പ്രളയസെസ്: ഉല്‍പ്പന്നങ്ങളുടെ വിലകൂട്ടുമെന്ന് വ്യക്തമാക്കി വ്യാപാരികളുടെ സംഘടന, വിലക്കയറ്റം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി

ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ വന്നാൽ വ്യാപാരികൾ എതിർക്കുമെന്നും നസിറുദ്ദീൻ വ്യക്തമാക്കി. 

flood cess price hike

തിരുവനന്തപുരം: ഇന്ന് മുതല്‍ സംസ്ഥാനത്ത് പ്രളയസെസ് നിലവില്‍ വരുന്ന പശ്ചാത്തലത്തില്‍ ഉല്‍പ്പന്നങ്ങളുടെ വില കൂട്ടുമെന്ന് വ്യക്തമാക്കി വ്യാപാരികള്‍. പ്രളയ സെസ് നടപ്പായതോടെ എംആർപിയിൽ മാറ്റം വരുത്തും, സെസ് കൂടി ഉൾപ്പടുത്തിയുള്ള സ്റ്റിക്കർ പതിച്ച് ഉൽപ്പന്നങ്ങൾ സംസ്ഥാനത്ത് വിൽക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസിറുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാകുമെന്ന് ഉറപ്പായി. 

ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതില്‍ ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ വന്നാൽ വ്യാപാരികൾ എതിർക്കുമെന്നും നസിറുദ്ദീൻ വ്യക്തമാക്കി. പ്രളയസെസിന്‍റെ മറവിൽ വിലക്കയറ്റം ഉണ്ടാക്കാൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നേരത്തെ വ്യക്തമാക്കിയിരുന്നു. 

12 ശതമാനം ,18 ശതമാനം, 28 ശതമാനം എന്നീ ജിഎസ്ടി നിരക്കുകള്‍ ബാധകമായ 928 ഉത്പന്നങ്ങള്‍ക്ക് ഒരു ശതമാനമാണ് സെസ്  ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി തുടങ്ങിയവക്ക് സെസ് ബാധകമല്ല. ജിഎസ്ടിക്ക് പുറത്തുള്ള പെട്രോള്‍, ഡീസല്‍, മദ്യം, ഭൂമി വില്‍പ്പന എന്നിവയ്ക്കും സെസ് ഏർപ്പെടുത്തിയിട്ടില്ല. കാര്‍, ഇരുചക്ര വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍, സിമന്‍റ, പെയിന്റ് എന്നിവയ്ക്കെല്ലാം ഒരു ശതമാനം വില കൂടും. ഗ്രാമീണ റോഡുകളുടെ നിർമാണവും നവീകരണവുമാണ് സെസിൽ നിന്ന് ലഭിക്കുന്ന തുക കൊണ്ട് ലക്ഷ്യമിടുന്നത്.

 

Latest Videos
Follow Us:
Download App:
  • android
  • ios