ഫുട്ബോള്‍ ലോകകപ്പ് കഴിഞ്ഞു; എന്നിട്ടും തീരാതെ അഡിഡാസ്- നൈക്കി യുദ്ധം
- അഡിഡാസ് നൈക്കിയുടെ ഈ മുന്നേറ്റത്തിന് തടയിടാന്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു
- ലോകകപ്പില്‍ പങ്കെടുത്ത 32 ടീമുകളില്‍ 12 ടീമുകളുടെയും ജേഴ്സിഅടക്കമുളള ഔദ്യോഗിക കിറ്റ് വിതരണം അഡിഡാസിനായിരുന്നു
ഫുട്ബോള്‍ ലോകകപ്പിന് കൊടി ഇറങ്ങിയിട്ടും അഡിഡാസ് - നൈക്കി യുദ്ധം തീരുന്നില്ല. റഷ്യന്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ടീമുകള്‍ മത്സരത്തിനിറങ്ങിയത് അഡിഡാസിന്‍റെ കിറ്റുകള്‍ അണിഞ്ഞുകൊണ്ടായിരുന്നു. എന്നാല്‍, ഫിഫാ ലോകകപ്പിന്‍റെ ഫൈനലായപ്പോള്‍ കഥമാറി. ഫൈനലില്‍ ഏറ്റുമുട്ടിയ ഫ്രാന്‍സും ക്രൊയേഷ്യയും ധരിച്ചിരുന്നത് നൈക്കി തുന്നിനല്‍കിയ ജേഴ്സികളണിഞ്ഞുകൊണ്ടായിരുന്നു.
ഇതാണ്, ലോകകപ്പിന് ശേഷവും ഇരു സ്പോഴ്സ് ഉല്‍പ്പന്ന ഭീമന്മാര്‍ തമ്മിലുളള ഏറ്റുമുട്ടല്‍ കടുക്കാന്‍ കാരണമായത്. ലോകകപ്പ് കഴിഞ്ഞതോടെ പ്രധാനപ്പെട്ട ഫുട്ബോള്‍ ഫെഡറേഷനുകളുമായി നൈക്കി ഔദ്യോഗിക കിറ്റ് വിതരണാവകാശം ലഭിക്കാനായി രഹസ്യ ചര്‍ച്ച നടത്തുന്നതായാണ് വിദേശ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
ലോകകപ്പില്‍ പങ്കെടുത്ത 32 ടീമുകളില്‍ 12 ടീമുകളുടെയും ജേഴ്സിഅടക്കമുളള ഔദ്യോഗിക കിറ്റ് വിതരണം അഡിഡാസിനായിരുന്നു. 10 ടീമുകളുടെ വിതരണാവകാശമാണ് നൈക്കിക്കുണ്ടായിരുന്നത്. എന്നാല്‍, സെമി ഫൈനലില്‍ കളിച്ച നാല് ടീമുകളില്‍ മൂന്നിന്‍റെയും കിറ്റ് വിതരണക്കാര്‍ നൈക്കിക്കായിരുന്നു. ജര്‍മ്മനി, അര്‍ജന്‍റീന, സ്പെയ്ന്‍, ബെല്‍ജിയം, റഷ്യ എന്നിവരുടെ കിറ്റ് അഡിഡാസിനായിരുന്നു. കിരീടം ചൂടിയ ഫ്രാന്‍സ്, രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, തുടങ്ങിയവരുടെ ഔദ്യോഗിക കിറ്റ് വിതരണക്കാര്‍ നൈക്കിക്കായിരുന്നു.
ഇതോടെ, നൈക്കിക്ക് ഫുട്ബോള്‍ ലോകത്ത് തലയെടുപ്പ് വര്‍ദ്ധിച്ചു. ലോകകപ്പിലൂടെ കൈയിലെത്തിയ ഈ അവസരം ഉപയോഗപ്പെടുത്താനാണ് നൈക്കിയുടെ തീരുമാനമെന്നറിയുന്നു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടി സുവര്‍ണ്ണപാദുകത്തിന് ഉടമയായ ഹാരി കെയ്ന്‍, ലോകകപ്പിലെ മികച്ച കളിക്കാരനുളള സുവര്‍ണ്ണ പന്ത് സ്വന്തമാക്കിയ ലൂക്കാ മോഡ്രിച്ച്, ലോകകപ്പിലെ മികച്ച യുവതാരമായി ഉദിച്ചുയര്‍ന്ന എംബാബെ എന്നിവര്‍ ധരിച്ചിരുന്ന ജേഴ്സി നൈക്കിയുടേതാണെന്നത് അവര്‍ക്ക് വരുന്ന നാളുകളില്‍ ഫുട്ബോള്‍ ഉല്‍പ്പന്ന വിപണിയില്‍ വിലയ പ്രതീക്ഷയാണ് നല്‍കുന്നത്.
അഡിഡാസ് നൈക്കിയുടെ ഈ മുന്നേറ്റത്തിന് തടയിടാന്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതാത് രാജ്യങ്ങളുടെ ഫുട്ബോള്‍ ഫെഡറേഷനുമായി ഏര്‍പ്പെടുന്ന കരാറിലൂടെയാണ് ഔദ്യോഗിക കിറ്റ് വിതരണക്കാര്‍ എന്ന പദവി കായിക ഉല്‍പ്പന്ന- വിതരണ കമ്പനികള്‍ നേടിയെടുക്കുന്നത്. ദേശീയ ഫുട്ബോള്‍ ടീമുകളുടെ ഔദ്യോഗിക കിറ്റുകളില്‍ കളിക്കാരുടെ ബൂട്ട് ഒഴികെയുളള ഘടകങ്ങളാവും ഉണ്ടാവുക. ബൂട്ടുകള്‍ താരങ്ങള്‍ക്ക് അവരുടെ ഇഷ്ടാനുസരണം തെരഞ്ഞടുക്കാന്‍ അവസരമുണ്ടാവും.