അന്താരാഷ്ട്ര ക്രൂഡ് ഓയിൽ നിരക്ക് ഇടിയുന്നു: വിപണിയിൽ ഡോളർ ശക്തിപ്രാപിക്കുന്നു; രാജ്യത്തെ ഇന്ധന വില കുറയുമോ?

ഒപെക് പ്ലസ് സഖ്യം അതിന്റെ ചരിത്രപരമായ ഉൽപാദന വെട്ടിക്കുറവ് നടപടികളിൽ നിന്ന് ക്രമേണ പിന്നോട്ട് നീങ്ങുന്നു എന്നത് അന്താരാഷ്ട്ര വിപണിക്ക് ആശ്വാസകരമായ സമീപനമാണ്.

international crude oil price decline due to opec plus decision to increase production

കൊറോണ വൈറസ് ഡെൽറ്റ വകഭേദ പ്രതിസന്ധികളും വരും മാസങ്ങളിൽ വിതരണം വർദ്ധിപ്പിക്കുന്നതിനുള്ള ഒപെക് പ്ലസ് കരാറും മൂലം ഡിമാൻഡ് കുറയുമെന്ന ആശങ്കയെത്തുടർന്ന് ക്രൂഡ് ഓയിൽ നിരക്ക് അന്താരാഷ്ട്ര വിപണിയിൽ ഇടിയുന്നു. ശക്തമായ ഡോളർ, ഇക്വിറ്റി മാർക്കറ്റുകളിലെ വിറ്റൊഴിയൽ, യുഎസ്-ചൈന പിരിമുറുക്കങ്ങൾ എന്നിവയും നിരക്കിൽ സമ്മർദ്ദം ചെലത്തുന്നതായി വിപണി നിരീക്ഷകർ വ്യക്തമാക്കി.  

വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ബാരലിന് 0.11 ശതമാനം ഇടിഞ്ഞ് 66.28 ഡോളറിലെത്തി. ലണ്ടൻ ആസ്ഥാനമായുള്ള അന്താരാഷ്ട്ര ബെഞ്ച്മാർക്ക് ബ്രെന്റ് ക്രൂഡ് നിരക്ക് 0.17 ശതമാനം ഇടിഞ്ഞ് 68.50 ഡോളറിലെത്തി. നേരത്തെ ബ്രെന്റ് ക്രൂഡിന് നിരക്ക് ബാരലിന് 74 ഡോളറിന് മുകളിലേക്ക് വരെ ഉയർന്നിരുന്നു.   

NYMEX ക്രൂഡ് ഇന്ന് 66.45 / bbl ഡോളറിന് സമീപം വ്യാപാരം നടത്തുന്നു. വർദ്ധിച്ചുവരുന്ന കെവിഡ് ഡെൽറ്റ വൈറസ് കേസുകൾ, ശക്തമായ യുഎസ് ഡോളർ, യുഎസ്-ചൈന പിരിമുറുക്കങ്ങൾ, അടുത്ത മാസം മുതൽ ഉൽപാദനം ഉയർത്താനുള്ള ഒപെക് പ്ലസ് തീരുമാനം, ഉയർന്ന യുഎസ് വിതരണ സാധ്യത എന്നിവ വിലയുടെ താഴേക്കുളള യാത്രയ്ക്ക് സമ്മർദ്ദ ശക്തികളാണ്. വിറ്റൊഴിക്കൽ വിപണി വികാരത്തെ വഷളാക്കി. എന്നാൽ, ഇൻവെന്ററി റിപ്പോർട്ടിലേക്ക് ഫോക്കസ് മാറുന്നതിനനുസരിച്ച് ചില സ്ഥിരത കണ്ടേക്കാമെന്ന് കൊട്ടക് സെക്യൂരിറ്റീസ് ലിമിറ്റഡിലെ കമ്മോഡിറ്റി റിസർച്ച് തലവനായ രവീന്ദ്ര റാവു മണി കൺട്രോളിനോട് പറഞ്ഞു.

ഒപെക് പ്ലസ് സഖ്യം അതിന്റെ ചരിത്രപരമായ ഉൽപാദന വെട്ടിക്കുറവ് നടപടികളിൽ നിന്ന് ക്രമേണ പിന്നോട്ട് നീങ്ങുന്നു എന്നത് അന്താരാഷ്ട്ര വിപണിക്ക് ആശ്വാസകരമായ സമീപനമാണ്. ഇന്ത്യ, ചൈന അടക്കമുളള എണ്ണ ഉപഭോ​ഗ രാജ്യങ്ങൾക്ക് സാമ്പത്തിക വീണ്ടെടുക്കൽ പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്ന തീരുമാനമാണിത്. 

ഒപെക് സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ഒരു വിശകലനമനുസരിച്ച്, നടപ്പാക്കുന്ന ഉൽപാദന വർദ്ധനവ് 2022 ആദ്യ പാദത്തോടെ വിപണിയെ കമ്മിയിൽ നിന്ന് മിച്ചത്തിലേക്ക് നയിക്കും. ആഗോള ഡിമാൻഡ് വളർച്ച 2021 ൽ ആറ് ദശലക്ഷം ബി / ഡിയും (പ്രതിദിന ബാരൽ) 2022 ൽ 3.3 ദശലക്ഷം ബി / ഡി എന്നിങ്ങനെയായിരിക്കും എന്നാണ് വിശകലനം. 

വരും ദിവസങ്ങളിൽ ക്രൂഡ് നിരക്ക് വീണ്ടും ഇടിഞ്ഞേക്കുമെന്നാണ് വിശകലന വിദ​ഗ്ധർ അഭിപ്രായപ്പെ‌ടുന്നത്. ഇന്ത്യയിൽ കഴിഞ്ഞ 20 ദിവസത്തിനിടെ ഒമ്പത് തവണയാണ് ഇന്ധന വിലയിൽ വർധനയുണ്ടായത്. അന്താരാഷ്ട്ര എണ്ണ വില കുറഞ്ഞതോടെ ആഭ്യന്തര ഇന്ധന നിരക്ക് കുറയ്ക്കാൻ സർക്കാരിനും എണ്ണക്കമ്പനികൾക്കും മുകളിൽ സമ്മർദ്ദം ശക്തമാകുമെന്നുറപ്പാണ്. 2021 ഓ​ഗസ്റ്റ് മുതൽ ഡിസംബർ വരെ പ്രതിദിനം നാല് ലക്ഷം ബാരൽ അധികം ഉൽപ്പാദിപ്പിക്കാനാണ് ഒപെക് പ്ലസ് തീരുമാനം.  

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios