ധനക്കമ്മി ലക്ഷ്യത്തിൽ മാറ്റമുണ്ടാകും; 2026 ലക്ഷ്യമിട്ട് ധനക്കമ്മി നിയന്ത്രണത്തിനായി പ്രഖ്യാപനം ഉണ്ടായേക്കും
ധന ഏകീകരണം സംബന്ധിച്ച എൻ കെ സിംഗ് കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരം സർക്കാർ 2022-23 ഓടെ ധനക്കമ്മി ജിഡിപിയുടെ 3.1 ശതമാനമായി കുറയ്ക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
ദില്ലി: 2025-26 ഓടെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 4 ശതമാനമായി കുറയ്ക്കുന്നതിന് വരാനിരിക്കുന്ന ബജറ്റിൽ കേന്ദ്രം വ്യക്തമായ പദ്ധതി രേഖ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. അടുത്ത രണ്ട് വർഷങ്ങളിലും ധനക്കമ്മി സംബന്ധിച്ച വിപുലീകരണ നയങ്ങളുടെ ആവശ്യകതയുണ്ടാകും.
ധനപരമായ ഉത്തരവാദിത്ത, ബജറ്റ് മാനേജുമെന്റ് നിയമത്തിലെ (എഫ്ആർബിഎം) ഭേദഗതികൾ പ്രകാരം ജിഡിപിയുടെ 2.5-3 ശതമാനം എന്ന മധ്യ- ദീർഘകാല ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ സർക്കാർ സജ്ജമാണെന്നാണ് ഇത് നൽകുന്ന സൂചനയെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട്.
ധന ഏകീകരണം സംബന്ധിച്ച എൻ കെ സിംഗ് കമ്മിറ്റിയുടെ ശുപാർശകൾ പ്രകാരം സർക്കാർ 2022-23 ഓടെ ധനക്കമ്മി ജിഡിപിയുടെ 3.1 ശതമാനമായി കുറയ്ക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ഈ നിലപാടിൽ മാറ്റം ഉണ്ടായേക്കും.
എന്നാൽ, നിലവിലെ നിയമപ്രകാരം അനുവദനീയമായ പരിധിക്കപ്പുറം ധനക്കമ്മി വർദ്ധിപ്പിക്കാൻ പ്രാപ്തമാക്കുന്നതിനായി ധനകാര്യ ബില്ലിലെ എഫ്ആർബിഎം നിയമത്തിൽ ഭേദഗതി സർക്കാർ നിർദ്ദേശിക്കേണ്ടതുണ്ട്.
“ആദ്യ മൂന്ന് പാദങ്ങളിലെ കണക്കുകൾ പരിഗണിക്കുമ്പോൾ, നടപ്പ് സാമ്പത്തിക വർഷത്തിലെ ധനക്കമ്മി 3.5 ശതമാനം ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ (ബിഇ) കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, 3 ശതമാനം ഇടത്തരം ലക്ഷ്യം കൈവരിക്കാൻ സാധ്യതയില്ല. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ഞങ്ങൾ ഏകദേശം 4 ശതമാനം ലക്ഷ്യമിടുന്നു, അത് മതിയായതാണ്. ആത്യന്തിക ലക്ഷ്യം സാമ്പത്തിക പുനരുജ്ജീവനമാണ്, ഘടനാപരമായ പരിഷ്കാരങ്ങളും ചെലവുകളും ഉപയോഗിച്ച് അത് സാധ്യമാണ്. എന്നിരുന്നാലും, അതിന് പ്രതീക്ഷിക്കാത്ത സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ട്, ”ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.