വായ്പകൾക്ക് ഒമ്പത് മാസം വരെ മൊറട്ടോറിയം അനുവദിക്കണം, നിർദ്ദേശങ്ങളുമായി രാജീവ് ചന്ദ്രശേഖർ
വനിതാ സംരംഭകത്വ നയത്തിൽ ഗ്രാമീണ വനിതാ സംരംഭകരെ ഒരു വിഭാഗമായി ഉൾപ്പെടുത്തി അവർക്ക് ശരിയായ അംഗീകാരവും പരിഗണനയും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
നമ്മുടെ സമ്പദ്‌വ്യവസ്ഥ വലിയ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് എംഎസ്‌എംഇകളെ (സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭങ്ങൾ) പിന്തുണയ്ക്കുക എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണെന്ന് രാജ്യസഭാ എം പി രാജീവ് ചന്ദ്രശേഖർ. കേന്ദ്ര സർക്കാരിന്റെ കൊവിഡ് പാക്കേജുമായി (ആത്മ നിർഭർ ഭാരത് അഭിയാൻ) ബന്ധപ്പെട്ട് ധനമന്ത്രിക്ക് സമർപ്പിച്ച തന്റെ നിർദ്ദേശങ്ങളിലാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ആഘാതത്തിൽ നിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ കരകയറ്റാം എന്നതിനെ സംബന്ധിച്ച് അദ്ദേഹം അടുത്തിടെ ബിസിനസുകാരുമായും സാമ്പത്തിക വിദഗ്ധരുമായും ചർച്ച നടത്തിയിരുന്നു.
നിരവധി വനിതാ സംരംഭകരുമായി വീഡിയോ കോൺഫറൻസിലൂടെ അദ്ദേഹം പാക്കേജ് വിശദാംശങ്ങൾ ചർച്ച ചെയ്തു. 20 ലക്ഷം കോടി രൂപ പാക്കേജിൽ ബിസിനസുകൾക്ക് പിന്തുണ നൽകാൻ മോദി സർക്കാർ സ്വീകരിച്ച നടപടികളും എംപി അവരോട് വിശദീകരിച്ചു. ഇത്തരം ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉയർന്ന വിഷയങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയാണ് അദ്ദേഹം ധനമന്ത്രിക്ക് കത്തെഴുതിയത്.
ലോക്ക്ഡൗൺ കാലയളവിൽ വായ്പകൾക്ക് ആറ് മുതൽ ഒമ്പത് മാസം വരെ മൊറട്ടോറിയം അനുവദിക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് കത്തിൽ ആവശ്യപ്പെട്ടു. കൂടാതെ, ചെറുകിട ബിസിനസ്സുകളെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണം. കൊവിഡ് കാലത്ത് ഈ നടപടി ചെറുകിട ബിസിനസ്സുകൾക്ക് ഈ നടപടി ഏറെ ആശ്വാസകരമായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. കേന്ദ്ര സർക്കാരിന്റെ കൊവിഡ് പാക്കേജ് നിർദ്ദേശങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ അദ്ദേഹം എംഎസ്എംഇകളോട് (സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭങ്ങൾ) അഭ്യർത്ഥിച്ചു.
സർക്കാർ പാക്കേജ് പ്രഖ്യാപിച്ച ശേഷം അതിന്റെ ആവശ്യകതയും ലക്ഷ്യങ്ങളും രാജീവ് ചന്ദ്രശേഖർ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിശദീകരിച്ചിരുന്നു. നിരവധി സംരംഭകർ എസ്‌എഫ്‌സി (സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ) വായ്പകൾ എടുത്തിട്ടുണ്ട്. പലിശ അടയ്‌ക്കേണ്ട സമയം നീട്ടാനും ബില്ലുകൾക്കുള്ള ഇളവ് പരിഗണിക്കുന്നതിനൊപ്പം തിരിച്ചടവ് മാറ്റാനും ഉളള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെടുന്നു.
ഗ്രാമീണ വനിതാ സംരംഭകർക്ക് സർക്കാർ പരിപാടികളിൽ കൂടുതൽ ശ്രദ്ധയും പ്രോത്സാഹനവും ആവശ്യമാണ്. ഉപജീവന വരുമാനമുള്ള ഗ്രാമീണ സ്ത്രീകളെ സഹായിക്കുന്നതിനും സ്ത്രീകൾ നയിക്കുന്ന ഇന്ത്യൻ കൈത്തറി, മേക്ക് ഇൻ ഇന്ത്യ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും സംരംഭങ്ങളുടെ ആർ ആൻഡ് ഡി കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും നടപടികൾ ഉണ്ടാകണം. വനിതാ സംരംഭകത്വ നയത്തിൽ ഗ്രാമീണ വനിതാ സംരംഭകരെ ഒരു പ്രത്യേക വിഭാഗമായി ഉൾപ്പെടുത്തി അവർക്ക് ശരിയായ അംഗീകാരവും പരിഗണനയും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
വനിതാ സംരംഭകരുടെ പ്രശ്നങ്ങൾ പരിശോധിക്കാൻ സംസ്ഥാന സർക്കാരുകളെ നിരന്തരമായി പ്രോത്സാഹിപ്പിക്കാനുളള നടപടി കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായകണമെന്ന് അദ്ദേഹം ധനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. നിലവിലുള്ള എന്റർപ്രൈസസിന്റെ വിപുലീകരണത്തിനും നവീകരണത്തിനുമുള്ള വായ്പകളുടെ പലിശ നിരക്കിൽ ഇളവില്ലെന്ന സ്റ്റേറ്റ് ബാങ്കിന്റെ പ്രസ്താവനയെപ്പറ്റിയും അദ്ദേഹം കത്തിൽ പരാമർശിക്കുന്നുണ്ട്.