Cryptocurrency : യുപിഐ വഴിയുള്ള ഇടപാടുകളെക്കുറിച്ച് അറിവില്ലെന്ന് എൻപിസിഐ; പ്രതിസന്ധിയിലായി കോയിൻബേസ്
ആഗോള ക്രിപ്‌റ്റോകറൻസി ഭീമനായ കോയിൻബേസ് യുപിഐ പിന്തുണയോടെ ഇന്ത്യയിൽ അതിന്റെ ട്രേഡിംഗ് സേവനം ആരംഭിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് എൻപിസിഐയുടെ പ്രസ്താവന.
ദില്ലി : യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഉപയോഗിക്കുന്ന ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിനെക്കുറിച്ച് (cryptocurrency exchange) തങ്ങൾക്ക് അറിയില്ലെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (The National Payments Corporation of India). യുപിഐ ഉപയോഗിക്കുന്ന ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകളെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഇടപാടുകൾക്കായി യുപിഐ ഉപയോഗിക്കുന്ന ഏതെങ്കിലും വെർച്വൽ ഡിജിറ്റൽ അസറ്റ് എക്സ്ചെഞ്ചിനെ (Virtual Digital Asset) സംബന്ധിച്ച് തങ്ങൾക്ക് അറിവില്ലെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.
യുപിഐ ഉപയോഗിച്ച് ടോക്കണുകൾ വാങ്ങാൻ ഉപയോക്താക്കളെ അനുവദിക്കുന്ന രീതിയിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന് ഏപ്രിൽ ഏഴിനാണ് എൻപിസിഐ പ്രസ്താവന ഇറക്കിയത്. ആഗോള ക്രിപ്‌റ്റോകറൻസി ഭീമനായ കോയിൻബേസ് (Coinbase) യുപിഐ പിന്തുണയോടെ ഇന്ത്യയിൽ അതിന്റെ ട്രേഡിംഗ് സേവനം ആരംഭിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് യുപിഐയുടെ മേൽനോട്ടം വഹിക്കുന്ന രാജ്യത്തിന്റെ ഗവേണിംഗ് ബോഡിയായ എൻപിസിഐയുടെ പ്രസ്താവന വന്നത്. ഇതോടെ ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസികൾ വാങ്ങുന്നതിന് യുപിഐ ഉപയോഗിക്കാനും രൂപയിൽ നിക്ഷേപം നടത്താനുമുള്ള സൗകര്യം ഉപയോഗപ്പെടുത്താൻ ഉപയോക്താക്കളെ അനുവദിക്കാനുള്ള കോയിൻബേസിന്റെ നീക്കമാണ് തടസ്സപ്പെട്ടത്.
എൻപിസിയുടെ പ്രസ്താവനയെ തുടർന്ന് യുപിഐ ഉപയോഗിച്ചുള്ള പേയ്മെന്റ് സംവിധാനം കോയിൻബേസ് താൽക്കാലികമായി നിർത്തിവെച്ചു. ട്രേഡിംഗ് സേവനം ആരംഭിച്ച് നാല് ദിവസത്തിനുള്ളിൽ ആണ് കോയിൻ ബേസിന് വ്യാപാരം അവസാനിപ്പിക്കേണ്ടി വന്നത്. തുടർന്ന് കോയിൻ ബേസ് ആപ്പിൾ ലിസ്റ്റ് ചെയ്തിട്ടുള്ള ഏതെങ്കിലും ടോക്കൺ വാങ്ങാൻ ശ്രമിക്കുന്ന ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് യുപിഐ വഴി പേയ്മെന്റ് നല്കാൻ കഴിയില്ലെന്ന് കോയിൻബേസ് അറിയിച്ചു.
യുപിഐ ഉപയോഗിച്ച് ക്രിപ്‌റ്റോകറൻസികൾ വാങ്ങുന്നതിന് ഒരു നിയമവും വിലക്കുന്നില്ലെങ്കിലും ഈ വിഷയത്തിൽ തർക്കങ്ങൾ ഒഴിവാക്കാൻ ഓർഗനൈസേഷനുകൾ താല്പര്യപ്പെടുന്നുണ്ട്. അതേസമയം ക്രിപ്‌റ്റോകറൻസി മേഖലയിലെ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിൽ ബാങ്കുകളും ജാഗ്രത പുലർത്തുന്നുണ്ട്. വെർച്വൽ ഡിജിറ്റൽ അസറ്റുകൾക്ക് കൂടുതൽ സൂക്ഷ്മപരിശോധന ആവശ്യമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അഭിപ്രായപ്പെടുന്നു. അതിനാൽ തന്നെ രണ്ട് വർഷം മുമ്പ് ആർബിഐയുടെ ക്രിപ്‌റ്റോകറൻസി നിരോധനം സുപ്രീം കോടതി അസാധുവാക്കിയെങ്കിലും, ബാങ്കുകൾ ഭൂരിഭാഗവും സെൻട്രൽ ബാങ്കിനെ പിന്തുണയ്ക്കുന്നത് തുടരുന്നു.