സുപ്രധാന റോളിൽ കേരള ബാങ്ക്: സ്റ്റാർട്ടപ്പ്, പ്രവാസി നിക്ഷേപം എന്നിവയിൽ വൻ പദ്ധതികൾ; ആശങ്കയായി നിയമ ഭേ​ദ​ഗതി

പുതിയ നിയമപ്രകാരം കേരള ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ബോർഡ് ഓഫ് മാനേജ്മെന്റ് എന്നിവയുടെ ഘടനയിൽ അഴിച്ചുപണി വേണ്ടിവരും.  

Kerala bank include financial institutions manage entrepreneurial projects and pravasi investment schemes


നമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച 12 മത് ബജറ്റിൽ കേരള ബാങ്കിന് നിർണായക സ്ഥാനം ലഭിച്ചു. കേരള ബാങ്കിലേക്ക് പ്രവാസികളുടെ നിക്ഷേപം ആകർഷിക്കാനുളള പദ്ധതിയും സംരംഭകത്വ വികസനത്തിനായുളള പ്രധാന ‌ധനകാര്യ സ്ഥാപനമായി ബാങ്കിനെ ഉയർത്താനുളള പ്രഖ്യാപനവും ബജറ്റിലുണ്ടായി. 

കേരളത്തെ ഡിജിറ്റൽ ഇക്കണോമിയായി വളർത്താനുളള സർക്കാരിന്റെ ലക്ഷ്യത്തിലും കേരള ബാങ്കിന് മുഖ്യ പങ്ക് വഹിക്കാനുണ്ട്. വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം ​തുടങ്ങിയവയ്ക്കായുളള വായ്പ വിതരണം കെഎസ്എഫ്ഇ, കേരള ബാങ്ക് എന്നിവയിലൂടെ നടത്താനാണ് സർക്കാർ തീരുമാനം. സ്റ്റാർട്ടപ്പുകൾക്കായി സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ രൂപീകരിക്കുന്ന ഫണ്ടിലും കേരള ബാങ്കിന് പ്രധാന റോളുണ്ട്.  

കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്‌സി, കെഎസ്‌ഐഡിസി, എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ഫണ്ടിന് രൂപം നല്‍കുക. ഇതിലേക്കായി അന്‍പത് കോടി ബജറ്റില്‍ നിന്നും അനുവദിക്കും. കേരളത്തിലെ ഏതെങ്കിലും സ്റ്റാര്‍ട്ടപ്പ് വിദേശ നിക്ഷേപം ആകര്‍ഷിച്ചാല്‍ അതിലേക്ക് ഫണ്ടില്‍ നിന്നും പരമാവധി ഗ്രാന്റ് അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സമാനമായി കേരളത്തിലെ ധനകാര്യ സ്ഥാപനങ്ങളെ സംയോജിപ്പിച്ചു കൊണ്ട് വിവിധ പദ്ധതികൾക്കായി കൺസോർ‌ഷ്യം രൂപീകരണവും ബജറ്റിൽ കാണാം. 

കേരള ബാങ്കും ധനകാര്യ സ്ഥാപനങ്ങള്‍ ചേർന്ന് നല്‍കുന്ന വായ്പ നഷ്ടമായി മാറിയാല്‍ അതിന് സര്‍ക്കാര്‍ അന്‍പത് ശതമാനം താങ്ങായി നല്‍കും. സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പാക്കുന്ന കേരള ഫണ്ട് സ്‌കീമീലേക്ക് ഇരുപത് കോടി നല്‍കും. 20,000 പേര്‍ക്ക് തൊഴില്‍ നല്‍കാൻ ശേഷിയുളള 2,500 സ്റ്റാര്‍ട്ടപ്പുകളാണ് സംസ്ഥാന സർക്കാർ ബജറ്റിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് അവര്‍ സര്‍ക്കാര്‍ ടെണ്ടറില്‍ പങ്കെടുത്താല്‍ മുന്‍ഗണന നല്‍കും. വിദേശ സര്‍വകലാശാലകൾ കമ്പനികളുമായി സഹകരിച്ച് പത്ത് അന്താരാഷ്ട്ര ലോഞ്ചിംഗ് ഡെസ്റ്റിനേഷന്‍ സജ്ജമാകുമെന്നും ബജറ്റ് രേഖ വ്യക്തമാക്കുന്നു. 

എന്നാൽ, കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയിൽ വൻ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന ബാങ്കിങ് നിയന്ത്രണ ഭേ​ദ​ഗതി നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് ഇപ്പോഴും ആശങ്ക തുടരുകയാണ്. ഭേദ​ഗതി നിയമം സർക്കാർ ലക്ഷ്യമിടുന്ന പദ്ധതികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. കേരള ബാങ്ക് റിസർവ് ബാങ്ക് നിയമങ്ങൾക്ക് അനുസൃതമായി മുന്നോട്ട് പോകുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസം​ഗത്തിൽ വ്യക്തമാക്കിയത്.    

2021 ഏപ്രിൽ ഒന്ന് മുതൽ സഹകരണ മേഖലയെ പൂർണമായും റിസർവ് ബാങ്ക് നിയന്ത്രണത്തിലാക്കുന്നത് സംബന്ധിച്ചാണ് നിയമം. ഈ നിയമം കേരള ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എന്നിവയ്ക്ക് കൂടി ബാധകമാക്കും. ഭേ​ദ​ഗതി നിയമം സംബന്ധിച്ച് ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, റിസർവ് ബാങ്കിന്റെ നിർദ്ദേശം കൂടി ലഭിച്ചാൽ മാത്രമേ നിയമം പ്രാബല്യത്തിലാകൂ. നിയമം നടപ്പായാൽ പ്രസ്തുത ബാങ്ക് ഭരണ സമിതികളുടെ കാലയളവിൽ മാറ്റം വരും. ഭരണ സമിതി, ബാങ്കിന്റെ ചെയർമാൻ, ഉദ്യോ​ഗസ്ഥർ എന്നിവർക്കെതിരെ നടപടിയെടുക്കാനും പുതിയ നിയമപ്രകാരം ആർബിഐയ്ക്ക് കഴിയും. 

സ​ഹകരണ ബാങ്കിന്റെ ഓഹരി കൈമാറ്റം ചെയ്യാനും പുതിയ നിയമ ഭേദ​ഗതി റിസർവ് ബാങ്കിന് അനുവാദം നൽകുന്നു. കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡിനെ നവംബറിൽ തെരഞ്ഞെടുത്തിരുന്നു. നിയമം പ്രാബല്യത്തിൽ വരാതിരുന്നതിനാൽ നിയമത്തിലെ വ്യവസ്ഥകൾ ഈ തെരഞ്ഞെടുപ്പിന് ബാധകമായിരുന്നില്ല. പുതിയ നിയമപ്രകാരം കേരള ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ബോർഡ് ഓഫ് മാനേജ്മെന്റ് എന്നിവയുടെ ഘടനയിൽ അഴിച്ചുപണി വേണ്ടിവരും.  
   

Latest Videos
Follow Us:
Download App:
  • android
  • ios