ഡോളർ ദുർബലമാകുന്നു, അന്താരാഷ്ട്ര സ്വർണ നിരക്ക് വീണ്ടും ഉയർന്നു: ദീപാവലി സീസണിൽ പ്രതീക്ഷയോടെ വിപണി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ വിൽപ്പന നടക്കുന്ന ദീപാവലി സീസൺ ആരംഭിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,918 ഡോളറായി ഉയർന്നു. ഡോളർ ദുർബലമായതിനാലാണ് സ്വർണ വില ഉയരാൻ കാരണം. ഡോളർ 0.04 % ഇടിഞ്ഞ് സെപ്റ്റംബർ മാസത്തെ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. കേരളത്തിലെ സ്വർണ വിലയിലും ഇന്ന് വർധനയുണ്ടായി. അന്താരാഷ്ട്ര നിരക്ക് ഉയർന്നതാണ് വർധനവിന് കാരണം.
രൂപയുടെ വിനിമയ നിരക്ക് 73 -74 എന്ന നിലവാരത്തിലാണ്. ഗ്രാമിന് 4,705 രൂപയാണ് കേരളത്തിലെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. 37,640 രൂപയാണ് പവൻവില. 24ct സ്വർണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 5226500 രൂപായായും ഉയർന്നു.
കഴിഞ്ഞ 80 ദിവസമായി ചാഞ്ചാടി നിന്ന സ്വർണ വില വീണ്ടും കൂടുതൽ ഉയർന്ന നിരക്കുകളിലേക്ക് നീങ്ങിയേക്കുമെന്നാണ് വിപണി സൂചനകൾ.
40 ഡോളർ വരെ ഉയർന്നേക്കും !
"അന്താരാഷ്ട്ര വിലയിൽ 220 ഡോളർ വരെ വില കുറയുകയും അതിനു ശേഷം നിരക്ക് ഏറിയും കുറഞ്ഞുമാണ് നീങ്ങിയിരുന്നത്. സാധാരണ നിലയിൽ ചാഞ്ചാട്ടങ്ങൾ മൂന്ന് മാസം തുടരാറുണ്ട്. അതിനു ശേഷം വില ഉയർന്നതായിട്ടാണ് മുൻകാല അനുഭവങ്ങൾ. നവംബർ ആദ്യവാരത്തോടെ താൽക്കാലികമായി പിൻവലിഞ്ഞ നിക്ഷേപകർ വീണ്ടും വൻതോതിൽ നിക്ഷേപം നടത്തുമെന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്. ഇത് സ്വർണവിലയിൽ വീണ്ടും ഉയർച്ചയുടെ സൂചന നൽകുന്നു," ഓൾ ഇന്ത്യ ജം ആൻറ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു.
"കഴിഞ്ഞ ആഴ്ച്ചയിൽ 1,880 ഡോളറിലെത്തിയ സ്വർണ നിരക്ക് ഇപ്പോൾ വീണ്ടും 1,920 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ട് ആഴ്ചയിൽ താഴെ മാത്രമാണുള്ളതിനാൽ വില വ്യതിയാനത്തിനാണ് സാധ്യത. 30 -40 ഡോളർ വരെ കൂടാമെന്ന് പ്രവചിക്കുന്നവരുണ്ട്. ചാഞ്ചാട്ടം തുടരുമെന്ന മറ്റു ചില പ്രവചനങ്ങളും പുറത്തുവരുന്നുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ വിൽപ്പന നടക്കുന്ന ദീപാവലി സീസൺ ആരംഭിച്ചിട്ടുണ്ട്. ദീപാവലിയും ഏപ്രിൽ വരെ നീളുന്ന വിവാഹസീസണും കോവിഡ് -19 ആശങ്ക കുറഞ്ഞ് വരുന്നതിന്റെയും പശ്ചാത്തലത്തിൽ വിപണി സാഹചര്യം ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് സ്വർണാഭരണ വ്യവസായ മേഖല.