'അഞ്ചു ട്രില്യൺ സമ്പദ് വ്യവസ്ഥ നേടാനാകുമെന്ന ആത്മവിശ്വാസം രാഷ്ട്രത്തിനുണ്ട്' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
എന്തിനുമേതിനും അശുഭ ചിന്തകൾ മാത്രം പകർന്നു തരുന്നവരോടൊപ്പം പുലർന്നാൽ എന്നും അവിശ്വാസവും നിരാശയും മാത്രമായിരിക്കും മനുഷ്യനുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു
കൊവിഡ് സാമ്പത്തിക വ്യവസ്ഥയെ തളർത്തിയ സാഹചര്യത്തിൽ ഇനിയും അഞ്ചു ട്രില്യൺ സാമ്പത്തിക വ്യവസ്ഥ എന്ന സ്വപ്നം സാധ്യമാണ് എന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, ശുഭാപ്തി വിശ്വാസമുള്ള ജനതക്ക് എന്തും ചെയ്യാനുള്ള കഴിവുണ്ടാകും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറഞ്ഞു. എക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മോദി ഇങ്ങനെ ഒരു ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
ഇക്കാര്യത്തിൽ ആശങ്കയും സംശയവുമൊക്കെ തോന്നുന്നവർ ഇടപഴകുന്നത് ദോഷൈകദൃക്കുകളോടൊപ്പമാണ് എന്നും, എന്തിനുമേതിനും അശുഭ ചിന്തകൾ മാത്രം പകർന്നു തരുന്നവരോടൊപ്പം പുലർന്നാൽ എന്നും അവിശ്വാസവും നിരാശയും മാത്രമായിരിക്കും മനുഷ്യനുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ശുഭാപ്തി വിശ്വാസമുള്ളവരോടാണ് എങ്കിൽ നിങ്ങൾക്ക് എന്നും കേൾക്കാനാവുക കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ഉപായങ്ങളും, നിർദേശങ്ങളും, പുതിയ ആശയങ്ങളും ആയിരിക്കും. ഇന്ന് നമ്മുടെ രാജ്യം വലിയ ശുഭാപ്തി വിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നത്. ആഞ്ഞുപിടിച്ചാൽ അഞ്ചു ട്രില്യൺ മറികടക്കാം എന്ന ആത്മവിശ്വാസം അതിനുണ്ട്. ഇന്ന് നമ്മുടെ കൊറോണ യോദ്ധാക്കൾ 18-20 മണിക്കൂർ വീതം ദിവസേന അധ്വാനിച്ചിട്ടാണ് നമ്മളെ സുരക്ഷിതരാക്കി നിലനിർത്തുന്നത്. ആ അധ്വാനം കാണുമ്പോൾ നമുക്ക് നമ്മുടെ പ്രയത്നങ്ങൾ കുറേക്കൂടി കടുപ്പിക്കാനുള്ള പ്രേരണ കിട്ടും.
ഈ വർഷം നമ്മൾ നേരത്തെ പ്രതീക്ഷിച്ച പോലെ, ഉദ്ദേശിച്ച പോലെ അഞ്ചു ട്രില്യൺ കടക്കാൻ സാധിച്ചില്ലെങ്കിലെന്താണ്? അടുത്ത വർഷം, ഇക്കൊല്ലം ഉണ്ടായിട്ടുള്ള നഷ്ടങ്ങൾ കൂടി നികത്തി അതിവേഗം പുരോഗമിക്കാൻ ശ്രമിക്കും നമ്മൾ. മാർഗത്തിലെ തടസ്സങ്ങൾ കണ്ടു മനം മടുക്കുന്നവർക്ക് ജീവിതത്തിൽ യാതൊന്നും തന്നെ നേടാനാവില്ല. സ്വപ്നം കാണാത്തവനെ കാത്തിരിക്കുന്നത് നഷ്ടങ്ങൾ മാത്രമാവും. ഇന്ന് വാങ്ങൽ ശേഷിയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ നമ്മൾ ലോകത്ത് മൂന്നാം സ്ഥാനത്താണുള്ളത്.
ഈ ഗവണ്മെന്റിന് ഇന്നുവരെ നിശ്ചയിച്ച ലക്ഷ്യങ്ങൾ ഒക്കെയും നേടിയ ചരിത്രം മാത്രമാണ് ഉള്ളത്. ഗ്രാമീണ ശുചീകരണവും, വൈദ്യുതീകരണവും, ഉജ്ജ്വല പദ്ധതിയും മറ്റു വികസനപദ്ധതികളും ഒക്കെ നടപ്പിലാക്കിയ നമുക്ക് ഇതും സാധ്യമാണ്. താമസിയാതെ നമ്മൾ അഞ്ചു ട്രില്യൺ എക്കോണമിയും ആകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട എന്നും പ്രധാനമന്ത്രി മോദി എക്കണോമിക് ടൈംസിനോട് പറഞ്ഞു.