോപണം. )

2.)
2017 Finance Act പ്രകാരം രാഷ്ട്രീയ പാർട്ടികൾക്ക് കമ്പനികൾ നൽകുന്ന ഫണ്ടിങ്ങിന് പരിധി നിശ്ചയിക്കാന്‍ പറ്റില്ല. കൂടാതെ ഇത്തരം ഫണ്ടിങ്ങുകള്‍ക്ക് കമ്പനി ഡയറക്ടർ ബോർഡിന്‍റെ അനുമതി അവശ്യമില്ലെന്നും കൂട്ടിചേര്‍ക്കപ്പെട്ടു.

3.)
വ്യക്തിക്കോ, സംഘങ്ങൾക്കോ, കമ്പനികൾക്കോ ഇലക്ടറൽ ബോണ്ടുകൾ വഴി എത്ര പണം വേണമെങ്കിലും രഹസ്യമായി ( പേര് വെളിപ്പെടുത്താതെ ) പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാമെന്നും നിയമം വന്നു. ഇത്തരം കണക്കുകളൊന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധിപ്പിക്കേണ്ടതില്ല. Reserve Bank of India Act, Companies Act, Income Tax Act, Representation of Peoples Act and Foreign Contributions Regulations Act എന്നിങ്ങനെ നിരവധി നിയമങ്ങൾക്ക് ഭേദഗതി വരുത്തിയാണ് ഇലക്ടറൽ ബോണ്ട് സംവിധാനം കേന്ദ്ര സർക്കാർ കൊണ്ടുവന്നതെന്നും കൂടി കൂട്ടിവായിക്കേണ്ടതാണ്. 

അതോടൊപ്പം പേര് വെളിപ്പെടുത്താതെ നോട്ട് (Currency) മുഖാന്തിരമുള്ള സംഭാവനകൾ 20,000 രൂപയിൽ നിന്ന് 2,000 രൂപയായി കുറച്ചു. എന്നാല്‍ അതോടൊപ്പം മറ്റൊരു പഴുത് കേന്ദ്രസര്‍ക്കാര്‍ നിലനിര്‍ത്തി. അതായത്, 2,000 രൂപയ്ക്ക് താഴെ എത്ര പ്രാവശ്യം വേണമെങ്കിലും ഒരേ വ്യക്തിക്ക് തന്നെ സംഭാവന നൽകാമെന്ന പഴുതായിരുന്നു അത്. നോട്ട് നിരോധനത്തിന് മുമ്പ് 2012 മുതല്‍ 2016 വരെയുള്ള കാലത്ത് രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച ആകെ സംഭാവനകളുടെ 89 ശതമാനവും കോർപ്പറേറ്റ് മേഖലയിൽ നിന്നായിരുന്നു.  

കൂടുതല്‍ വായനയ്ക്ക് :  Demonetisation | രാജ്യത്ത് കറൻസി 57% കൂടിയതായി കണക്ക്, ആർക്ക് വേണ്ടിയാണ് നമ്മൾ വലഞ്ഞത്?

എന്താണ് ഇലക്ടറൽ ബോണ്ട് (Electoral bond) ?

എസ്ബിഐയുടെ നിശ്ചിത ശാഖകളിൽ നിന്ന് ആയിരം, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നീ തുകകളുടെ എത്ര ബോണ്ട് വേണമെങ്കിലും വ്യക്തികൾക്കോ, സംഘങ്ങൾക്കോ, കമ്പനികൾക്കോ വാങ്ങിക്കാം, നിങ്ങളുടെ KYC വിവരങ്ങൾ ബാങ്കിന് കൈമാറിയാൽ മാത്രം മതി. മൊബൈൽ റീചാർജ്ജ് കൂപ്പണുകൾ പോലെ ഇതിലെ രഹസ്യ കോഡ് വഴി ഏത് രാഷ്ട്രീയ പാർട്ടിക്കാണോ നിങ്ങള്‍ക്ക് ഈ തുക കൈമാറേണ്ടത്, ആ തുക പാർട്ടിയുടെ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ആകുന്നു.

