ഫോർഡിന്റെ പ്ലാന്റുകൾ ടാറ്റയ്ക്ക്? തൊഴിലാളികൾക്ക് പ്രതീക്ഷ നൽകി ചർച്ച
2008 മാർച്ച് മാസത്തിൽ ഫോർഡിന്റെ പക്കൽ നിന്നും ജാഗ്വർ ലാന്റ് റോവർ 2.3 ബില്യൺ ഡോളറിന് ടാറ്റ വാങ്ങിയിരുന്നു
മുംബൈ: രാജ്യത്തെ കാർ ഉൽപ്പാദനത്തിൽ നിന്ന് പിന്മാറിയ ഫോർഡിന്റെ പ്ലാന്റുകൾ ടാറ്റ ഏറ്റെടുത്തേക്കും. ചർച്ച ആരംഭിച്ചതായാണ് വിവരം. ഗുജറാത്തിലും തമിഴ്‌നാട്ടിലുമുള്ള പ്ലാന്റുകളുടെ കാര്യത്തിലാണ് ചർച്ച. തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയന്ന നിരവധി തൊഴിലാളികൾക്ക് പ്രതീക്ഷയേകുന്നതാണ് ഈ വാർത്ത.
2008 മാർച്ച് മാസത്തിൽ ഫോർഡിന്റെ പക്കൽ നിന്നും ജാഗ്വർ ലാന്റ് റോവർ 2.3 ബില്യൺ ഡോളറിന് ടാറ്റ വാങ്ങിയിരുന്നു. ഈ ഇടപാട് നടക്കുകയാണെങ്കിൽ ഫോർഡിന്റെ അസറ്റ് ടാറ്റ വാങ്ങുന്ന രണ്ടാമത്തെ ഇടപാടായിരിക്കുമിത്.
രാജ്യത്ത് പരിസ്ഥിതി സൗഹൃദ വാഹന രംഗത്ത് വൻ കുതിപ്പ് നടത്തുകയാണ് ടാറ്റ. അതിനാൽ തന്നെ തമിഴ്നാട്ടിലെയും ഗുജറാത്തിലെയും പ്ലാന്റുകൾ ടാറ്റയ്ക്ക് വലിയ നേട്ടമാകും. രാജ്യത്ത് നിലവിൽ മൂന്ന് പാസഞ്ചർ കാർ നിർമ്മാണ പ്ലാന്റുകളാണ് ടാറ്റയ്ക്കുള്ളത്. അതിലൊന്ന് ഫിയറ്റ് ക്രിസ്‌ലറുമായി ചേർന്നുള്ളതാണ്.
തമിഴ്നാട്ടിൽ ടാറ്റയ്ക്ക് ഇപ്പോൾ പ്ലാന്റില്ല. എന്നാൽ ഗുജറാത്തിൽ ഫോർഡിന്റെ പ്ലാന്റിനോട് തൊട്ടടുത്ത് ടാറ്റ മോട്ടോർസിനും കാർ നിർമ്മാണ പ്ലാന്റുണ്ട്. ഫോർഡ് പിന്മാറിയതോടെ പ്ലാന്റ് നടത്തിപ്പിന് മറ്റൊരു കമ്പനിയെ കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് തമിഴ്നാട് സർക്കാർ.