അംബാനിയുടെ 45 മിനുട്ട് സംസാരം- ഐഡിയയ്‌ക്കും എയര്‍ടെലിനും നഷ്‌ടം 11,983 കോടി രൂപ
ദില്ലി: റിലയന്‍സ് ജിയോയുടെ സേവനങ്ങളെക്കുറിച്ചും ഡാറ്റ ഓഫറുകളെക്കുറിച്ചും മുകേഷ് അംബാനി നടത്തിയ പ്രസംഗമാണ് ഇന്നത്തെ മാധ്യമങ്ങളിലെ വലിയ വാര്‍ത്ത. ജിയോ ഓഫറുകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. എന്നാല്‍ ജിയോയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അംബാനി നടത്തിയ 45 മിനിട്ട് ദൈര്‍ഘ്യമുള്ള പ്രസംഗം രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെലിനും ഐഡിയ സെല്ലുലാറിനും ഉണ്ടാക്കിയ നഷ്‌ടം ചില്ലറയല്ല. ഓഹരി വിപണിയില്‍ കനത്ത നഷ്‌ടം നേരിട്ട ഇരു കമ്പനികള്‍ക്കും ഇന്നു ഒരു ദിവസംകൊണ്ട് പോയിക്കിട്ടിയത് 11,983 കോടി രൂപയാണ്. ബോംബെ ഓഹരി സൂചികയില്‍ ഭാരതി എയര്‍ടെലിന്റെ സൂചിക 6.37 ശതമാനം ഇടിഞ്ഞപ്പോള്‍ ഐഡിയയുടെ നഷ്‌ടം 10.48 ശതമാനവും അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്റേത് 8.81 ശതമാനവുമാണ്. 50 രൂപയ്‌ക്ക് ഒരു ജിബി ഡാറ്റ ഓഫര്‍ നല്‍കുമെന്ന മുകേഷ് അംബാനിയുടെ പ്രഖ്യാപനമാണ് ഐഡിയയ്‌ക്കും എയര്‍ടെലിനും കനത്ത തിരിച്ചടിയായതെന്ന് വിപണിയിലെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. കൂടാതെ ജിയോ വരിക്കാര്‍ക്ക് കോളുകള്‍ സൗജന്യമായിരിക്കുമെന്ന പ്രഖ്യാപനവും മുകേഷ് അംബാനി നടത്തിയിരുന്നു.