തൊഴിൽ നഷ്ടം നാലിരട്ടി: പ്രതിസന്ധിയിലായത് സ്ത്രീകളും ചെറുപ്പക്കാരും; 1930 ന് ശേഷമുളള വലിയ പ്രതിസന്ധി: യുഎൻ
സ്ത്രീകളും ചെറുപ്പക്കാരുമാണ് ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കേണ്ടി വന്നതെന്നും യുഎൻ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
2009 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി കാലത്ത് ഉണ്ടായതിനെക്കാൾ നാലിരട്ടി തൊഴിൽ നഷ്ടം കൊറോണ വൈറസ് പകർച്ചവ്യാധി മൂലം കഴിഞ്ഞ വർഷം ലോകത്ത് ഉണ്ടായതായി യുഎൻ റിപ്പോർട്ട്.
ബിസിനസുകൾക്കും പൊതുജീവിതത്തിനും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള എല്ലാ പ്രവൃത്തി സമയങ്ങളുടെയും 8.8 ശതമാനം നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര തൊഴിൽ സംഘടന കണക്കാക്കുന്നു. അത് 255 ദശലക്ഷം മുഴുവൻ സമയ ജോലികൾക്ക് തുല്യമായ നഷ്ടമാണിത്. ഒരു പതിറ്റാണ്ട് മുമ്പുള്ള സാമ്പത്തിക പ്രതിസന്ധിയുടെ നാലിരട്ടി ആഘാതമാണ് കൊവിഡ് -19 സൃഷ്ടിച്ചത്.
1930 കളിലെ മഹാമാന്ദ്യത്തിനുശേഷം, തൊഴിൽ ലോകത്തെ സംബന്ധിച്ചിടത്തോളമുളള ഏറ്റവും കടുത്ത പ്രതിസന്ധിയാണിത്. 2009 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാൾ വളരെ വലിയ ആഘാതമാണ് ഇത് സൃഷ്ടിച്ചത്, ”ഐഎൽഒ ഡയറക്ടർ ജനറൽ ഗൈ റൈഡർ പറഞ്ഞു. കുറഞ്ഞ ജോലി സമയവും അഭൂതപൂർവമായ തൊഴിൽ നഷ്ടവും അടിസ്ഥാനമാക്കി ഈ വീഴ്ച ഏതാണ്ട് തുല്യമായി വിഭജിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കൂടുതൽ പ്രതിസന്ധിയിലായത് സ്ത്രീകളും ചെറുപ്പക്കാരും
ജോലി നഷ്‍ടപ്പെട്ട ഭൂരിഭാഗം ആളുകളും പുതിയ ജോലി തേടുന്നത് പൂർണ്ണമായും നിർത്തിയതായി ഐക്യരാഷ്ട്ര ഏജൻസി അഭിപ്രായപ്പെട്ടു, റെസ്റ്റോറന്റുകൾ, ബാറുകൾ, സ്റ്റോറുകൾ, ഹോട്ടലുകൾ, നേരിട്ടുളള ഇടപെടലുകളെ ആശ്രയിക്കുന്ന മറ്റ് സേവനങ്ങൾ എന്നിവ പോലുള്ള വലിയതോതിൽ തൊഴിലുകൾ സംഭവന ചെയ്യുന്ന ബിസിനസുകൾ കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അപകടകരമായി സാഹചര്യത്തെ നേരിട്ടു.
ജോലിയുടെ ഇടിവ് ആഗോളതലത്തിൽ 3.7 ട്രില്യൺ യുഎസ് ഡോളർ വരുമാനം നഷ്‍ടപ്പെടുത്തുന്നു. റൈഡർ ഇതിനെ "അസാധാരണമായ കണക്ക്" എന്നാണ് വിശേഷിപ്പിച്ചത്. സ്ത്രീകളും ചെറുപ്പക്കാരുമാണ് ഏറ്റവും കൂടുതൽ കഷ്ടത അനുഭവിക്കേണ്ടി വന്നതെന്നും യുഎൻ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഈ വർഷം രണ്ടാം പകുതിയോടെ തൊഴിൽ വിപണി തിരിച്ചുവരവ് നടത്തുമെന്നാണ് ഐഎൽഒ പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇത് കൊറോണ വൈറസ് അണുബാധ കുറയുന്നതിനും വാക്സിൻ വിതരണത്തിന്റെ വിജയത്തെയും ആശ്രയിച്ചിരിക്കുന്നു. നിലവിൽ, പല രാജ്യങ്ങളിലും അണുബാധ വർദ്ധിക്കുകയോ കഠിനമായി തുടരുകയോ ചെയ്യുന്നു, വാക്സിൻ വിതരണം ഇപ്പോഴും മൊത്തത്തിൽ മന്ദഗതിയിലാണെന്നും റിപ്പോർട്ട് പറയുന്നു.