വാങ്ങാനാളില്ല, കീശ കീറി അടിവസ്‍ത്ര കമ്പനികള്‍ !

'രാജ്യത്തെ തൊഴില്‍ ഇല്ലായ്മ നിരക്ക് വളരെ ഉയര്‍ന്നതാണ്. ഗ്രാമീണ മേഖല വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ബാങ്കുകളിലെ നിഷ്കൃയ ആസ്തി കൂടുകയാണ്.'

Indian inner wear market face serious crisis

രാജ്യത്തെ സമ്പദ്‍വ്യവസ്ഥയെ ഒന്നാകെ ബാധിച്ചിരിക്കുന്ന പ്രതിസന്ധി അടിവസ്ത്ര വിപണിയെയും പ്രശ്നത്തിലാക്കിയിരിക്കുന്നു. രാജ്യത്തെ പ്രമുഖ അടിവസ്ത്ര നിര്‍മാതാക്കളുടെയെല്ലാം വില്‍പ്പനയില്‍ വന്‍ ഇടിവുണ്ടായി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് അടിവസ്ത്ര വിപണി ഏറ്റവാങ്ങിയത്. 

പ്രമുഖ അടിവസ്ത്ര നിര്‍മാണ ബ്രാന്‍ഡായ ജോക്കിയുടെ അവസാന പാദത്തിലെ വില്‍പ്പന വളര്‍ച്ച നിരക്ക് രണ്ട് ശതമാനം മാത്രമാണ്. 2008 ലെ വിപുലീകരണത്തിന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ വളര്‍ച്ച നിരക്ക് ജോക്കിയുടെ നിര്‍മാതാക്കളായ പേജ് ഇന്‍ഡസ്ട്രീസിന് നേരിടേണ്ടി വരുന്നത്. മറ്റ് പ്രമുഖ അടിവസ്ത്ര നിര്‍മാതാക്കള്‍ക്ക് വന്‍ തിരിച്ചടിയാണ് വിപണിയില്‍ നിന്നുണ്ടായത്. 

ഡോളര്‍ ഇന്‍ഡസ്ട്രീസിന് വില്‍പ്പനയില്‍ നാല് ശതമാനത്തിന്‍റെ ഇടിവ് നേരിട്ടു. വിഐപി ക്ലോത്തിംഗിനുണ്ടായത് 20 ശതമാനത്തിന്‍റെ തളര്‍ച്ചയാണ്. ലക്സ് ഇന്‍ഡസ്ട്രീസിന്‍റെ വില്‍പ്പന ഫ്ലാറ്റാണ്. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയ്ക്ക് നേരിട്ട തളര്‍ച്ചയാണ് ഇത്തരത്തിലൊരു ഇടിവിന് പ്രധാന കാരണമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. 

വിപണിയുടെ ഇപ്പോഴത്തെ അവസ്ഥ യോജിച്ചതല്ലെന്നാണ് ജോക്കി ബ്രാന്‍ഡിന്‍റെ മാതൃ കമ്പനിയായ പേജ് ഇന്‍ഡസ്ട്രീസ് സിഇഒ വേദ്ജി ടിക്കു പ്രമുഖ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. കമ്പനിയുടെ ഇപ്പോഴത്തെ വില്‍പ്പന വളര്‍ച്ച നിരക്ക് രണ്ട് ശതമാനം മാത്രമാണ്. ഇത് ആദ്യമായാണ് ഞങ്ങള്‍ക്ക് ഇങ്ങനെയൊരു ഇടിവുണ്ടാകുന്നത് അദ്ദേഹം പറഞ്ഞു. 

"രാജ്യത്തെ തൊഴില്‍ ഇല്ലായ്മ നിരക്ക് വളരെ ഉയര്‍ന്നതാണ്. ഗ്രാമീണ മേഖല വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ബാങ്കുകളിലെ നിഷ്കൃയ ആസ്തി കൂടുകയാണ്. ബാങ്കുകളോട് ചേര്‍ന്ന് നില്‍ക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കും വലിയ പ്രതിസന്ധി ഇതുമൂലം ഉണ്ടാകുന്നുണ്ട്". പ്രമുഖ അടിവസ്ത്ര നിര്‍മാതാക്കളായ ഡോളര്‍ ഇന്‍ഡസ്ട്രീസിന്‍റെ മാനേജിംഗ് ഡയറക്ടര്‍ വിനോദ് കുമാര്‍ ഗുപ്ത അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പേജ് ഇന്‍ഡസ്ട്രീസിനും ലക്സ് ഇന്‍ഡസ്ട്രീസിനും ഉണ്ടായ ഇടിവ് 46 ശതമാനമാണ്. ഡോളറിന് ഉണ്ടായ വില്‍പ്പന ഇടിവ് 33 ശതമാനവും. വിഐപിക്ക് വന്‍ തകര്‍ച്ചയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഉണ്ടായത്. 76 ശതമാനമാണ് അവര്‍ക്കുണ്ടായ ഇടിവ്. 27,931 കോടിയുടേതാണ് ഇന്ത്യയിലെ മൊത്തം അടിവസ്ത്ര വിപണി. ഇത് ആകെ ഇന്ത്യന്‍ അപ്പാരല്‍ മാര്‍ക്കറ്റിന്‍റെ 10 ശതമാനം വരും. അടുത്ത പത്ത് വര്‍ഷങ്ങളില്‍ 10 ശതമാനം നിരക്കില്‍ അടിവസ്ത്ര നിര്‍മാണ വ്യവസായ വളരുമെന്നാണ് കണക്കാക്കിയിരുന്നത്. അടുത്ത പത്ത് വര്‍ഷത്തിനകം ഇത് 74,258 കോടിയുടെ വ്യവസായമായി മാറുമെന്നാണ് കണക്കുകൂട്ടിയിരുന്നത്. ഈ വന്‍ ഇടിവ് മേഖലയുടെ പ്രതീക്ഷിത മുന്നേറ്റത്തിന് പ്രതിസന്ധി സൃഷ്ടിച്ചേക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios