16 കോടിയുടെ ഫാന്റം, ലംബോർഗിനി.. കാറുകളുടെ നിര, 60 കോടിയുടെ ആഡംബര കാറുകൾ; റെയ്ഡിൽ ഞെട്ടി ഐടി ഉദ്യോഗസ്ഥർ!
കാൺപൂർ, ദില്ലി, മുംബൈ, ഗുജറാത്ത് എന്നിവയുൾപ്പെടെ 20 സ്ഥലങ്ങളിലാണ് റെയ്ഡ് നടടത്തിയത്. ബൻഷിധർ ടൊബാക്കോ കമ്പനി ഉടമ കെ കെ മിശ്രയുടെ മകൻ ശിവം മിശ്രയുടെ വസതിയിൽ നിന്നാണ് കാറുകൾ കണ്ടെത്തിയത്.
ദില്ലി: പുകയില വ്യാപാരിയുടെ വീട്ടിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ കണ്ടെടുത്തത് 60 കോടി രൂപ വിലമതിക്കുന്ന ആഡംബര കാറുകൾ. ദില്ലിയിലെ വസതിയിൽ നിന്നാണ് ആഡംബര കാറുകളുടെ ശേഖരം തന്നെ കണ്ടെത്തിയത്. 16 കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്‌സ് ഫാൻ്റം ഉൾപ്പെടെ മക്ലറൻ, ലംബോർഗിനി ഫെരാരി, റോൾസ് റോയ്സ് തുടങ്ങിയ കാറുകളും കണ്ടെത്തി.
കാൺപൂർ, ദില്ലി, മുംബൈ, ഗുജറാത്ത് എന്നിവയുൾപ്പെടെ 20 സ്ഥലങ്ങളിലാണ് റെയ്ഡ് നടടത്തിയത്. ബൻഷിധർ ടൊബാക്കോ കമ്പനി ഉടമ കെ കെ മിശ്രയുടെ മകൻ ശിവം മിശ്രയുടെ വസതിയിൽ നിന്നാണ് കാറുകൾ കണ്ടെത്തിയത്. റെയ്ഡിൽ 4.5 കോടി രൂപയും നിരവധി രേഖകളും ഐടി സംഘം പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. അക്കൗണ്ടുകളിൽ കാണിച്ചിരിക്കുന്ന കമ്പനിക്ക് പുകയിക്കമ്പനി വ്യാജ ചെക്കുകൾ നൽകുകയായിരുന്നുവെന്ന് ഐടി വൃത്തങ്ങൾ അറിയിച്ചു.
കമ്പനിയുടെ വരുമാനം 100 മുതൽ 150 കോടിക്ക് മുകളിലാണെന്നും എന്നാൽ രേഖകളിൽ വെറും 20 മുതൽ 25 കോടി രൂപയാണ് കാണിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ആദായനികുതി, ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമങ്ങൾ ലംഘിക്കുകയും ചെയ്തതായി റെയ്ഡുകളിൽ കണ്ടെത്തി.