വരുന്നത് ബജറ്റ് വീടുകളുടെ കാലം, ഭവന വായ്പയുടെ രീതി മാറും: ബാങ്ക് പലിശ നിര്‍ണയിക്കുക ഈ രീതിയില്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ഭവന നിര്‍മാണ അഡ്വാന്‍സിനും ഭവന വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. 

housing sector got more consideration from central government

ദില്ലി: രാജ്യത്തെ നിര്‍മാണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുളള പ്രഖ്യാപനങ്ങളാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമനില്‍ നിന്നുണ്ടായത്. ബജറ്റ് വീടുകളെ പ്രോത്സാഹിപ്പിക്കുന്ന നയത്തിനാണ് സര്‍ക്കാര്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു പദ്ധതികള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ഭവന നിര്‍മാണ അഡ്വാന്‍സിനും ഭവന വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കി. 

45 ലക്ഷം രൂപ വരെ വില വരുന്ന അപ്പാര്‍ട്ട്മെന്‍റുകളുടെയും വീടുകളുടെയും പദ്ധതി മുടങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ 20,000 കോടി രൂപയുടെ പ്രത്യേക ഫണ്ട് രൂപീകരിച്ചു. ഇതില്‍ 10,000 കോടി കേന്ദ്ര സര്‍ക്കാര്‍ വിഹിതമായും ബാക്കി എല്‍ഐസി, ബാങ്കുകള്‍ തുടങ്ങിയവയുമാകും നല്‍കുക. ഭവന നിര്‍മാണ പദ്ധതി കിട്ടാക്കടത്തിന്‍റെ ഗണത്തില്‍ പെടുകയോ കമ്പനി ലോ ട്രൈബ്യൂണലിന്‍റെ പരിഗണനയിലുളളതോ ആയ പദ്ധതികള്‍ക്ക് ഈ ഫണ്ടില്‍ നിന്ന് പണം ലഭിക്കില്ല. 

റിസര്‍വ് ബാങ്കിന്‍റെ റിപ്പോ നിരക്കുമായി ഭവന വായ്പകളെ ബന്ധിപ്പിക്കുമെന്ന് നേരത്തെ നടത്തിയ പ്രഖ്യാപനം മന്ത്രി ആവര്‍ത്തിച്ചു. എല്ലാ ബാങ്കുകളുടെയും ഭവന വായ്പ നിരക്കുകള്‍ ഈ രീതിയിലേക്ക് മാറ്റും. രാജ്യത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെയും ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷനുകള്‍ക്കുമുളള ധനസഹായവും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി 1.95 കോടി വീടുകള്‍ രാജ്യത്ത് നിര്‍മിക്കുമെന്നും അവര്‍ അറിയിച്ചു. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇവ പലതും. 

രാജ്യത്തെ ഹൗസിംഗ് ഫിനാന്‍സ് രംഗത്തെ ശക്തിപ്പെടുത്തി നിര്‍മാണമേഖലയുടെ തളര്‍ച്ച പരിഹരിക്കുകയെന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുളള നയമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്നത്. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച് ഭവന വായ്പയുടെ പലിശ നിരക്കുകള്‍ കുറയ്ക്കുന്നതിലൂടെ  രാജ്യത്തെ വായ്പ ലഭ്യത ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 

Latest Videos
Follow Us:
Download App:
  • android
  • ios