പലിശ നിരക്കുയര്‍ത്തി അമേരിക്ക; കടബാധ്യത ഏറി പൗരന്മാര്‍

പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തി. അമേരിക്കയിൽ കടം കുന്നു കൂടുമ്പോൾ അത് ഓരോ പൗരനെയും എങ്ങനെയാകും ബാധിക്കുക? 
 

US debt rises as Federal Reserve raises interest rates

ലോക രാജ്യങ്ങളില്‍ പലതും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കാലഘട്ടമാണിത്. യുദ്ധവും കാലാവസ്ഥാ വ്യതിയാനവും കൊവിഡും തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. ഇതിനിടെ രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയെ പിടിച്ച് നിര്‍ത്താനായി നിരവധി രാജ്യങ്ങള്‍ പല സാമ്പത്തിക പരിഷ്ക്കരണങ്ങള്‍ക്കും തുടക്കം കുറിച്ചു. ലോക സാമ്പത്തിക ക്രമത്തില്‍ ഇന്ത്യന്‍ രൂപയ്ക്ക് അമേരിക്കന്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടിഞ്ഞ് കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ നമ്മള്‍ കഴിഞ്ഞ കുറച്ച് കാലമായി കേട്ടുകൊണ്ടിരിക്കുന്നു. അമേരിക്ക പ്രഖ്യാപിച്ച ചില സാമ്പത്തിക പരിഷ്കാരങ്ങളാണ് ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടാക്കിയത്. അമേരിക്കയുടെ ഈ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഏങ്ങനെയാണ് ആ രാജ്യത്തെ പൗരന്മാരെ സ്വാധീനിക്കുന്നതെന്ന് പരിശോധിക്കാം. 

യുഎസ് ഫെഡറൽ റിസർവ് കഴിഞ്ഞ മാസമാണ് പലിശ നിരക്കുകൾ കുത്തനെ കൂട്ടിയത്. ഉയരുന്ന പണപ്പെരുപ്പത്തെ തടയാൻ നിരക്കുകൾ ഉയർത്തുകയല്ലാതെ മറ്റ് വഴികൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇതോടെ ഡോളർ രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചു. ഇതിനൊപ്പം തന്നെ പുറത്തു വന്ന പുതിയ കണക്കുകൾ പ്രകാരം അമേരിക്കയുടെ വായ്പ ആദ്യമായി 31 ട്രില്യൺ ഡോളറിലെത്തി. അതായത് അമേരിക്കയിലെ ജനസംഖ്യ വെച്ച നോക്കുമ്പോൾ  രാജ്യത്തെ ഓരോ വ്യക്തിക്കും  93,000 ഡോളറിൽ കൂടുതൽ കട ബാധ്യത ഉണ്ടാകും എന്നർത്ഥം. അമേരിക്കയിൽ കടം കുന്നു കൂടുമ്പോൾ അത് ഓരോ പൗരനെയും എങ്ങനെയാകും ബാധിക്കുക? 

Read Also: ചരിതത്തിലെ ഏറ്റവും വലിയ ഇടിവിൽ രൂപ; ഡോളറിനെതിരെ 82 കടന്നു

പലിശ നിരക്കുകൾ ഉയരുമ്പോൾ

അമിതമായി കടം വാങ്ങുന്നത് എപ്പോഴും പണപ്പെരുപ്പത്തെ ഉയർത്താനേ സഹായിക്കുകയുള്ളൂ. 2022 ഓഗസ്റ്റിൽ അമേരിക്കയിലെ പണപ്പെരുപ്പം 8.3  ശതമാനമാണ്. ജൂലൈയിൽ ഇത്  8.5 ശതമാനം ആയിരുന്നു. പണപ്പെരുപ്പത്തെ പിടിച്ചു കെട്ടാനാണ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയത്. ഇതോടെ വിവിധ വായ്പകൾക്ക് മേലുള്ള പലിശ നിരക്കുകൾ ഉയരും. കടം ഉയരും.  ഇന്ധന വില, പ്രകൃതിവാതക വില, വൈദ്യുതി നിരക്ക്, ഭക്ഷണം, വാഹനം എല്ലാം ചെലവേറിയതാകുകയാണ്. 

വായ്പ കൂടിയത് എങ്ങനെ?

