കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ വിപണി ഇടപെടൽ വർധിപ്പിക്കാൻ സർക്കാർ: ഓഹരി തിരിച്ചുവാങ്ങൽ പ്രഖ്യാപനത്തിന് സാധ്യത
വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് സമാനമായി കൂടുതൽ ഓഹരി തിരിച്ചുവാങ്ങൽ പ്രഖ്യാപനങ്ങൾക്ക് സാധ്യത.
ദില്ലി: കൊവിഡ് -19 കാലയളവിൽ മന്ദഗതിയിലായ രാജ്യത്തിന്റെ വ്യാവസായിക വളർച്ചയെ ശക്തിപ്പെടുത്തുന്നതിനായി പൊതുമേഖല സ്ഥാപനങ്ങളുടെ മൂലധനച്ചെലവ് വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ.
എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളോട് തങ്ങളുടെ നിക്ഷേപം വേഗത്തിലാക്കാനും ഡിസംബറോടെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂലധന ചെലവിന്റെ 75 ശതമാനമായി ഇത് ഉയർത്താനും ആവശ്യപ്പെട്ടിരുന്നു. അടുത്ത മാർച്ചോടെ ഈ പ്രവർത്തനം 100 ശതമാനത്തിന് മുകളിലേക്ക് എത്തിക്കാനാണ് അടുത്തിടെ നടന്ന ഒരു അവലോകന യോഗത്തിൽ ധനമന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.
വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് സമാനമായി കൂടുതൽ ഓഹരി തിരിച്ചുവാങ്ങൽ പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ടെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ക്രൂഡ് വിലയുടെ അടിസ്ഥാനത്തിൽ വലിയ ഇൻവെന്ററി നേട്ടമുണ്ടാക്കാൻ സജ്ജമായിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉയർന്ന ഇടക്കാല ഡിവിഡന്റുകളോ പ്രത്യേക ഡിവിഡന്റുകളോ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കേന്ദ്ര സർക്കാരിലേക്ക് ലാഭ വിഹിതമായി കൂടുതൽ പണം എത്താനും ഈ നടപടി സഹായകരമായേക്കും.