ഇന്ത്യയിൽ നിന്നുള്ളതാണോ ഈ 500 വജ്രങ്ങൾ?, പതിനെട്ടാം നൂറ്റാണ്ടിലെ നെക്ലേസ് ലേലത്തിന്
ഇന്ത്യയിലെ ഗോൽക്കൊണ്ട ഖനികളിൽ നിന്നുള്ള വജ്രങ്ങൾ ആയിരിക്കാം ഇതെന്ന് സോത്ത്ബൈസ് പറയുന്നു. കാരണം, ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ശുദ്ധവും മിന്നുന്നതുമായ വജ്രങ്ങൾ ഗോൽക്കൊണ്ടയിൽ നിന്നും ഖനനം ചെയ്തവയാണ്.
വജ്രങ്ങൾ ലേലത്തിന് എത്തുന്നത് പുതിയൊരു കാര്യമല്ല. പതിറ്റാണ്ടുകൾ പഴക്കമുള്ള വജ്രങ്ങൾ വലിയ വിലയ്ക്കാണ് പല ലേലത്തിലും വിറ്റുപോകാറുള്ളത്. ഇപ്പോഴിതാ, ന്യൂയോര്‍ക്കിലെ സോത്ത്ബൈസ് ലേല കേന്ദ്രത്തില്‍ പതിനെട്ടാം നൂറ്റാണ്ടിലെ ഒരു നെക്ലേസ് ലേലത്തിന് എത്തിയിരിക്കുകയാണ്. ഒന്നും രണ്ടുമല്ല, 500 വജ്രങ്ങൾ പതിച്ചതാണ് ഈ നെക്ലേസ്. നവംബറിൽ ആയിരിക്കും നെക്ലേസ് ലേലത്തിൽ വെക്കുകയെന്ന് ലേല സ്ഥാപനമായ സോത്ത്ബൈസ് അറിയിച്ചിട്ടുണ്ട്. അതേസമയം ഓൺലൈൻ ലേലം ഒക്‌ടോബർ 25 മുതൽ സോത്ത്‌ബിയുടെ വെബ്‌സൈറ്റിൽ ആരംഭിക്കും
മൂന്ന് വരികളായുള്ള വജ്ര മാലയുടെ രണ്ട് അറ്റത്തും തൂവലുകൾ പോലെ വജ്രം പതിപ്പിച്ചിട്ടുണ്ട്. 50 വർഷത്തിന് ശേഷം ആണ് ഇത് ആദ്യമായി പരസ്യപ്പെടുത്തുന്നത്. ഇത് 1.8 മുതൽ 2.8 മില്യൺ ഡോളറിന് വരെയായിരിക്കും വിൽക്കുക. അതായത് 150 ലക്ഷം രൂപ മുതൽ 234 ലക്ഷം രൂപ വരെ വരും.
മൂന്ന് നിരകളുള്ള ഈ നെക്ലേസ് ഒരു രാജകുടുംബത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരുന്നതാണെന്നും ആരാണ് ഇത് രൂപകൽപ്പന ചെയ്‌തത്, ആർക്കുവേണ്ടിയാണ് എന്നതൊക്കെയുൾപ്പടെ നെക്ലേസിനെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ, എന്നാൽ ഇത്രയും ഗംഭീരമായ ഒരു ആഭരണം രാജകുടുംബത്തിന് മാത്രമേ നിമ്മിക്കാൻ കഴിയൂ എന്നും സോത്ത്ബൈസ് അഭിപ്രായപ്പെടുന്നു. ഫ്രഞ്ച് വിപ്ലവത്തിന് തൊട്ടുമുമ്പുള്ള പതിറ്റാണ്ടിലാണ് ഇത് നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്നതായി സോത്ത്ബൈസ് വ്യക്തമാക്കുന്നു.
സോത്ത്ബൈസ് അഭിപ്രായപ്പെടുന്നത് അനുസരിച്ച്, ഈ നെക്ലേസിന് ഒരു ഇന്ത്യൻ ബന്ധവും ഉണ്ടായേക്കാം എന്നാണ്. ഇന്ത്യയിലെ ഗോൽക്കൊണ്ട ഖനികളിൽ നിന്നുള്ള വജ്രങ്ങൾ ആയിരിക്കാം ഇതെന്ന് സോത്ത്ബൈസ് പറയുന്നു. കാരണം, ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ശുദ്ധവും മിന്നുന്നതുമായ വജ്രങ്ങൾ ഗോൽക്കൊണ്ടയിൽ നിന്നും ഖനനം ചെയ്തവയാണ്.
ഹോങ്കോംഗ്, ന്യൂയോർക്ക്, തായ്‌വാൻ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്നത് വരെ, നെക്ലേസ് ലണ്ടനിൽ പൊതു പ്രദർശനത്തിനായി വെക്കും.
ആഡംബരത്തിന്റെ അടയാളം മാത്രമല്ല ഈ നെക്ലേസ്, അന്നത്തെ കരകൗശല വിദഗ്ധർ എത്ര വിദഗ്ധമായാണ് നിർമ്മിതികൾ നടത്തിയെന്നതിനു ഉദാഹരണം കൂടിയാണെന്നും . ഇത്രയും വർഷങ്ങൾക്ക് ശേഷവും മാല കേടുകൂടാതെയിരിക്കുന്നത് അതിൻ്റെ സവിശേഷതയാണെന്നും സോത്ത്ബൈസ് ചെയർമാൻ പറയുന്നു.