രാജ്യത്ത് പണപ്പെരുപ്പ സമ്മർദ്ദം പ്രകടം: നബാർഡിനും എൻഎച്ച്ബിക്കും 5,000 കോടി; കൊവിഡിനെ നേരിടാൻ റിസർവ് ബാങ്ക്
റിവേഴ്‌സ് റിപ്പോ നിരക്കിലും ആര്‍ബിഐ മാറ്റം വരുത്തിയില്ല. 3.35 ശതമാനമാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.
കൊറോണ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്നുളള സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് 2020 മെയ് 22 ന് പതിവുകള്‍ക്ക് വിപരീതമായി പണനയ അവലോകന യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ റിസര്‍വ് ബാങ്ക് പണനയ സമിതി മുഖ്യ പലിശ നിരക്കായ റിപ്പോ നാല് ശതമാനമായി വെട്ടിക്കുറച്ചു. പ്രതിസന്ധി കാലത്ത് സമ്പദ്ഘടനയിലേക്ക് കൂടുതല്‍ പണം എത്തിക്കാനും രാജ്യത്തെ വായ്പ ലഭ്യത വര്‍ധിപ്പിക്കാനുമായിരുന്നു ഈ നടപടി.
ഓഗസ്റ്റ് നാലിന് വീണ്ടും സമിതി യോഗം ചേര്‍ന്നപ്പോള്‍ തന്നെ പലിശ നിരക്കില്‍ മാറ്റം ഉണ്ടായേക്കില്ലെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. പ്രവചനങ്ങൾക്കനുസരിച്ചുളള പ്രഖ്യാപനമാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസില്‍ നിന്നും ഉണ്ടായത്. 2000 ത്തിന് ശേഷമുളള ഏറ്റവും കുറഞ്ഞ നിരക്കായ നാല് ശതമാനത്തില്‍ തന്നെ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. റിവേഴ്‌സ് റിപ്പോ നിരക്കിലും ആര്‍ബിഐ മാറ്റം വരുത്തിയില്ല. 3.35 ശതമാനമാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ, ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന പണത്തിന്റെ പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ. സമിതി ആര്‍ബിഐയുടെ ധനനയ നിലപാടിലും മാറ്റം വരുത്തിയിട്ടില്ല. റിസര്‍വ് ബാങ്കിന്റെ ധനനയ നിലപാട് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകരമായ അക്കോമഡേറ്റീവ് എന്ന നിലയില്‍ തുടരും.
കൊവിഡ് -19 പകർച്ചവ്യാധി മൂലം ഉടലെടുത്ത ധനകാര്യ സമ്മർദ്ദം കണക്കിലെടുത്ത്, 2020 മാർച്ച് ഒന്ന് വരെയുളള ചില വായ്പകൾ പുനക്രമീകരിക്കാൻ ബാങ്കുകളെ അനുവദിക്കാനും കേന്ദ്ര ബാങ്ക് തീരുമാനിച്ചു. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾക്ക് രൂപം നൽകാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനുമായി കെ വി കാമത്തിന്റെ കീഴിൽ ഒരു വിദഗ്ധ സമിതി രൂപീകരിക്കും.
പണപ്പെരുപ്പ സമ്മർദ്ദം പ്രകടം
ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള റിസർവ് ബാങ്കിന്റെ ആറ് അംഗ ധനനയ സമിതിയുടെ (എംപിസി) 24-ാമത് ദ്വിമാസ യോഗത്തിന് ശേഷമാണ് തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. പണനയ അവലോകന സമിതിയിലെ എല്ലാ അംഗങ്ങളും തീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്തതായി റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കി.
