ധനകാര്യ രംഗത്തെ പരിഷ്കാരങ്ങൾ തുടരും, തൊഴിലില്ലായ്മ പരിഹരിക്കാൻ കൂടുതൽ വിഹിതം: ബജറ്റ് ചർച്ചയിൽ ധനമന്ത്രി
ബജറ്റ് സമ്പന്നർക്ക് അനുകൂലിക്കൂലമാണെന്നും ദരിദ്രർക്ക് കാര്യമായൊന്നും നൽകുന്നില്ലെന്നുമുളള പ്രതിപക്ഷ കോൺഗ്രസ് പാർട്ടിയുടെ വിമർശനം ധനമന്ത്രി തള്ളിക്കളഞ്ഞു.
ദില്ലി: അടുത്തിടെ അവതരിപ്പിച്ച ബജറ്റിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ വിഹിതം അടുത്ത സാമ്പത്തിക വർഷം ഗ്രാമീണ തൊഴിൽ മേഖലയ്ക്കായി ചെലവഴിക്കാൻ സർക്കാർ സന്നദ്ധമാണെന്നും തുറന്ന സമ്പദ് വ്യവസ്ഥയ്ക്കായി കൂടുതൽ പരിഷ്കാരങ്ങൾ തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് ചർച്ചയ്ക്ക് മറുപടി നൽകി പാർലമെന്റ് അംഗങ്ങളോട് പറഞ്ഞു.
വളർച്ചയ്ക്ക് തടസ്സം നിൽക്കുന്ന ചട്ടങ്ങളിൽ ഇളവുകൾ നൽകാനുളള വ്യവസ്ഥകൾ 2021-22 ലേക്കുളള കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുളളതായും മന്ത്രി സഭയിൽ വ്യക്തമാക്കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ആക്ടിന് (എംജിഎൻആർജിഎ) കീഴിലുള്ള പദ്ധതി ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ജോലി നൽകുകയും ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗം സംരക്ഷിക്കുകയും ചെയ്യുന്നു.
ഓരോ ഗ്രാമീണ കുടുംബത്തിനും സാമ്പത്തിക വർഷത്തിൽ 100 ദിവസത്തെ ജോലി ഡിമാൻഡ്-ഡ്രൈവ് സ്കീം ഉറപ്പുനൽകുന്നു. അവിദഗ്ദ്ധ ജോലികൾക്കുള്ള ആവശ്യം അടുത്ത വർഷം ഉയർന്നാൽ സർക്കാർ വിഹിതം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ, സർക്കാർ ആദ്യം 61,500 കോടി രൂപ നീക്കിവച്ചിരുന്നുവെങ്കിലും ഗ്രാമീണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പകർച്ചവ്യാധി മൂലം നഗരങ്ങളിൽ നിന്ന് മടങ്ങുന്ന കുടിയേറ്റക്കാരെ സഹായിക്കുന്നതിനുമായി പുതുക്കിയ എസ്റ്റിമേറ്റിൽ ഇത് 1.12 ട്രില്യൺ രൂപ വരെ ഉയർത്തിയിട്ടുണ്ട്.
പരിഷ്കരണത്തോടുള്ള സർക്കാരിന്റെ സമീപനം സമഗ്രമാണെന്ന് നിർമല സീതാരാമൻ സഭയോട് പറഞ്ഞു.
ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥകളിലൊന്നായി മാറ്റുന്നതിനുള്ള ഒരു പാത സൃഷ്ടിക്കലാണ് പരിഷ്കാരങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്, സംഭവങ്ങളോടുള്ള നയപരമായ പ്രതികരണമല്ല അത്. ധനകാര്യ രംഗത്തെ പരിഷ്കാരങ്ങൾ ദാരിദ്ര്യ ലഘൂകരണത്തിലേക്ക് നയിക്കുന്നുവെന്ന് അനുഭവങ്ങളിലൂടെ തെളിയിച്ചതിനാലാണിത്. ലൈസൻസ്-ക്വാട്ട രാജിൽ നിന്ന് പൊതു-സ്വകാര്യ മേഖലകളെ മോചിപ്പിച്ചതുമുതൽ യഥാർത്ഥ ദാരിദ്ര്യ ലഘൂകരണം നടക്കുന്നുണ്ടെന്ന് 1991 ലെ പരിഷ്കാരങ്ങളെ പരാമർശിച്ച് മന്ത്രി പറഞ്ഞു.
ബജറ്റ് സമ്പന്നർക്ക് അനുകൂലമാണെന്നും ദരിദ്രർക്ക് കാര്യമായൊന്നും നൽകുന്നില്ലെന്നുമുളള പ്രതിപക്ഷ കോൺഗ്രസ് പാർട്ടിയുടെ വിമർശനം ധനമന്ത്രി തള്ളിക്കളഞ്ഞു.
“സമ്പത്ത് സൃഷ്ടാക്കൾ സമ്പത്ത് സൃഷ്ടിച്ചില്ലെങ്കിൽ, ദരിദ്രർക്കും കുടിയേറ്റ തൊഴിലാളികൾക്കും വിതരണം ചെയ്യാൻ സർക്കാരിന്റെ പക്കൽ ഒന്നും ഉണ്ടാകില്ല,” ധനമന്ത്രി പറഞ്ഞു.