ചരിതത്തിലെ ഏറ്റവും കുറവ് പലിശ നിരക്കുള്ളതായിരുന്നു അമേരിക്കയിലെ കഴിഞ്ഞ രണ്ട് വർഷങ്ങൾ. ഇത് വായ്പയെടുക്കൽ വർദ്ധിപ്പിച്ചു. എന്നാൽ നിലവിൽ പലിശ നിരക്കുകൾ കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ് ഇത് കടത്തിന്റെ വ്യാപ്തി കൂട്ടും. കോവിഡ് മഹാമാരി പടർന്നു പിടിച്ചതോടെ രാജ്യത്തെ പലിശ നിരക്കുകൾ കുറച്ചിരുന്നു. 2008 ലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഫെഡറൽ റിസർവ് പലിശ നിരക്കുകൾ പൂജ്യത്തിനടുത്തായി നിലനിർത്തിയിരുന്നു.  ഇതോടെ വിവിധ വായ്പകൾ വർദ്ധിച്ചിട്ടുണ്ട്. മാത്രമല്ല, വലിയ തുകകൾ ചെലവ് വരുന്ന പല പദ്ധതികൾക്കും അംഗീകാരം ലഭിച്ചു. ഇതെല്ലാം രാജ്യത്തിൻറെ കമ്മി കുത്തനെ ഉയർത്തി. 1.9 ട്രില്യൺ ഡോളർ ചിലവ് വരുന്ന അമേരിക്കൻ റെസ്‌ക്യൂ പ്ലാൻ ആക്‌ട്, വിദ്യാർത്ഥികളുടെ കടാശ്വാസത്തിനായി 750 ബില്യൺ ഡോളർ പദ്ധതി തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. രാജ്യം വാങ്ങിക്കൂട്ടിയ കടത്തിന്റെ പലിശയ്ക്കായി ഓരോ ദിവസവും  965 മില്യണിലധികം ഡോളറാണ് ചെലവഴിക്കേണ്ടി വരുന്നത്. 

Read Also: വായ്പാ പലിശ കൂട്ടി രാജ്യത്തെ ഈ മുൻനിര ബാങ്കുകൾ; ഇഎംഐ കുത്തനെ കൂടും, ഭവന വായ്പയ്ക്ക് ചെലവേറും

നിത്യ ജീവിതത്തെ ബാധിക്കുമോ? 

പലിശ നിരക്ക് ഉയരുന്നത് ഒരു ശരാശരി ഉപഭോക്താവിനെ സംബന്ധിച്ച് വായ്പകൾ ചെലവേറിയതാക്കും. അതായത് വായ്പയിലൂടെ ഒരു കാറോ വീടോ വാങ്ങുന്നത് കൂടുതൽ പ്രയാസകരമാകും. കാരണം കൂടുതൽ പലിശ നൽകേണ്ടിവരും. കൂടാതെ ക്രെഡിറ്റ് കാർഡ് വായ്പകളും തൊട്ടാൽ പൊള്ളും. അതേസമയം നിക്ഷേപകർക്ക് അവരുടെ പണത്തിന് ഉയർന്ന പലിശ ലഭിക്കും. 

യു എസ് ട്രഷറി പലിശ ഉയർത്തിയത് വിപണിയിൽ പ്രതിഫലിക്കാൻ വർഷങ്ങളെടുക്കും ഒപ്പം ഫെഡറൽ റിസർവ് വരും മാസങ്ങളിൽ ഇനിയും പലിശ ഉയർത്തിയേക്കും. 2030 ഓടെ അമേരിക്കയുടെ കടം മൂന്നിരട്ടിയായി ഉയരുമെന്നാണ് വിദഗ്ദർ ചൂണ്ടി കാണിക്കുന്നത്. പലിശ ഉയർത്തുമ്പോൾ കടം കൂടും.തിരിച്ചടവിന് സാധിക്കാതെ വരും. ഇത് കടമെടുപ്പിനെ കുറയ്ക്കും. മാത്രമല്ല വാങ്ങലുകൾ കുറയും. ഇത് വിപണിയിലെ പണപ്പെരുപ്പത്തെ കുറയ്ക്കും. എന്നാൽ ഈ ഘട്ടങ്ങൾ കടന്നുപോകാൻ സമയം ആവശ്യമാണ്. അതിനാൽ തന്നെ പലിശ ഉയർത്തലിൽ സാധാരണ ജനങ്ങൾ പ്രതിസന്ധിയിലായേക്കും.

Read Also: പണപ്പെരുപ്പത്തിൽ മുങ്ങി തുർക്കി; രണ്ടര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്

Latest Videos
Follow Us:
Download App:
  • android
  • ios