"ആഗോള സാമ്പത്തിക പ്രവർത്തനം ദുർബലമായി തുടരുന്നു. കൊവിഡ് -19 കേസുകളുടെ വർദ്ധനവ് പുനരുജ്ജീവനത്തിന്റെ ആദ്യ ലക്ഷണങ്ങളെ ഇല്ലായ്മ ചെയ്തു," ശക്തികാന്ത ദാസ് പറഞ്ഞു. "സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടെടുക്കാൻ തുടങ്ങിയിരുന്നു. പക്ഷേ, അണുബാധയിലെ വർദ്ധനവ് നിയന്ത്രണങ്ങൾ തുടരാൻ നിർബന്ധിതരാക്കി. സപ്ലൈ ചെയിൻ തടസ്സങ്ങൾ നിലനിൽക്കുന്നു. പണപ്പെരുപ്പ സമ്മർദ്ദം സെഗ്‌മെന്റുകളിൽ പ്രകടമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
2020-21 രണ്ടാം പാദത്തിൽ പണപ്പെരുപ്പം ഉയരുമെന്നും തുടർന്നുള്ള വർഷത്തിന്റെ രണ്ടാം പകുതിയിൽ പണപ്പെരുപ്പം താഴേക്ക് എത്തുമെന്നും പ്രതീക്ഷിക്കുന്നതായി ആർബിഐ എംപിസി അഭിപ്രായപ്പെട്ടു. മൊത്ത ആഭ്യന്തര ഉത്പാദനം ഈ സാമ്പത്തിക വർഷം ആദ്യ പകുതിയിലും മുഴുവൻ സാമ്പത്തിക വർഷത്തിലും ചുരുങ്ങുമെന്ന് ഗവർണർ വ്യക്തമാക്കി. എന്നാൽ, ജിഡിപി എത്രയാകുമെന്ന പ്രതികരണത്തിന് ഗവർണർ തയ്യാറായില്ല.
നബാർഡിന് 5,000 കോടി
റിസർവ് ബാങ്ക് പ്രഖ്യാപിച്ച മറ്റ് പ്രധാന നടപടികൾ: 5,000 കോടി രൂപ വീതമുള്ള പ്രത്യേക ദ്രവ്യത സൗകര്യം നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആന്റ് റൂറൽ ഡെവലപ്മെൻറ് (നബാർഡ്), നാഷണൽ ഹൗസിംഗ് ബാങ്ക് (എൻഎച്ച്ബി) എന്നിവയ്ക്ക് നൽകും. പ്രാദേശിക അസമത്വം നീക്കം ചെയ്യുന്നതിനായി മുൻഗണനാ മേഖലയിലെ വായ്പാ മാർഗ്ഗനിർദ്ദേശങ്ങളും റിസർവ് ബാങ്ക് ഭേദഗതി ചെയ്യും. കുറഞ്ഞ വായ്പാ പ്രവാഹമുള്ള ജില്ലകൾക്ക് കൂടുതൽ പരിഗണന നൽകും.
സ്റ്റാർട്ടപ്പ് മേഖലയെ ഒരു മുൻഗണനാ മേഖലയായി ഉൾപ്പെടുത്തുകയും പുനരുപയോഗ ഊർജ്ജ മേഖലയ്ക്കുള്ള വായ്പയുടെ പരിധി ഉയർത്തുകയും ചെയ്തു. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഗാർഹിക സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിന്, സ്വർണ വായ്പകളുടെ പരിധി 75 ശതമാനത്തിൽ നിന്ന് 90 ശതമാനമായി ഉയർത്തി.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന മാക്രോ ഇക്കണോമിക് ചുറ്റുപാടുകളുടെയും വളർച്ചയുടെ കാഴ്ചപ്പാട് മോശമായതും കാരണം, ഈ വർഷം മാർച്ച്, മെയ് മാസങ്ങളിൽ എംപിസിക്ക് ഓഫ്-സൈക്കിൾ മീറ്റിംഗുകൾ നടത്തേണ്ടിവന്നതായി റിസർവ് ബാങ്ക് വ്യക്തമാക്കി. ഈ രണ്ട് മീറ്റിംഗുകളിലും എംപിസി റിപ്പോ നിരക്ക് 115 ബേസിസ് പോയിൻറ് കുറച്ചിട്ടുണ്ട്, 2019 ഫെബ്രുവരി മുതലുളള പോളിസി റേറ്റ് കുറയ്ക്കൽ കൂടി പരിഗണിച്ചാൽ ആകെ പലിശയിലെ കുറവ് 250 ബേസിസ് പോയിൻറായി.