അപ്രതീക്ഷിതം; നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ രാജിവെച്ചു, സുമൻ കെ ബെറി സ്ഥാനമേറ്റെടുക്കും
അപ്രതീക്ഷിതമായാണ് രാജീവ് കുമാർ നീതി ആയോഗ് ഉപാധ്യക്ഷ സ്ഥാനം രാജി വെച്ചത്. അടിയന്തര രാജിയുടെ കാരണം വ്യക്തമല്ല.
ദില്ലി: നിതി ആയോഗ് (Niti Ayog) ഉപാധ്യക്ഷനായി സുമൻ കെ ബെറിയെ നിയമിച്ചു. നിലവിലെ ദില്ലി ഉപാധ്യക്ഷൻ രാജീവ് കുമാർ (Rajiv Kumar) രാജിവെച്ച സാഹചര്യത്തിലാണ് നിയമനം. അടുത്ത മാസം ഒന്നിന് ചുമതലയേറ്റെടുക്കും. അപ്രതീക്ഷിതമായാണ് രാജീവ് കുമാർ നീതി ആയോഗ് ഉപാധ്യക്ഷ സ്ഥാനം രാജി വെച്ചത്. അടിയന്തര രാജിയുടെ കാരണം വ്യക്തമല്ല. 2017 ൽ രാജീവ് കുമാർ ചുമതലയലേൽക്കുന്ന സമയം, സുമൻ കെ.ബെറി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ പ്രവർത്തിച്ചിരുന്നു.
2017 സെപ്തംബർ മുതൽ നീതി ആയോഗിന്റെ ഉപാധ്യക്ഷനായിരുന്നു രാജീവ് കുമാർ. മുൻപ് ലഖ്‌നൗ ഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിലെ ഗവർണേർസ് ബോർഡ് ചെയർമാനായും പുണെ ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്റ് ഇക്കണോമിക്സിന്റെ ചാൻസലറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇന്റസ്ട്രീസ് ചെയർമാനായിരുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രി ചെയർമാനുമായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡിൽ രണ്ട് വട്ടം അംഗമായിരുന്നു. ആർബിഐയുടെ സെൻട്രൽ ബോർഡിലും അംഗമായിരുന്നു.