ട്രംപിനോട് അടുക്കാൻ സക്കര്‍ബര്‍ഗ്; സത്യപ്രതിജ്ഞ ചടങ്ങിന് സംഭാവനയായി നൽകുന്നത് ഒരു കോടി രൂപ
മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ്, ഡൊണാൾഡ് ട്രംപുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തി രണ്ടാഴ്ചയ്ക്ക് ശേഷമാണ് സംഭാവന.
അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ നേതൃത്വത്തിലുള്ള മെറ്റ ഏതാണ്ട് ഒരു കോടിയോളം രൂപ സംഭാവന നല്‍കും. ട്രംപുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമമായാണ് സക്കര്‍ബര്‍ഗിന്‍റെ ഈ നടപടി വിലയിരുത്തപ്പെടുന്നത്. സക്കര്‍ബര്‍ഗിനെ ജയിലിലേക്ക് അയക്കുമെന്ന് ഒരിക്കല്‍ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. 2021ലെ തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് വൈറ്റ് ഹൗസിലുണ്ടായ അക്രമത്തെ തുടര്‍ന്ന് ട്രംപിന്‍റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ സക്കര്‍ബര്‍ഗ് നിരോധിച്ചിരുന്നു. ഇതോടെ ട്രംപും സക്കര്‍ബര്‍ഗും തമ്മിലുള്ള ബന്ധം വഷളായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം 2023ലാണ് ഈ വിലക്ക് നീക്കിയത്.
തെരഞ്ഞെടുപ്പിന് മുമ്പ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ട്രംപിനെ പിന്തുണച്ചിരുന്നില്ല. എന്നിരുന്നാലും, ട്രംപിനെതിരായ പ്രചാരണങ്ങളില്‍ ട്രംപിന്‍റെ പ്രതികരണത്തെ അദ്ദേഹം പ്രശംസിച്ചിരുന്നു. ട്രംപിനോടുള്ള സുക്കര്‍ബര്‍ഗിന്‍റെ മനോഭാവത്തിലെ മാറ്റത്തെയാണ് മെറ്റയുടെ നീക്കം സൂചിപ്പിക്കുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ പറഞ്ഞു. ഈ മാസം ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതിന് ശേഷം സക്കര്‍ബര്‍ഗ് ട്രംപുമായി ഫോണില്‍ സംസാരിക്കുകയും പിന്നീട് ഒരു അഭിനന്ദന സന്ദേശം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ബുധനാഴ്ച, ഫ്ലോറിഡയിലെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനൊപ്പം ഡൊണാള്‍ഡ് ട്രംപ് അത്താഴവിരുന്നിലും പങ്കെടുത്തു. സന്ദര്‍ശന വേളയില്‍ ട്രംപും സംഘവുമായി സക്കര്‍ബര്‍ഗ് കൂടിക്കാഴ്ച നടത്തിയതായി മെറ്റാ പ്രതിനിധി പറഞ്ഞു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
സക്കര്‍ബര്‍ഗ് ട്രംപിന്‍റെ വരാനിരിക്കുന്ന സര്‍ക്കാരില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നതായി തോന്നുന്നുവെന്നും, ഒരുപക്ഷേ സാങ്കേതിക നയം രൂപീകരിക്കുന്നതിനുള്ള സംഭാവനകള്‍ നല്‍കുന്നതില്‍ സക്കര്‍ബര്‍ഗിനെ ഉള്‍പ്പെടുത്തിയേക്കാമെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പബ്ലിക്കന്‍മാര്‍ വൈറ്റ് ഹൗസിന്‍റെയും കോണ്‍ഗ്രസിന്‍റെയും നിയന്ത്രണം ഏറ്റെടുക്കാന്‍ തയ്യാറെടുക്കുമ്പോള്‍, ടെക് കമ്പനികളുടെ സിഇഒമാര്‍ കളം മാറ്റിച്ചവിട്ടിക്കൊണ്ടിരിക്കുകയാണ് . ട്രംപിനെ വിമര്‍ശിച്ചിരുന്ന ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും അടുത്തിടെ ട്രംപിന്‍റെ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു.