ഇന്ത്യയുടെ പ്രിയപ്പെട്ട 'അഞ്ച് രൂപ ബിസിക്കറ്റിന്' ഇതെന്തുപറ്റി?, പാര്‍ലെ -ജി ബിസ്ക്കറ്റ് കുരുക്കിലായപ്പോള്‍
'വെറും അഞ്ച് രൂപ വില വരുന്ന ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് ഇന്ത്യയിലെ ഉപയോക്താക്കൾ ഇന്ന് രണ്ടുതവണ ആലോചിക്കുന്നു' പാർലെയുടെ പ്രധാന എതിരാളിയായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ വരുൺ ബെറി മേഖലയിലെ പ്രതിസന്ധിയെപ്പറ്റി പറഞ്ഞതിങ്ങനെയാണ്.
'ബിസ്ക്കറ്റ് വില്‍പ്പനയില്‍ വന്‍ ഇടിവുണ്ടായതിലൂടെ പാര്‍ലെ കമ്പനിക്ക് ഉല്‍പാദനം കുറയ്ക്കേണ്ടി വന്നിരിക്കുന്നു. ഇതോടെ 8,000 മുതല്‍ 10,000 പേരെയെങ്കിലും പറഞ്ഞുവിടേണ്ടി വരും' പാര്‍ലെ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡിലെ ബിസിക്കറ്റ് വിഭാഗത്തിന്‍റെ ചുമതലയുളള മായങ്ക് ഷായുടെ ഈ വാക്കുകള്‍ വലിയ ഞെട്ടലോടെയാണ് കഴിഞ്ഞ ദിവസം ഇന്ത്യക്കാര്‍ കേട്ടത്. ഇന്ത്യന്‍ ഗ്രാമങ്ങളുടെ പ്രിയപ്പെട്ട ബിസ്ക്കറ്റ് ബ്രാന്‍ഡായ പാര്‍ലെ ജിയുടെ വില്‍പ്പനയില്‍ ഇടിവുണ്ടായത് വലിയ ആശങ്കകളോടെ ഉപഭോക്തൃ ഉൽപ്പന്ന വ്യവസായ മേഖല കാണുന്നത്.
ഇന്ത്യന്‍ ഗ്രാമീണ മേഖലയില്‍ നിന്ന് പാര്‍ലെയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ വലിയ തോതില്‍ കുറഞ്ഞതായും കമ്പനിക്ക് സാമ്പത്തികമായി പ്രതിസന്ധിയുണ്ടായെന്നും ഷാ പറയുന്നു. അടുത്ത കാലത്തായി ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‍വ്യവസ്ഥയിലെ മിക്ക മേഖലയില്‍ നിന്നും തളര്‍ച്ചയുടെ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കാറ് മുതല്‍ വസ്ത്ര നിര്‍മാണ മേഖലയില്‍ വരെ ഇടിവ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഈ മേഖലകളിലെ കമ്പനികളെല്ലാം ഉല്‍പാദനത്തില്‍ കുറവ് വരുത്തിയതായാണ് സൂചന.
ഇപ്പോള്‍ പാര്‍ലെ കമ്പനി ഇടിവുണ്ടായതായും ജീവനക്കാരുടെ എണ്ണം കുറയ്ക്കേണ്ടി വരുമെന്നും പ്രഖ്യാപിച്ചതോടെ പ്രതിസന്ധി മറ്റൊരു വ്യവസായത്തിലേക്ക് കൂടി വ്യാപിക്കുന്നതിന്‍റെ സൂചനകളാണ് പുറത്തുവരുന്നത്. 'സാഹചര്യം വളരെ മോശമാണ്, സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പ്രശ്നത്തില്‍ ഇടപെട്ടില്ലെങ്കില്‍... ഞങ്ങള്‍ക്ക് ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നേക്കും' പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ ഷാ പറഞ്ഞു.
ജിഎസ്ടി തകര്‍ത്ത പാര്‍ലെ -ജി
1929 ല്‍ പ്രവര്‍ത്തനം ആരംഭിച്ച പാര്‍ലെ കമ്പനിക്ക് ഉല്‍പാദനത്തിന് 10 സ്വന്തമായ ഫാക്ടറി അനുബന്ധ സംവിധാനങ്ങളുണ്ട്. 125 കോണ്‍ട്രാക്ട് ഉല്‍പാദന ശാലകളിലും പാര്‍ലെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നു. ഏതാണ്ട് ഒരു ലക്ഷം ജീവനക്കാരാണ് പാര്‍ലെ പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡില്‍ ജോലി ചെയ്യുന്നത്. താല്‍ക്കാലിക്കാരും സ്ഥിരം ജീവനക്കാരും ചേര്‍ത്തുളള കണക്കാണിത്.
ചരക്ക് സേവന നികുതിയാണ് പാര്‍ലെയുടെ ജനപ്രിയ ബിസിക്കറ്റ് ബ്രാന്‍ഡായ പാര്‍ലെ -ജിയെ മാര്‍ക്കറ്റ് ഇടിച്ചതെന്നാണ് ഷാ ആരോപിക്കുന്നത്. 2017 ല്‍ ജിഎസ്ടി നടപ്പാക്കിയതോടെ അഞ്ച് രൂപ വിലയുളള ബിസിക്കറ്റുകള്‍ക്ക് പോലും ഉയര്‍ന്ന ജിഎസ്ടി സ്ലാബാണ് സര്‍ക്കാര്‍ നല്‍കിയത്. ഇതോടെ പാര്‍ലെ -ജി അടക്കമുളള ജനപ്രിയ ബ്രാന്‍ഡുകളുടെ വില്‍പ്പന ഇടിഞ്ഞു.
