ശമ്പളവും പെൻഷനും മുടങ്ങുമോ? സർക്കാരിന്റെ കണക്ക് തെറ്റുന്നു; സംസ്ഥാനത്ത് വൻ പ്രതിസന്ധി

നാട്ടിൽ റോഡുണ്ട്, പാലമുണ്ട്, ജീവനക്കാർക്ക് ശമ്പളമുണ്ട്, പെൻഷനുണ്ട്, സൗജന്യ കിറ്റുണ്ട് എന്നതെല്ലാം ശരിയാണ്. ഇത്ര നാൾ മുടക്കമില്ലാതെ മുന്നോട്ട് പോയ ഇവയൊക്കെ ഇനിയും അങ്ങിനെയങ്ങ് പോകുമെന്ന് കരുതിയാൽ തെറ്റി

Kerala faces economic crisis as revenue deficit increases KN Balagopal

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി വരുമാന തകർച്ച. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ ലോക്‌ഡൗൺ ആഘാതത്തിലും നികുതി വരുമാനത്തിലെ തളർച്ചയിലും ധനസ്ഥിതി കൂടുതൽ ദുർബലമാകുകയാണ്. സ്ഥിതി അതിരൂക്ഷമെങ്കിലും ധവളപത്രം ഇറക്കേണ്ടെന്നാണ് സർക്കാർ നിലപാട്.

നാട്ടിൽ റോഡ് ഉണ്ട്, പാലമുണ്ട്, ജീവനക്കാർക്ക് ശമ്പളമുണ്ട്, പെൻഷനുണ്ട്, സൗജന്യ കിറ്റുണ്ട് എന്നതെല്ലാം ശരിയാണ്. ഇത്ര നാൾ മുടക്കമില്ലാതെ മുന്നോട്ട് പോയ ഇവയൊക്കെ ഇനിയും അങ്ങിനെയങ്ങ് പോകുമെന്ന് കരുതിയാൽ തെറ്റി. സർക്കാരിന്‍റെ കണക്കും കണക്കുകൂട്ടലും പാടേ തെറ്റുകയാണെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ. സാമ്പത്തിക രംഗം സജീവമായാലേ പ്രതിസന്ധി മറികടക്കാനാകൂവെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറയുന്നു.

നടപ്പ് സാമ്പത്തിക വർഷത്തിലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനം പ്രതീക്ഷിച്ച വരുമാനം 130981 കോടി രൂപയായിരുന്നു. പ്രതീക്ഷിച്ച ചെലവാകട്ടെ 147891 കോടി രൂപയും. ഇതുപ്രകാരം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള അഞ്ച് മാസങ്ങളിൽ നിന്ന് 65000 കോടി രൂപയായിരുന്നു പ്രതീക്ഷിച്ച വരുമാനം. എന്നാൽ കിട്ടിയതാകട്ടെ 40000 കോടി രൂപയിൽ താഴെ മാത്രവും. റവന്യു കമ്മി 2018-19 കാലത്ത് 13026 കോടി രൂപയാണ്. 2019-20 കാലത്തിത് 17474 കോടിയും 2020-21 കാലത്ത് ഇത് 24206 കോടി രൂപയുമായി. ഇത്തവണ റവന്യുകമ്മി വൻതോതിൽ ഉയരുമെന്നാണ് കരുതപ്പെടുന്നത്. 

എപ്രിൽ മാസത്തിൽ സംസ്ഥാനത്തിന്റെ വരുമാനം കൂടിയെങ്കിലും തുടർന്നുള്ള ലോക്ഡൗണിൽ നികുതി വരവ് അടഞ്ഞു. സംസ്ഥാനത്തെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ റവന്യു കമ്മിയാണെന്നാണ് കഴിഞ്ഞ മാസങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ചെലവ് കുത്തനെ കൂടി വരുമാനം കൂപ്പുകുത്തിയാൽ കമ്മി 40000 കോടി രൂപ കടക്കും.

സംസ്ഥാന ഖജനാവ് ഒഴിയാതെ കാക്കാൻ പ്രായോഗികമായി എന്ത് ചെയ്യാനാകും എന്നതിൽ തലപുകയ്ക്കുകയാണ് സർക്കാർ. സെപ്തംബർ മുതൽ  ആറ് മാസം വരുമാനം ഉയർന്നേക്കാമെന്നാണ് പ്രതീക്ഷ. പക്ഷെ അതിഭീമമായ ചെലവാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നത്. ശമ്പള പരിഷ്ക്കരണം വരുത്തിവച്ച അധിക ബാധ്യത 14000 കോടി രൂപയാണ്. വായ്പാ തിരിച്ചടവ്, കൊവിഡ് ചെലവ് കൊവിഡ് മരണങ്ങളിലെ സഹായധനം തുടങ്ങിയവ കൂടി വരുമ്പോൾ സർക്കാർ എന്തുചെയ്യുമെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

Latest Videos
Follow Us:
Download App:
  • android
  • ios