ഇൻഷുറൻസ് മേഖലയിലെ നേരിട്ടുളള വിദേശ നിക്ഷേപ പരിധി 74 ശതമാനമാകും, ബിൽ രാജ്യസഭ കടന്നു

ഇൻഷുറൻസ് മേഖലയിലെ എഫ്ഡിഐ പരിധി 74 ശതമാനമായി ഉയർത്താനാണ് ബിൽ ശ്രമിക്കുന്നത്. 

Rajya Sabha passes bill to raise FDI limit in insurance sector

ദില്ലി: ഇൻഷുറൻസ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി നിലവിലെ 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്താനുള്ള ബില്ലിന് രാജ്യസഭ അംഗീകാരം നൽകി. രാജ്യത്ത് ഇൻഷുറൻസ് രം​ഗത്തെ വിദേശ നിക്ഷേപം ആഭ്യന്തര ദീർഘകാല വിഭവങ്ങൾക്ക് സഹായകമാണെന്ന് ഇൻഷുറൻസ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടിയായി ധനമന്ത്രി നിർമല സിതാരാമൻ പറഞ്ഞു. ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്.

ഇൻഷുറൻസ് വ്യവസായ നിയന്ത്രണ ഏജൻസിയായ ഐആർഡിഎഐ ബന്ധപ്പെട്ടവരുമായി വിശദമായ കൂടിയാലോചന നടത്തിയ ശേഷമാണ് എഫ്ഡിഐ പരിധി 74 ശതമാനമായി ഉയർത്താനുള്ള തീരുമാനം എടുത്തതെന്ന് ധനമന്ത്രി പറഞ്ഞു.

ബിൽ അനുസരിച്ച്, ബോർഡിലെ ഭൂരിഭാഗം ഡയറക്ടർമാരും പ്രധാന മാനേജ്മെന്റ് വ്യക്തിത്വങ്ങളും റസിഡന്റ് ഇന്ത്യക്കാരായിരിക്കും, കുറഞ്ഞത് 50 ശതമാനം ഡയറക്ടർമാരും സ്വതന്ത്ര ഡയറക്ടർമാരാണ്, കൂടാതെ ലാഭത്തിന്റെ നിർദ്ദിഷ്ട ശതമാനം പൊതു കരുതൽ ധനമായി നിലനിർത്തുകയും വേണം. 2015 ലാണ് ഇൻഷുറൻസ് മേഖലയിലെ എഫ്ഡിഐ പരിധി സർക്കാർ 26 ശതമാനത്തിൽ നിന്ന് 49 ശതമാനമായി ഉയർത്തിയത്.

എഫ്ഡിഐയുടെ വർദ്ധനവ് രാജ്യത്ത് ലൈഫ് ഇൻഷുറൻസ് രം​ഗത്തെ നിക്ഷേപം മെച്ചപ്പെടുത്തും. ജിഡിപിയുടെ ശതമാനമെന്ന നിലയിൽ ലൈഫ് ഇൻഷുറൻസ് പ്രീമിയം രാജ്യത്ത് 3.6 ശതമാനമാണ്, ആഗോള ശരാശരിയായ 7.13 ശതമാനത്തിൽ താഴെയാണിത്, ജനറൽ ഇൻഷുറൻസിന്റെ കാര്യത്തിലും, ജിഡിപിയുടെ 0.94 ശതമാനം മാത്രാണിത്, ലോക ശരാശരി 2.88 ശതമാനവും. 

വിദേശ നിക്ഷേപ പരിധി 24 ശതമാനത്തിൽ നിന്ന് 49 ശതമാനമായി ഉയർത്തിയപ്പോൾ 2015 ന് ശേഷം ഇൻഷുറൻസ് മേഖലയിൽ 26,000 കോടി രൂപ വിലമതിക്കുന്ന എഫ്ഡിഐ ഇന്ത്യയ്ക്ക് ലഭിച്ചുവെന്ന് നിർമല സീതാരാമൻ പറഞ്ഞു.

ഇൻഷുറൻസ് കമ്പനികൾ പണലഭ്യത സമ്മർദ്ദം നേരിടുന്നുണ്ടെന്നും അതിനാലാണ് എഫ്ഡിഐ പരിധി ഇനിയും വർദ്ധിപ്പിക്കാൻ സർക്കാർ നിർദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു. ആഭ്യന്തര ദീർഘകാല മൂലധനത്തിന് അനുബന്ധമായി വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) ബില്ല് ലക്ഷ്യമിടുന്നു.

വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്തുന്നത് ഇൻഷുറൻസ് കമ്പനികളുടെ വർദ്ധിച്ചുവരുന്ന മൂലധന ആവശ്യകത നിറവേറ്റാൻ സഹായിക്കും. ഇൻഷുറൻസ് മേഖലയിലെ എഫ്ഡിഐ പരിധി 74 ശതമാനമായി ഉയർത്താനാണ് ബിൽ ശ്രമിക്കുന്നത്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു.


 

Latest Videos
Follow Us:
Download App:
  • android
  • ios