മലയോര കര്‍ഷകര്‍ക്ക് ആശ്വാസ തീരുമാനം: സംസ്ഥാനത്ത് റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തി, പ്രഖ്യാപനം ബജറ്റ് പ്രസംഗത്തിൽ

 കേരളാ കോൺഗ്രസ് എമ്മും ക്രൈസ്തവ സഭകളും കര്‍ഷക സംഘടനകളും അടക്കം മുന്നോട്ട് വെച്ച ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്

Kerala Govt raises MSP on rubber to 180 rupees Budget 2024 kgn

തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര കര്‍ഷകര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തുമെന്ന പ്രതീക്ഷ പാലിച്ചാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. കേരളാ കോൺഗ്രസ് എമ്മും ക്രൈസ്തവ സഭകളും കര്‍ഷക സംഘടനകളും അടക്കം മുന്നോട്ട് വെച്ച ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. 180 രൂപയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിൽ റബ്ബറിന് പ്രഖ്യാപിച്ചിരിക്കുന്ന താങ്ങുവില.

നിലവിൽ 170 രൂപയാണ് കിലോയ്ക്ക് റബ്ബറിന്റെ താങ്ങുവില. നേരിയ വര്‍ധനവാണ് സംസ്ഥാനം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.  താങ്ങുവില 200 എങ്കിലും ആക്കി ഉയര്‍ത്തണമെന്നായിരുന്നു പല കോണുകളിൽ നിന്നായി ആവശ്യം ഉയര്‍ന്നത്. 200 ആക്കിയില്ലെങ്കിലും 180 രൂപയാക്കി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി, ധനപ്രതിസന്ധിയുടെ സാഹചര്യത്തിലുള്ള പരമാവധി സഹായമായി ഇടതുപക്ഷം ചൂണ്ടിക്കാണിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മലയോര കര്‍ഷക സ്വാധീനമുള്ള മണ്ഡലങ്ങളിൽ നിര്‍ണായകമാകുന്നതാണ് ഈ തീരുമാനം.

കാര്‍ഷിക മേഖലയ്ക്ക് ആകെ 1698 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചത്. നാളികേരം വികസനത്തിന് 65 കോടി രൂപയും സുഗന്ധ വ്യഞ്ജന മേഖലയ്ക്ക് 4.6 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. വിളകളുടെ ഉത്പാദനശേഷി വർദ്ധിപ്പിക്കാൻ 2 കോടി രൂപയും കുട്ടനാട് പെട്ടിയും പറയും സ്ഥാപിക്കാൻ 36 കോടിയും ക്ഷീര വികസനത്തിന് 150.25 കോടി രൂപയും മൃഗ പരിപാലനത്തിന് 535.9 കോടി രൂപയും വിഷരഹിത പച്ചക്കറി പദ്ധതിക്ക് 78 കോടി രൂപയും അനുവദിച്ചു. കാർഷിക സർവ്വകലാശാലക്ക് 75 കോടിയും ഉൾനാടൻ മത്സ്യ ബന്ധന മേഖലയ്ക്ക് 80 കോടി രൂപയും നീണ്ടകര വല ഫാക്ടറിക്ക് അഞ്ച് കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios