വായ്പാ പുന:സംഘടന: പ്രത്യേക അവലോകനം യോഗം വിളിച്ച് ധനമന്ത്രി നിർമല സീതാരാമൻ
വാണിജ്യ ബാങ്കുകളുടെയും എൻബിഎഫ്‌സികളുടെയും (ബാങ്ക് ഇതര ധനകാര്യ സ്ഥാപനം) ഉയർന്ന മാനേജ്മെന്റ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
ദില്ലി: കൊവിഡ് -19 പകർച്ചവ്യാധി മൂലം പ്രതിസന്ധയിലായ വായ്പയെടുത്തവർക്ക് ആശ്വാസം നൽകുന്നതിനായുളള വായ്പാ പുന:സംഘടന പദ്ധതി ചർച്ച ചെയ്യാൻ ധനമന്ത്രി നിർമല സീതാരാമൻ പ്രത്യേക യോഗം വിളിച്ചു. പദ്ധതിയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി ധനമന്ത്രി സെപ്റ്റംബർ മൂന്നിനാണ് ധനകാര്യ മേഖലയുടെ യോഗം വിളിച്ചിരിക്കുന്നത്.
ബാങ്ക് വായ്പകളുടെ പുന:സംഘന സംബന്ധിച്ച പരിഹാര ചട്ടക്കൂട് നടപ്പാക്കുന്നതിലെ സമയക്രമവുമായി ബന്ധപ്പെട്ട് വാണിജ്യ ബാങ്കുകളുടെയും എൻബിഎഫ്‌സികളുടെയും (ബാങ്ക് ഇതര ധനകാര്യ സ്ഥാപനം) ഉയർന്ന മാനേജ്മെന്റ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
“പ്രവർത്തനക്ഷമതയുടെ അടിസ്ഥാനത്തിൽ പുനരുജ്ജീവന ചട്ടക്കൂട് ലഭ്യമാക്കുന്നതിന് ബിസിനസ്സുകളെയും ജീവനക്കാരെയും പ്രാപ്തരാക്കുക, ബാങ്ക് നയങ്ങൾ അന്തിമമാക്കുക, അർഹതയുളള വായ്പക്കാരെ തിരിച്ചറിയുക തുടങ്ങിയ ആവശ്യമായ നടപടികൾ യോഗം ചർച്ച ചെയ്യും. സുഗമവും വേഗത്തിലുള്ളതുമായ പദ്ധതി നടപ്പാക്കലിനായി അഭിസംബോധന ചെയ്യേണ്ട പ്രശ്നങ്ങളാകും യോഗത്തിന്റെ പ്രധാന ഊന്നൽ, ” ധനമന്ത്രാലയം വ്യക്തമാക്കി.
കോർപ്പറേറ്റ്, എംഎസ്എംഇ, വ്യക്തിഗത വായ്പ വിഭാഗങ്ങൾ എന്നിങ്ങനെ എല്ലാത്തരം വായ്പക്കാർക്കുമുളള വായ്പാ പുന:സംഘടന പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ഓഗസ്റ്റ് 6 ന് റിസർവ് ബാങ്ക് നടത്തിയിരുന്നു.