ഐഎംഎഫ് പറയുന്നു നമ്മൾ നീങ്ങുന്നത് 'ദ ഗ്രേറ്റ് ലോക്ക്ഡൗണിലേക്ക്'; ഇന്ത്യ നേരിടും, കരുത്തോടെ തിരിച്ചുവരും !

ഇത് ഇന്ത്യക്ക് ഒരു അവസരമാണ്. ഇത്തരത്തിൽ തിരഞ്ഞെടുത്ത മേഖലകളിലേക്ക് ബാങ്കുകൾക്ക് സുഗമമായി വായ്പ നൽകാം. ആരോഗ്യ മേഖല ഇതിന് ഉത്തമ ഉദാഹരണമാണ്.
 

lockdown 2.0 and it's impact on Indian economy by akhil ratheesh

'ദ ഗ്രേറ്റ് ലോക്ക്ഡൗൺ' ഇപ്പോൾ ലോകം നീങ്ങി കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ ഐഎംഎഫ് (അന്താരാഷ്ട്ര നാണയ നിധി) വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. പ്രതിഭാധനരായ സാമ്പത്തിക ശാസ്ത്രജ്ഞർ പോലും വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ പുതിയ ഒരു പ്രതിഭാസമായാണ് കാണുന്നത്. ഇതിന് കാരണം 'ലോക്ക്ഡൗൺ' തന്നെ. 

എന്നാൽ, രാജ്യങ്ങൾ ഇങ്ങനെ അടഞ്ഞ് കിടക്കുന്നത് അവരുടെ സാമ്പത്തിക ആരോഗ്യത്തിന് ഹാനീകരമാണ്. പ്രത്യേകിച്ച് ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഈ ആശങ്ക വർധിക്കുകയാണെന്നതിൽ സംശയമില്ല. സാമ്പത്തിക മേഖലയുടെ നട്ടെല്ലാണ് ബാങ്കുകൾ. എല്ലാ മേഖലയെയും പോലെ ബാങ്കിംഗ് മേഖലയിലും കോവിഡ് 19 മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ബാധിച്ചേക്കാം. എന്നാൽ, പ്രധാനമന്ത്രിയുടെ നേതൃത്ത്വത്തിൽ കോവിഡ് 19 നെ ചെറുത്ത് നിൽക്കാൻ എടുത്ത നടപടികൾ ഫലം കണ്ട് വരുന്നു എന്നത് ആശ്വാസകരമായ വാർത്തയാണ്. അതുപോലെ തന്നെ ഇന്ത്യൻ സമ്പദ്ഘടനയിൽ ഏറ്റവും പ്രസക്തമായ കാർഷിക മേഖല നിർമ്മാണ മേഖല എന്നിവ ഇളവുകളോടെ തുറക്കാനുളള കേന്ദ്ര സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. 

വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച റിസർവ് ബാങ്കിന്റെ നടപടി പലിശ ഗണത്തിൽ അൽപ്പം ചെലവ് വർധിപ്പിക്കുമെങ്കിലും ലോക്ക് ഡൗൺ സമയത്ത് വ്യാപാരികൾക്ക് ഒരു ആശ്വാസം തന്നെയാണ്. ഇത് ആദ്യ ഘട്ടങ്ങളിൽ പ്രഖ്യാപിച്ച പ്രധാന ഇളവുകളിൽ ഒന്നാണ്. പല ദേശീയ മാധ്യമങ്ങളും രണ്ടാമതൊരു കേന്ദ്ര സാമ്പത്തിക പാക്കേജിനെപ്പറ്റി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതോടൊപ്പം പല സംസ്ഥാനങ്ങളും ജനങ്ങൾക്ക് ആശ്വാസകരമാകുന്ന രീതിയിൽ മൊറട്ടോറിയം കാലാവധി നീട്ടണമെന്നും ആവശ്യപ്പെടുന്നുണ്ട്. ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഇത് പരിഗണിക്കുമെന്ന് വ്യവസായ ലോകത്തിന് പ്രതീക്ഷയുണ്ട്.

lockdown 2.0 and it's impact on Indian economy by akhil ratheesh

 

നമ്മുടെ കരുത്ത് ആഭ്യന്തര വിപണി

ഇതിനിടയിൽ മൊറട്ടോറിയം ലഭിച്ച വായ്പകൾ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത് താൽക്കാലികമായി നിർത്തിവച്ച റിസർവ് ബാങ്ക് നടപടി ബാങ്കുകൾക്ക് ആശ്വാസം നൽകുന്നതാണ്. ഇതോടൊപ്പം റിവേഴ്സ് റിപ്പോ, അതായത് ബങ്കുകൾ റിസർവ് ബാങ്കിൽ കെട്ടിവയ്ക്കാനുള്ള തുകയുടെ പലിശ നിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് 3.75 ശതമാനം ആക്കിയത് സമ്പദ്ഘടനയിൽ കൂടുതൽ ദ്രവ്യത ഉറപ്പ് വരുത്തും.

