സൂയസ് കനാലിലെ തടസ്സം: സാഹചര്യം വിശദമാക്കി ഇന്ത്യൻ ഷിപ്പിംഗ് കമ്പനികൾ, രാജ്യത്തെ ബാധിക്കുമെന്ന് വിദഗ്ധർ
“ഇന്ത്യയിലേക്കുളള ചരക്ക് നീക്കത്തെ ഹ്രസ്വകാലത്തേക്കെങ്കിലും ബാധിക്കില്ല. എന്നിരുന്നാലും, യാത്രകൾ മുടങ്ങുന്നത് കാരണം ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് പോകുന്ന കിഴക്ക് നിന്ന് പടിഞ്ഞാറോട്ടുളള ഇന്ത്യൻ കയറ്റുമതി ചരക്ക് കൊണ്ടുപോകുന്ന കപ്പലുകൾ കാലതാമസം നേരിടേണ്ടിവരും, ”
സൂയസ് കനാലിലെ ഗതാഗത തടസ്സം ചരക്ക് ഗതാഗതത്തിന് പ്രതിസന്ധിയായി തുടരുന്നു. ഇന്ത്യൻ ഷിപ്പിംഗ് കമ്പനികളായ ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ്, എസ്സാർ ഷിപ്പിംഗ് എന്നിവയ്ക്ക് ഇതുവരെ സമുദ്ര വ്യാപാരവുമായി ബന്ധപ്പെട്ട തടസ്സം വലിയ ആശങ്കയുണ്ടാക്കിയിട്ടില്ല, എന്നാൽ ഒരാഴ്ചയ്ക്ക് അപ്പുറത്തേക്ക് തടസ്സം തുടരുകയാണെങ്കിൽ അത് ഇന്ത്യൻ വ്യാപാരത്തെ ബാധിക്കുമെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ അഭിപ്രായപ്പെടുന്നു. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയിലേക്കുളള ചരക്ക് ഗതാഗതത്തിന് തടസ്സമുണ്ടാകും.
“ഞങ്ങളുടെ എല്ലാ കപ്പലുകളും ഇന്ത്യയ്ക്ക് ചുറ്റുമായി തെക്ക് കിഴക്കൻ ഏഷ്യ മേഖലയിലായതിനാൽ ഞങ്ങളെ നേരിട്ട് ബാധിക്കില്ല. എന്നിരുന്നാലും, കപ്പലുകളുടെ കുറവ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പരോക്ഷമായ ആഘാതം കാത്തിരുന്ന് കാണേണ്ടതുണ്ട്, ”എസ്സാർ ഷിപ്പിംഗ് എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രഞ്ജിത് സിംഗ് ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.
മൊത്തം 1.12 ദശലക്ഷം ഡി ഡബ്ല്യുടി (ഡെഡ് വെയ്റ്റ് ടൺ) ശേഷിയുള്ള 12 കപ്പലുകളുടെ ഒരു കൂട്ടം എസ്സാർ ഷിപ്പിംഗിലുണ്ട്. ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് ഇപ്പോഴും ആഘാതം വിലയിരുത്തുകയാണെന്നാണ് റിപ്പോർട്ടുകൾ.
“സൂയസ്മാക്സ് മേഖലയെയാകും ഇത് കൂടുതൽ ബാധിക്കുക, കൂടാതെ നീണ്ടു നിൽക്കുന്ന തടസ്സം കപ്പൽ വിതരണത്തിലെ ബാലൻസിനെ വേഗത്തിൽ ബാധിക്കും. ഈ മേഖലയിലെ ചില കപ്പലുകൾ സൂയസ് കനാലിലൂടെ വടക്കോട്ട് തിരിയുന്നു, കിഴക്കൻ യാത്രകൾ പൂർത്തിയാക്കിയ ശേഷം, വീണ്ടും ഏഷ്യയിലേക്ക് പോകാൻ കരിങ്കടലിൽ നിന്നോ മെഡിറ്ററേനിയനിൽ നിന്നോ ചരക്കുകൾ ഉയർത്താനുളളവയാണിവ, അതിനാൽ സ്ഥിരമായ കനാൽ തടസ്സം ഈ യാത്രാ ശൃംഖലയിൽ കാര്യമായ സ്വാധീനം ചെലുത്തും, ” ക്ലെയർ ഗ്രിയേഴ്സൺ പറഞ്ഞു, സിംസൺ സ്പെൻസ് യംഗിലെ ടാങ്കർ ഗവേഷണ വിഭാഗത്തിലെ സീനിയർ ഡയറക്ടറാണ് അദ്ദേഹം.
“ഇന്ത്യയിലേക്കുളള ചരക്ക് നീക്കത്തെ ഹ്രസ്വകാലത്തേക്കെങ്കിലും ബാധിക്കില്ല. എന്നിരുന്നാലും, യാത്രകൾ മുടങ്ങുന്നത് കാരണം ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് പോകുന്ന കിഴക്ക് നിന്ന് പടിഞ്ഞാറോട്ടുളള ഇന്ത്യൻ കയറ്റുമതി ചരക്ക് കൊണ്ടുപോകുന്ന കപ്പലുകൾ കാലതാമസം നേരിടേണ്ടിവരും, ”ഫ്രൈറ്റ്വാലയുടെ സഹസ്ഥാപകൻ സഞ്ജയ് ഭാട്ടിയ പറഞ്ഞു.