കേന്ദ്ര ബജറ്റ് 2021: പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ ഓഹരികൾ വിറ്റഴിക്കണമെന്ന് സിഐഐ
പൊതുമേഖലാ ബാങ്കുകളുടെ എച്ച്ആർ നയം മാറ്റണം.
ദില്ലി: കേന്ദ്രസർക്കാരിന് പൊതുമേഖലാ ബാങ്കുകളിലുള്ള ഓഹരികൾ വിറ്റഴിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇന്റസ്ട്രീസ്. അടുത്ത 12 മാസത്തിനുള്ളിൽ പൊതുമേഖലാ ബാങ്കുകളിലെ ഓഹരികൾ 50 ശതമാനത്തിൽ താഴെയാക്കണമെന്നാണ് ആവശ്യം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് എന്നിവയുടെ കാര്യത്തിലാണ് സിഐഐ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ എച്ച്ആർ നയം മാറ്റണം. അവർക്ക് സ്വകാര്യ ബാങ്കുകളുടേത് പോലെ ഇക്കാര്യത്തിൽ സ്വാതന്ത്ര്യം ലഭിക്കണം. ബാങ്കുകൾക്ക് പുതിയ ജീവനക്കാരെ നിയമിക്കാനും, ജീവനക്കാരെ നിലനിർത്താനും മികവ് വളർത്താനും പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കണമെന്നും സിഐഐ ബജറ്റിന് മുന്നോടിയായി കേന്ദ്രസർക്കാരിന് സമർപ്പിച്ച നിവേദനത്തിൽ പറയുന്നു.
പഴയ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ മേഖലയ്ക്ക് ഏറ്റെടുക്കാൻ അവസരം നൽകണം. സാമ്പത്തിക തട്ടിപ്പുകൾ അന്വേഷിക്കാൻ വിദഗദ്ധ ഏജൻസി രൂപീകരിക്കണമെന്നും സിഐഐ നിർദ്ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുമ്പോൾ സിഐഐയുടെ നിർദ്ദേശങ്ങളിൽ എന്ത് നിലപാടെടുത്തുവെന്ന് അറിയാം.