'ഉയര്‍ന്ന നികുതി കാരണം പായ്ക്കറ്റുകളിലെ ബിസ്ക്കറ്റുകളുടെ എണ്ണം പാര്‍ലെയ്ക്ക് കുറയ്ക്കേണ്ടി വന്നു. ഇത് വരുമാനം കുറഞ്ഞ ഗ്രാമീണ ഇന്ത്യക്കാരില്‍ നിന്ന് കമ്പനിക്ക് ലഭിച്ചുകൊണ്ടിരുന്ന ആവശ്യകതയില്‍ വലിയ ഇടിവ് സൃഷ്ടിച്ചിച്ചു. പാര്‍ലെയുടെ ആകെ വരുമാനത്തിന്‍റെ പകുതിയയും എത്തിയിരുന്നത് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നായിരുന്നു. ജിഎസ്ടി ഞങ്ങള്‍ക്ക് ഏല്‍പ്പിച്ച ആഘാതം അത്രത്തോളം വലുതാണ്.
ഇവിടുത്തെ ഉപയോക്താക്കൾ അങ്ങേയറ്റം വില സെൻസിറ്റീവ് ആണ്. ഒരു പ്രത്യേക വിലയ്ക്ക് എത്ര ബിസ്കറ്റ് ലഭിക്കുന്നുവെന്നതിനെക്കുറിച്ച് അവർക്ക് അതിയായ ബോധമുണ്ട്' ഷാ തുടര്‍ന്നു.
1.4 ബില്യൺ ഡോളറിനു മുകളില്‍ വാർഷിക വരുമാനമുള്ള പാർലെ, കഴിഞ്ഞ വർഷം സർക്കാരിന്റെ ജിഎസ്ടി കൗൺസിലുമായും മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായും നികുതി നിരക്ക് അവലോകനം ചെയ്യാൻ ആവശ്യപ്പെട്ട് ചർച്ച നടത്തി, എന്നാല്‍ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല. പാര്‍ലെ ഗ്ലൂക്കോ എന്ന പേരില്‍ മുംബൈ ആസ്ഥാനമായ കമ്പനി പുറത്തിറക്കിയ ബിസ്ക്കറ്റ് തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ഭവനങ്ങള്‍ക്ക് പ്രിയപ്പെട്ട സ്നാക്സായി മാറി. പിന്നീട്, പാര്‍ലെ -ജി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട ബിസ്ക്കറ്റിന്‍റെ വില്‍പ്പനയില്‍ 1980 കളിലും 1990 കളിലും വന്‍ വര്‍ധനയുണ്ടായി. 2003 ആയപ്പോഴേക്കും ലോകത്തെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ബിസ്ക്കറ്റ് ബ്രാന്‍ഡായി പാര്‍ലെ -ജി മാറി.
അഞ്ച് രൂപയുടെ ബിസ്ക്കറ്റ് വാങ്ങാന്‍ ശേഷിയില്ലാത്തവര്‍
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിലെ മാന്ദ്യം ഇതിനകം തന്നെ നിർണായക ഓട്ടോമൊബൈല്‍ വ്യവസായത്തിൽ ആയിരക്കണക്കിന് തൊഴിൽ നഷ്ടങ്ങൾക്ക് കാരണമായിട്ടുണ്ട്, ഇത് ഡിമാൻഡ് കുറയുന്നുവെന്ന് ഷാ പറഞ്ഞു. ഗ്രാമീണ ഹൃദയഭൂമിയിലെ ചെലവ് തണുക്കുകയും ചെറുകിട നിർമ്മാതാക്കൾക്ക് മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥയിൽ മത്സര നേട്ടങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നതിനാൽ ഇന്ത്യയിലെ ഉപഭോക്തൃ ഉൽപ്പന്ന വ്യവസായത്തിന്‍റെ നിലനില്‍പ്പ് നഷ്ടപ്പെടുന്നതായി മാർക്കറ്റ് റിസർച്ച് സ്ഥാപനമായ നീൽസൺ പറഞ്ഞു. ഡിമാൻഡ് മന്ദഗതിയിലാക്കിയത് കാരണം വില്‍പ്പന ഇടിഞ്ഞ ഒരേയൊരു ഭക്ഷ്യ ഉൽപന്ന കമ്പനിയല്ല പാർലെ എന്നത് ഭീതിപ്പെടുത്തുന്ന വസ്തുതയാണ്.
'വെറും അഞ്ച് രൂപ വില വരുന്ന ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനെക്കുറിച്ച് ഇന്ത്യയിലെ ഉപയോക്താക്കൾ ഇന്ന് രണ്ടുതവണ ആലോചിക്കുന്നു' പാർലെയുടെ പ്രധാന എതിരാളിയായ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ വരുൺ ബെറി മേഖലയിലെ പ്രതിസന്ധിയെപ്പറ്റി പറഞ്ഞതിങ്ങനെയാണ്. 'സമ്പദ്‌വ്യവസ്ഥയിൽ ഗുരുതരമായ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്' ബെറി വിശകലനകരുമായി നടത്തിയ കോൺഫറൻസ് കോളിൽ പറഞ്ഞു.