'ചർച്ചയ്ക്ക് തയ്യാർ'; പെട്രോളിയത്തെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നതിൽ നിലപാടെടുത്ത് നിർമല സീതാരാമൻ
ഫിനാൻസ് ബില്ലിൽ മറുപടി പറയുന്നതിനിടെയാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ തന്റെ നിലപാട് വ്യക്തമാക്കിയത്.
ദില്ലി: രാജ്യത്ത് ഇന്ധന വിലയിലെ ഉയർന്ന നികുതി വെട്ടിക്കുറക്കണമെന്ന ആവശ്യം പരക്കെ ഉയരുന്നതിനിടെ, പെട്രോളിയത്തെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്ന കാര്യം ചർച്ച ചെയ്യാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. അടുത്ത ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ ഇത് ചർച്ച ചെയ്യാമെന്നാണ് അറിയിച്ചിരിക്കുന്നത്.
നിലവിൽ ഇന്ധനങ്ങളുടെ റീടെയ്ൽ വിലയുടെ പാതിയിലേറെയും കേന്ദ്ര- സംസ്ഥാന നികുതികളും സെസ്സുകളുമാണ്. പെട്രോൾ വിലയുടെ 60 ശതമാനം വരുമിത്. ദില്ലിയിൽ ഡീസൽ വിലയുടെ 53 ശതമാനവും നികുതിയാണ്. 39 ശതമാനത്തോളം കേന്ദ്ര എക്സൈസ് നികുതിയുമാണ്.
ഫിനാൻസ് ബില്ലിൽ മറുപടി പറയുന്നതിനിടെയാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ തന്റെ നിലപാട് വ്യക്തമാക്കിയത്. തനിക്ക് ഇക്കാര്യത്തിൽ വിരുദ്ധാഭിപ്രായം ഇല്ലെന്നും സംസ്ഥാനങ്ങൾ തയ്യാറാണെങ്കിൽ ഇക്കാര്യം ചർച്ച ചെയ്യുന്നതിൽ സന്തോഷമേയുള്ളൂവെന്നും അവർ പറഞ്ഞു.