സ്റ്റാര്‍ട്ടപ്പുകൾ പുതിയ ഇന്ത്യയുടെ നട്ടെല്ല്, ഇത് സുവർണ കാലഘട്ടമെന്നും പ്രധാനമന്ത്രി

രാജ്യത്തിന്റെ നാനാദിക്കിലും സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം ബോധവത്കരിക്കാൻ ജനുവരി 16 ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു

Startups will be the backbone of new India says PM Modi

ദില്ലി: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങൾ വിപണിയിലെ മത്സരങ്ങളുടെ നിയമങ്ങള്‍ മാറ്റിയെഴുതുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. രാജ്യത്തെ സ്റ്റാർട്ടപ്പ് സംരംഭകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാര്‍ട്ടപ്പുകളുടെ സുവർണകാലഘട്ടമാണിതെന്ന് പറഞ്ഞ മോദി, പുതിയ ഇന്ത്യയുടെ നട്ടെല്ലായി സ്റ്റാർട്ടപ്പുകൾ മാറുമെന്ന് വിശ്വസിക്കുന്നതായും പറഞ്ഞു.

രാജ്യത്തിന്റെ നാനാദിക്കിലും സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം ബോധവത്കരിക്കാൻ ജനുവരി 16 ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. സംരംഭകങ്ങലെയും പുത്തൻ ആശയങ്ങളും ചുവപ്പു നാടയുടെ കുരുക്കിയ നിന്ന് മോചിപ്പിക്കുകയും  പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കും വിധം വ്യവസ്ഥാപിത സംവിധാനം ഒരുക്കലും യുവാക്കള്‍ക്കും അവരുടെ സംരംഭങ്ങള്‍ക്കും കൈത്താങ്ങാകാനുമാണ് തന്റെ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഉയര്‍ന്നുവന്നത് 42 യൂണികോണുകളാണെന്ന കാര്യം അദ്ദേഹം പ്രസംഗത്തിനിടെ ഓർമ്മിപ്പിച്ചു. ആയിരക്കണക്കിനു കോടിരൂപ മൂല്യമുള്ള ഇത്തരം കമ്പനികളാണ് സ്വയം പര്യാപ്തമായ, ആത്മവിശ്വാസമുള്ള ഇന്ത്യയുടെ മുഖമുദ്രയെന്ന പ്രശംസയും പ്രധാനമന്ത്രി നടത്തി. ഇന്ന് ഇന്ത്യ യൂണികോണുകളുടെ ശതകത്തിലേയ്ക്കു കുതിക്കുകയാണ്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ സുവര്‍ണ്ണ കാലഘട്ടത്തിനാണ് ഇപ്പോള്‍ തുടക്കംകുറിക്കുന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു. യുവാക്കൾ സ്വപ്നങ്ങളെ പ്രാദേശികമായി ഒതുക്കാതെ ആഗോള തലത്തിലെത്തിക്കണമെന്നും അക്കാര്യം എപ്പോഴും ഓർമ്മയിൽ വെക്കണമെന്നും അദ്ദേഹം പറഞ്ഞു. 

വീഡിയോ കോൺഫറൻസിലൂടെയാണ് മോദി സ്റ്റാർട്ടപ്പുകളുമായി സംവദിച്ചത്. അടിത്തട്ടില്‍ നിന്നുള്ള വളര്‍ച്ച; ജനിതകസൂചകങ്ങള്‍; പ്രാദേശികതലത്തില്‍ നിന്ന് ആഗോളതലത്തിലേക്ക്; ഭാവിയുടെ സാങ്കേതികവിദ്യ; നിര്‍മ്മാണമേഖലയിലെ ജേതാക്കളെ പടുത്തുയര്‍ത്തല്‍; സുസ്ഥിര വികസനം എന്നിങ്ങനെ ആറുവിഷയങ്ങളില്‍ പ്രധാനമന്ത്രിക്കു മുന്നില്‍ സ്റ്റാര്‍ട്ടപ്പുകള്‍ അവതരണം നടത്തി.

കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, ഡോ മന്‍സുഖ് മാണ്ഡവ്യ, അശ്വിനി വൈഷ്ണവ്, സര്‍ബാനന്ദ സോനോവാള്‍, പര്‍ഷോത്തം രൂപാല, ജി കിഷന്‍ റെഡ്ഡി, പശുപതി കുമാര്‍ പാരസ്‌ , ഡോ ജിതേന്ദ്ര സിങ്, സോം പ്രകാശ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഈ വര്‍ഷത്തെ ആസാദി കാ അമൃത് മഹോത്സവത്തില്‍ ഈ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ ഇന്നൊവേഷന്‍ വാരം  സംഘടിപ്പിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യ നൂറാം വര്‍ഷത്തില്‍ എത്തുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകളുടെ പങ്ക് നിര്‍ണായകമാണ്. സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്ത്, ഇന്ത്യയുടെ പതാക ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്തെ എല്ലാ സ്റ്റാര്‍ട്ടപ്പുകളേയും, നവീനാശയങ്ങളുമായെത്തുന്ന യുവാക്കളെയും അഭിനന്ദിക്കുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ സംസ്‌കാരം രാജ്യത്തിന്റെ നാനാദിക്കിലേക്കും എത്തുന്നതിന് ജനുവരി 16 ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചുവെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

'ഏഞ്ചല്‍ ടാക്സിന്റെ' പ്രശ്നങ്ങള്‍ ഒഴിവാക്കുക, നികുതി നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, ഗവണ്‍മെന്റ് ധനസഹായം ക്രമീകരിക്കുക, തൊഴില്‍ മേഖലയിലെ ഒമ്പതും പരിസ്ഥിതിമേഖലയിലെ മൂന്നും നിയമങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തല്‍ അനുവദിക്കുക, 25,000ലധികം ചട്ടങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയ നടപടികള്‍ സർക്കാർ സ്വീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

നവീനാശയങ്ങളുടെ സൂചകങ്ങളിലെ വലിയ വളര്‍ച്ചയെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2013-14 വര്‍ഷത്തില്‍ 4000 പേറ്റന്റുകള്‍ അംഗീകരിച്ചതായും കഴിഞ്ഞ വര്‍ഷം 28,000ലധികം പേറ്റന്റുകള്‍ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. 2013-14 വര്‍ഷത്തില്‍ ഏകദേശം 70,000 ട്രേഡ്മാര്‍ക്കുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2020-21 ല്‍ 2.5 ലക്ഷത്തിലധികം ട്രേഡ്മാര്‍ക്കുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2013-14 വര്‍ഷത്തില്‍, 4000 പകര്‍പ്പവകാശങ്ങള്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ, കഴിഞ്ഞ വര്‍ഷം അവയുടെ എണ്ണം 16,000 കവിഞ്ഞു. നവീനാശയങ്ങള്‍ക്കായുള്ള ഇന്ത്യയുടെ പ്രചാരണം ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യയുടെ റാങ്കിംഗ് മെച്ചപ്പെടുത്തിയെന്ന് പറഞ്ഞ അദ്ദേഹം 81-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ സൂചികയില്‍ 46-ാം സ്ഥാനത്താണെന്നും വ്യക്തമാക്കി.

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ 55 വ്യത്യസ്ത വ്യവസായങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അഞ്ച് വര്‍ഷം മുമ്പ് 500ല്‍ താഴെയുണ്ടായിരുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇന്ന് 60,000ത്തിലേറെയായി വര്‍ധിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ മത്സരങ്ങളുടെ നിയമങ്ങള്‍ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണു സ്റ്റാര്‍ട്ടപ്പുകള്‍ നവ ഇന്ത്യയുടെ നട്ടെല്ലായി മാറുമെന്നു ഞാന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios