കേരള ബജറ്റ് 2024: സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും; ക്ഷേമപെൻഷൻ ഉയര്‍ത്തിയില്ല, കുടിശിക കൊടുത്തു തീര്‍ക്കും
പെൻഷൻ സമയബന്ധികമായി നൽകാൻ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില കൂടും. അടുത്ത സാമ്പത്തിക വര്‍ഷത്തിലാണ് വര്‍ധന നടപ്പാക്കുക. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിനാണ് വില വര്‍ധിപ്പിക്കുന്നത്. ഇവയുടെ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപയാണ് കൂട്ടിയത്. ഗൽവനേജ് ഫീസിനത്തിൽ 200 കോടി രൂപ സമാഹരിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് നിലവിൽ നൽകുന്ന 1600 രൂപ ക്ഷേമപെൻഷൻ ഉയര്‍ത്തില്ലെന്ന് മന്ത്രി പറഞ്ഞു. കുടിശിക ഇനത്തിൽ കൊടുത്ത് തീര്‍ക്കാനുള്ള പെൻഷൻ തുക അടുത്ത സാമ്പത്തിക വര്‍ഷം മുതൽ കൊടുത്തു തീര്‍ക്കും. പെൻഷൻ സമയബന്ധികമായി നൽകാൻ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ മന്ത്രി, അടുത്ത സാമ്പത്തിക വർഷം പെൻഷൻ സമയബന്ധിതമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കി പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം മറ്റൊരു പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. അതേസമയം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നൽകാനുള്ള ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്ന് മന്ത്രി പറഞ്ഞു. ആറ് ഗഡുവാണ് നിലവിൽ കുടിശിക. കോടതി ഫീസുകൾ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 50 കോടി വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.