ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചാൽ ഭയക്കേണ്ട; പരിഹാരമുണ്ട്, നികുതിദായകർ അറിയേണ്ടതെല്ലാം
ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ കണ്ടെത്തുമ്പോഴാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയയ്ക്കുന്നത്. തെറ്റുകള്‍ തിരുത്തുന്നതിനുള്ള ഉചിതമായ നടപടി സ്വീകരിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കുകയും ചെയ്യാം
ആദായനികുതി വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചാല്‍ പരിഭ്രാന്തരാകണോ..? ഏതെങ്കിലും തരത്തിലുള്ള പൊരുത്തക്കേടുകള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ കണ്ടെത്തുമ്പോഴാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയയ്ക്കുന്നത്. തെറ്റുകള്‍ തിരുത്തുന്നതിനുള്ള ഉചിതമായ നടപടി സ്വീകരിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കുകയും ചെയ്യാം. നികുതി റിട്ടേണിൽ പൊരുത്തക്കേടുകളോ പിശകുകളോ ഉണ്ടാകുമ്പോൾ സാധാരണയായി ആദായ നികുതി വകുപ്പ് നോട്ടീസ് നൽകും. റീഫണ്ടിനായി തെറ്റായ വിവരങ്ങൾ നൽകൽ, തെറ്റായ ഫോം തിരഞ്ഞെടുക്കൽ, തെറ്റായ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകൽ, കൃത്യമല്ലാത്ത വരുമാനം അല്ലെങ്കിൽ ഉയർന്ന മൂല്യമുള്ള ഇടപാടുകൾ എന്നിവ നോട്ടീസ് ലഭിക്കുന്നതിനുള്ള കാരണങ്ങളാണ്. ഈ പൊരുത്തക്കേടുകൾ വിശദീകരിക്കാനും എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ അത് തിരുത്താനുമുള്ള അവസരമാണ് നോട്ടീസിലൂടെ ലഭിക്കുന്നത്.
ആദായ നികുതി വകുപ്പ് എങ്ങനെയാണ് നോട്ടീസ് നൽകുന്നത്?
ആദായ നികുതി റിട്ടേൺ പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, ഫോം 16, ഫോം 26 എഎസ്, എഐഎസ്, ടിഐഎസ് എന്നിവയുൾപ്പെടെയുള്ള ഐടിആർ രേഖകളുമായി സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റ് പരിശോധന നടത്തും. പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ, സെക്ഷൻ 143 (1) പ്രകാരം ഒരു നോട്ടീസ് അയക്കും. പൊരുത്തക്കേടിന്റെ സ്വഭാവമനുസരിച്ച് നികുതി കുടിശ്ശികയുണ്ടെന്നോ റീഫണ്ട് നൽകേണ്ടതുണ്ടെന്നോ എന്ന് നോട്ടീസിലൂടെ അറിയാം.
അറിയിപ്പ് ലഭിച്ചാൽ എന്ത് ചെയ്യണം?
അറിയിപ്പിന്റെ കൃത്യത പരിശോധിക്കുന്നതിനും പൊരുത്തക്കേട് മനസ്സിലാക്കുന്നതിനും ചാർട്ടേഡ് അക്കൗണ്ടന്റിനെ ബന്ധപ്പെടുക. പിശക് നിങ്ങളുടെ ഭാഗത്താണ് എങ്കിൽ, അധിക നികുതിയോ പിഴയോ ഉണ്ടെങ്കിൽ അത് അടയ്ക്കുക. ആദായനികുതി വകുപ്പിന്റെ ഭാഗത്താണ് പിശക് എങ്കിൽ, അതിനുള്ള രേഖകൾ തയാറാക്കുക . സെക്ഷൻ 154(1) പ്രകാരം തിരുത്തലിനായി അഭ്യർത്ഥിക്കാം. നോട്ടീസിനോട് പ്രതികരിക്കുമ്പോൾ,ആദായ നികുതി വകുപ്പിന്റെ വിലയിരുത്തലിനോട് പൂർണ്ണമായോ ചില ഭാഗങ്ങളോടോ വിയോജിച്ച് മറുപടി തയാറാക്കാം.
പൊരുത്തക്കേടിന്റെ സ്വഭാവം മനസ്സിലാക്കുക, ഒരു പ്രൊഫഷണലുമായി കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുക. ഇതിലൂടെ ഏതെങ്കിലും പിശകുകൾ ഉണ്ടെങ്കിൽ അത് കാര്യക്ഷമമായും കൃത്യമായും പരിഹരിക്കാം