എൻബിഎഫ്സി നിയന്ത്രണ ചട്ടം പരിഷ്കരിക്കാൻ റിസർവ് ബാങ്ക്: നാല് തട്ടുകളായി തരംതിരിക്കാൻ ആലോചന
ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനും നിയന്ത്രണം സുഗമമാക്കാനും എൻബിഎഫ്സികളെ ചെറുത്, ഇടത്തരം, ഉയർന്ന തരം, ഏറ്റവും ഉയർന്ന തരം എന്നിങ്ങനെ വേർതിരിക്കാനാണ് റിസർവ് ബാങ്കിന്റെ ശ്രമം.
മുംബൈ: ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെ (എൻബിഎഫ്സി) നാല് തട്ടുകളായി തരംതിരിക്കാൻ റിസർവ് ബാങ്ക് ആലോചന. ഇതിനൊപ്പം എൻബിഎഫ്സികളുടെ നിയന്ത്രണ വ്യവസ്ഥകളിൽ മാറ്റം വരുത്താനും റിസർവ് ബാങ്ക് ആലോചിക്കുന്നുണ്ട്. നിയന്ത്രണ വ്യവസ്ഥകളിൽ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങളടങ്ങിയ കരട് രേഖ റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചു.
ഒരു മാസം കാലാവധിയിൽ ഈ മേഖലയുമായി ബന്ധപ്പെട്ടവരിൽ നിന്നുളള അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയ ശേഷമാകും ആർബിഐ അന്തിമ തീരുമാനത്തിലേക്ക് പോകുക. എൻബിഎഫ്സി മേഖലയുടെ വലുപ്പം വളരെ കൂടുതലാണെന്നാണ് വിലയിരുത്തൽ. അതിനാൽ നിയന്ത്രണ വ്യവസ്ഥകൾ പരിഷ്കരിക്കണം. ധനകാര്യ രംഗത്തെ ഒട്ടേറെ സ്ഥാപനങ്ങൾ എൻബിഎഫ്സികളുടമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതുമൂലം ഈ രംഗത്തുണ്ടാകുന്ന ഏത് തെറ്റായ ചലനങ്ങളും വലിയ പ്രത്യാഘാതങ്ങൾ വഴിവയ്ക്കുമെന്നും റിസർവ് ബാങ്ക് വിലയിരുത്തുന്നു.
ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനും നിയന്ത്രണം സുഗമമാക്കാനും എൻബിഎഫ്സികളെ ചെറുത്, ഇടത്തരം, ഉയർന്ന തരം, ഏറ്റവും ഉയർന്ന തരം എന്നിങ്ങനെ വേർതിരിക്കാനാണ് റിസർവ് ബാങ്കിന്റെ ശ്രമം. ഇതിലൂടെ ഈ മേഖലയിലെ തെറ്റായ പ്രവണതകളും തട്ടിപ്പുകളും കുറയ്ക്കാനാകുമെന്നാണ് കണക്കാക്കുന്നത്.