ഇന്ത്യയുടെ വളർച്ചാ നിരക്ക് വെട്ടി കുറച്ച് ലോകബാങ്ക്; സാമ്പത്തിക ചെലവുകൾ ഉയരുന്നു
ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച പ്രതിരോധം തീർത്തിട്ടുണ്ട്. എന്നാൽ ആഗോള സാഹചര്യം അനുകൂലമല്ല.
മുംബൈ: ഈ സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രവചനം ലോകബാങ്ക് ഒരു ശതമാനം കുറച്ചു. ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 7.5 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായാണ് ലോകബാങ്ക് വെട്ടിക്കുറച്ചത്. 2022 ജൂണിൽ ആയിരുന്നു ലോകബാങ്ക് വളർച്ചാ നിരക്ക് പ്രവചിച്ചിരുന്നത്. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള വാർഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ ലോകബാങ്കിന്റെ ഏറ്റവും പുതിയ സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസിലാണ് പുതുക്കിയ പ്രവചനങ്ങൾ ഉള്ളത്.
Read Also: വളർത്തു മൃഗങ്ങൾക്കൊപ്പം പറക്കാം; യാത്ര അനുവദിക്കുമെന്ന് ആകാശ എയർ
അതേസമയം, ലോകബാങ്കിന്റെ ദക്ഷിണേഷ്യയിലെ ചീഫ് ഇക്കണോമിസ്റ്റ് ഹാൻസ് ടിമ്മറിന്റെ അഭിപ്രായത്തിൽ, ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. മുൻ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 8.7 ശതമാനം വളർച്ച നേടിയിരുന്നു. മാത്രമല്ല, കോവിഡിന് ശേഷമുള്ള പ്രതിസന്ധിയിൽ നിന്നും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച രീതിയിൽ തിരിച്ചു വരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള വിപണി അന്തരീക്ഷം വഷളായിക്കൊണ്ടിരിക്കുന്നു എന്നും ഈ സാഹചര്യത്തിലാണ് വീണ്ടും വളർച്ചാ അനുമാനത്തിൽ വെട്ടികുറയ്ക്കലുകൾ ഉണ്ടായത് എന്നും ഹാൻസ് ടിമ്മർ പറഞ്ഞു. പണപ്പെരുപ്പം ഉയർന്നതോടുകൂടി യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുത്തനെ ഉയർത്തിയിരുന്നു. ഇത് മാന്ദ്യത്തിലേക്ക് വഴിവെച്ചേക്കും. ഡോളർ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചു. അതേസമയം രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിലുള്ളത്. കുതിച്ചുയരുന്ന എണ്ണവിലയും ഡോളർ ആധിപത്യവും രൂപയെ തകർത്തു. യുഎസ് ഡോളറിനെതിരെ രൂപ 82.22 എന്ന നിരക്കിലാണ് നിലവിലുള്ളത്. ഇനിയും രൂപയുടെ മൂല്യം ഇടിയനാണ് സാധ്യത എന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
Read Also: വാട്ട്‌സ്ആപ്പ് ഉണ്ടോ? ബാങ്കിംഗ് സേവനങ്ങൾ നല്കാൻ ഈ ബാങ്കുകൾ തയ്യാർ