കേന്ദ്ര ബജറ്റ് 2022: കൂടുതൽ പേരെ ഇൻഷുറൻസ് രംഗത്തെത്തിക്കണം, പ്രഖ്യാപനങ്ങൾ തേടി കമ്പനികൾ
മഹാമാരിയുണ്ടാക്കിയ അനിശ്ചിതത്വം ജീവിതത്തെ വിറങ്ങലിപ്പിച്ച് നിർത്തിയ സാഹചര്യത്തിൽ കൂടുതൽ പേരെ ഇൻഷുറൻസ് രംഗത്തേക്ക് ആകർഷിക്കാനാണ് കമ്പനികൾ താത്പര്യപ്പെടുന്നത്
ദില്ലി: വ്യക്തികളെ ഇൻഷുറൻസ് രംഗത്തേക്ക് ആകർഷിക്കാനുള്ള പ്രഖ്യാപനങ്ങൾ കേന്ദ്ര ബജറ്റ് 2022 ൽ വേണമെന്ന് ഇൻഷുറൻസ് കമ്പനികൾ. മഹാമാരിയുണ്ടാക്കിയ അനിശ്ചിതത്വം ജീവിതത്തെ വിറങ്ങലിപ്പിച്ച് നിർത്തിയ സാഹചര്യത്തിൽ കൂടുതൽ പേരെ ഇൻഷുറൻസ് രംഗത്തേക്ക് ആകർഷിക്കാനാണ് കമ്പനികൾ താത്പര്യപ്പെടുന്നത്.
ആരോഗ്യ പരിരക്ഷയുള്ളവർക്ക് നിലവിൽ ആദായ നികുതിയിൽ പരമാവധി 25000 രൂപയാണ് ഇളവ് ലഭിക്കുന്നത്. ഇത് 1.5 ലക്ഷമായി വർധിപ്പിക്കണമെന്നാണ് ഫ്യൂചർ ജനറലി ഇന്ത്യ ഇൻഷുറൻസ് സിഇഒ അനൂപ് റാവു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടത്. ആദായ നികുതി ഇളവിനുള്ള നിക്ഷേപങ്ങളുടെ കൂടെ ആരോഗ്യ ഇൻഷുറൻസിനെ ബന്ധിപ്പിക്കരുതെന്നാണ് എഡൽവെയ്സ് ടോക്യോ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്നും അത് കൂടുതൽ പേരെ ഇൻഷുറൻസ് രംഗത്തേക്ക് എത്തിക്കുമെന്നുമാണ് കമ്പനി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അതേസമയം പ്രകൃതി ദുരന്തങ്ങളും മറ്റും ആവർത്തിച്ചുണ്ടാകുന്ന സാഹചര്യത്തിൽ വ്യക്തിഗത അപകട ഇൻഷുറൻസും വീടുകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷയും കൂടി ആദായ നികുതി ഇളവുകളുടെ കൂടെ ഉൾപ്പെടുത്തണമെന്ന മറ്റൊരു ആവശ്യവും ഉയർന്നിട്ടുണ്ട്. സ്ത്രീകളെ ഇൻഷുറൻസ് രംഗത്തേക്ക് ആകർഷിക്കാൻ ഉതകുന്ന പ്രഖ്യാപനം വേണമെന്നും ആവശ്യങ്ങളുണ്ട്. നിലവിൽ ഇൻഷുറൻസ് വിപണിയുടെ മൂന്നിലൊന്ന് മാത്രമാണ് സ്ത്രീ ഉപഭോക്താക്കളുള്ളത്.