വിലക്കയറ്റം നിയന്ത്രിക്കാനായി എന്നത് മറ്റൊരു ആശ്വാസകരമായ വസ്തുതയാണ്. ഇത് പലിശ നിരക്ക് കുറയാൻ ഇടവരുത്തും. നിലവിൽ വായ്പകൾക്ക് ദശാംശം കണക്കിൽ പലിശ കുറഞ്ഞാൽ പോലും അത് വലിയൊരു ആശ്വാസമാണ് ധനകാര്യ രം​ഗത്തിന് പ്രധാനം ചെയ്യുന്നത്.  

കാർഷിക മേഖല തുറക്കുന്നത് തീർച്ചയായും കൃഷിക്കാരെ സഹായിക്കും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ തന്നെ ആഭ്യന്തര വിപണി ശക്തമാണ്. ലോക്ക്ഡൗൺ ഒരു രാജ്യാന്തര പ്രതിഭാസമായത് കൊണ്ട് വരും ദിവസങ്ങളിൽ നമ്മുടെ കാർഷിക ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ കൂടിയേക്കാം. വരാനിരിക്കുന്ന കാലവർഷം മികച്ചതായിരിക്കുമെന്ന ഐഎംഡിയുടെ പ്രവചനവും ഇതിന് ശക്തി പകരുന്നു. 

എന്നാൽ, ചെറുകിട -ഇടത്തരം മേഖലയും ടൂറിസവും ദീർഘനാളത്തേക്ക് ചെറിയ തോതിലെങ്കിലും പ്രതിസന്ധി നേരിട്ടേക്കാം ഇവരെ നിലനിർത്താൻ പ്രത്യേക പാക്കേജ് വേണമെന്നുറപ്പാണ്. ചൈന ലോക്ക്ഡൗണിൽ പോയ സാഹചര്യത്തിൽ ആഗോള വിതരണ ശൃംഖല, വിതരണം നിലനിർത്താൻ നന്നേ ശ്രമപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ചൈനയെ ആശ്രയിക്കാതെ മറ്റ് വിപണകളെക്കൂടി തങ്ങളുടെ വ്യാപരങ്ങൾ ഉൾപ്പെടുത്തണമെന്ന് ഒരു ആവശ്യമുണ്ട്. ഇത് ഇന്ത്യക്ക് ഒരു അവസരമാണ്. ഇത്തരത്തിൽ തിരഞ്ഞെടുത്ത മേഖലകളിലേക്ക് ബാങ്കുകൾക്ക് സുഗമമായി വായ്പ നൽകാം. ആരോഗ്യ മേഖല ഇതിന് ഉത്തമ ഉദാഹരണമാണ്.

lockdown 2.0 and it's impact on Indian economy by akhil ratheesh

 

തളർന്നുവീണ വിനോദ സഞ്ചാരം !

കോവിഡ് 19 തകർത്ത മറ്റൊരു മേഖലയാണ് വിനോദ സഞ്ചാരം. കോവിഡിന് ശാശ്വതമായ പരിഹാരം കണ്ടുപിടിക്കുന്നത് വരെ ടൂറിസം മേഖലയുടെ ഉയർത്തെഴുന്നേൽപ്പ് അൽപ്പം വിദൂരമാണ്. വിനോദ സഞ്ചാര മേഖലയിൽ അധിഷ്ഠിതമായി നിരവധി വ്യാപാര -വ്യവസായങ്ങളുണ്ട്. ഇവിടെ നിരവധി തൊഴിലാളികളുമുണ്ട്. അതു കൊണ്ട് തന്നെ ഈ മേഖലയെ മാറ്റി നിർത്തി പ്രത്യേക സഹായങ്ങൾ ചെയ്യേണ്ടി വരും.

വരാനിരിക്കുന്നത് സാമ്പത്തിക മേഖലയെ സംബന്ധിച്ചടുത്തോളം അൽപം കാഠിന്യം നിറഞ്ഞ കാലഘട്ടമാണ്. എന്നാലും ഐഎംഎഫിൻ്റെ കണക്ക് പ്രകാരം നമ്മുടെ വളർച്ചാ നിരക്ക് 1.5 ശതമാനമായിരിക്കും ഈ സാമ്പത്തിക വർഷം. പോസിറ്റീവ് സംഖ്യയിൽ വളരുന്ന വിരളിലെണ്ണാവുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട് എന്നത് ചെറിയ രീതിയിലെങ്കിലും ആശ്വാസകരമാണ്. ഇന്ത്യ തിരിച്ചുവരും, ഏറ്റവും കരുത്തോടെ !
 

Latest Videos
Follow Us:
Download App:
  • android
  • ios