സംഭാവന സ്വീകരിക്കുന്നവർക്കല്ലാതെ ആരാണ് ഫണ്ട് തരുന്നത് എന്ന് മറ്റൊരാള്‍ക്കും അറിയാൻ കഴിയില്ലെന്നാണ് ഇലക്ടറൽ ബോണ്ടുകളുടെ രഹസ്യം. എന്നാല്‍ ഇതൊരു ബാങ്കിങ്ങ് ഏര്‍പ്പാടാണെന്നത് കൊണ്ട് തന്നെ ബാങ്കിന് ഈ പണമിടപാട് വിരങ്ങള്‍ കൃത്യമായി അറിയാന്‍ കഴിയും. ബാങ്ക് മുഖേനയോ മറ്റ് അന്വേഷണ ഏജൻസികൾ വഴിയോ സർക്കാരിനും ഇത്തരം അക്കൗണ്ട് വിവരങ്ങള്‍ അറിയാൻ കഴിയും. റിസർവ് ബാങ്കിന്‍റെ അധികാരത്തെ മറികടന്ന് ഇലക്ടറൽ ബോണ്ട് ഇഷ്യൂ ചെയ്യാൻ എസ്ബിഐക്ക് കേന്ദ്രസര്‍ക്കാര്‍ അധികാരം നൽകുന്നതിനെ റിസർവ് ബാങ്ക് ശക്തമായി എതിര്‍ത്തെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇത്തരം എതിര്‍പ്പുകളെ അവഗണിച്ചു.

ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന Association for Democratic Reforms(ADR) ഇലക്ടറൽ ബോണ്ട്സ് താൽക്കാലികമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. 2018 ഫെബ്രുവരിയില്‍ സിപിഎം സുപ്രീം കോടതിയില്‍ ഇലക്ടറൽ ബോണ്ടുകള്‍ക്കെതിരെ പരാതി സമര്‍പ്പിക്കുന്നു. 2019 നവംബര്‍ 18 ന് കോണ്‍ഗ്രസ് പ്രസ് കോണ്‍ഫറന്‍സ് വിളിച്ച് ഇലക്ടറൽ ബോണ്ടുകള്‍ക്കെതിരെ രംഗത്ത് വന്നു. എന്നാല്‍ ഇന്ത്യയിലെ എല്ലാം പര്‍ട്ടികളും വരുമാനത്തിനുള്ള പ്രധാന ശ്രോതസ് എന്ന നിലയില്‍ ഇലക്ടറൽ ബോണ്ടുകളെ തന്നെയാണ് ഇപ്പോഴും പിന്‍പറ്റുന്നത്.  

ഇലക്ടറൽ ബോണ്ട് വിൽപ്പന ഇതുവരെ

2018 മാർച്ച് മുതൽ 2021 ഒക്ടോബർ വരെ, 18 ഘട്ടങ്ങളിലായി രാജ്യത്ത് ഇലക്ടറൽ ബോണ്ട് വിൽപ്പന നടന്നു. 7994.9775 കോടി രൂപ ആകെ മൂല്യം വരുന്ന 15,420 ബോണ്ടുകളാണ് ഇക്കാലയളവില്‍ വിറ്റഴിക്കപ്പെട്ടത്. ബോണ്ട് വിൽപ്പന കഴിഞ്ഞ് 15 ദിവസത്തിനകം, പാർട്ടികൾ അക്കൗണ്ടിലേക്ക് മാറ്റാതെ നില്‍ക്കുന്ന തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകമാറ്റപ്പെടും എന്നൊരു പ്രധാനപ്പെട്ട നിയമം കൂടി ഇതോടൊപ്പം ഉണ്ടായിരുന്നു.

2021 ജൂലൈ വരയുള്ള ബോണ്ട് വില്പനയുടെ ആകെ തുകയുടെ  60.26 % ശതമാനവും വിൽപ്പന നടന്നത്, 2019 മാർച്ച്, ഏപ്രിൽ , മെയ് മാസങ്ങളിലാണ് (അതായത്, 2019 ലോകസഭാതെരഞ്ഞെടുപ്പ് കാലയളവില്‍.). 6,812 കോടി രൂപ ആകെ മൂല്യം വരുന്ന ബോണ്ടുകളിൽ 92.30 ശതമാനവും ഒരു കോടിയുടെ ബോണ്ടുകളാണ്. അതിനാൽ ഇത് വ്യക്തികളല്ല, കോർപ്പറേറ്റുകളാണ് വാങ്ങിയതെന്ന വാദം ബലപ്പെടുന്നു. ഇതില്‍ തന്നെ ഇതുവരെ വിറ്റഴിക്കപ്പെട്ട 20.2835 കോടി രൂപയുടെ 146 ബോണ്ടുകൾ  (0.275%) പിഎംആർഎഫിലേക്ക് നിക്ഷേപിക്കപ്പെട്ടു. അങ്ങനെ, പതിനേഴ് ഘട്ടങ്ങളിലായി വാങ്ങിയ ബോണ്ടുകളുടെ 99.725%  രാഷ്ട്രീയ പാർട്ടികൾ പണമാക്കി മാറ്റി.

( ഈ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഡാറ്റ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് ഓരോ രാഷ്ട്രീയ പാര്‍ട്ടികളും സമര്‍പ്പിച്ച വരുമാനക്കണക്കുകളില്‍ നിന്നാണ്.) 
 

Latest Videos
Follow Us:
Download App:
  • android
  • ios