നികുതി വരുമാനം ഗണ്യമായി ഇടിഞ്ഞു: ബജറ്റിൽ വരുമാന ലക്ഷ്യം പരിഷ്കരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ
2021 സാമ്പത്തിക വർഷത്തിൽ നികുതി-ജിഡിപി അനുപാതം 9.88 ശതമാനമായി കണക്കാക്കപ്പെട്ടിട്ടുണ്ട്.
ദില്ലി: കൊവിഡ് പകർച്ചവ്യാധി കേന്ദ്രത്തിന്റെ വരുമാന വരവിന് തിരിച്ചടിയായ സാമ്പത്തിക വർഷമാണിത്, 2020-21 സാമ്പത്തിക വർഷത്തെ മൊത്ത നികുതി വരുമാനം ഏകദേശം 19.24 ട്രില്യൺ രൂപയായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 4.23 ശതമാനം കുറവും ബജറ്റ് സമയത്ത് കണക്കാക്കിയതിനേക്കാൾ 26 ശതമാനം കുറവുമാണിത്.
അതിനാൽ തന്നെ വരുന്ന കേന്ദ്ര ബജറ്റിൽ വരുന്ന സാമ്പത്തിക വർഷത്തെ നികുതി വരുമാനം ലക്ഷ്യം തന്ത്രപൂർവ്വം ക്രമീകരിക്കാനാണ് സാധ്യത. ബജറ്റ് എസ്റ്റിമേറ്റിൽ കുറഞ്ഞത് 5 ട്രില്യൺ രൂപയെങ്കിലും കേന്ദ്രം പരിഷ്കരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
2021 സാമ്പത്തിക വർഷത്തിൽ നികുതി-ജിഡിപി അനുപാതം 9.88 ശതമാനമായി കണക്കാക്കപ്പെട്ടിട്ടുണ്ട്. 2022 സാമ്പത്തിക വർഷം 10.7 ശതമാനം അനുപാതമാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി അനുപാതമാണിത്. മൊത്ത നികുതി വരുമാനത്തിൽ ആദായനികുതി, കോർപ്പറേറ്റ് നികുതി, ചരക്ക് സേവന നികുതി (ജിഎസ്ടി), കസ്റ്റംസ്, എക്സൈസ് തീരുവ എന്നിവ ഉൾപ്പെടുന്നു.