മോദിയുടെ ആ സ്വപ്നത്തിലേക്കെത്തുമോ ഇന്ത്യൻ സമ്പദ് വ്യവസ്ഥ?; അതിന് വേണ്ടത് ഈ വളർച്ചാ നിരക്ക്
ഇന്ത്യയിലെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുകയെന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. എന്നാൽ ഈ സ്വപ്നം വെളിപ്പെടുത്തിയത് മുതൽ കഷ്ടകാലമാണ്.
ദില്ലി: ഇന്ത്യയിലെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുകയെന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. എന്നാൽ ഈ സ്വപ്നം വെളിപ്പെടുത്തിയത് മുതൽ കഷ്ടകാലമാണ്. ജിഡിപി താഴേക്ക് പോയതും, മാന്ദ്യത്തിന്റേതായ പ്രതീതി ഇന്ത്യയിൽ ആകെ ഉയർന്നുവന്നതിനും പുറമെ മഹാമാരിയും കൂടി വന്നതോടെ അഞ്ച് ലക്ഷം കോടി ഡോളർ വലിപ്പമുള്ള ജിഡിപിയെന്ന സ്വപ്നവും അകന്നുപോവുകയാണ്.
എന്നാൽ അതുകൊണ്ടൊന്നും ഈ ലക്ഷ്യത്തിലേക്ക് എത്താൻ കഴിയില്ലെന്ന് കരുതണ്ട. 2025 ൽ പൂർത്തീകരിക്കാൻ വച്ചിരിക്കുന്ന ലക്ഷ്യം 2027 ആകുമ്പോഴേക്ക് സാധ്യമാക്കാവുന്നതേയുള്ളൂ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇന്റസ്ട്രിയും കെയർ റേറ്റിങ്സും ചേർന്ന് നടത്തിയ അവലോകനത്തിൽ പറയുന്നത്, 11.6 ശതമാനം വാർഷിക വളർച്ചാ നിരക്ക് അടുത്ത ആറ് വർഷം നിലനിർത്താനായാൽ ഇന്ത്യയ്ക്ക് ഈ ലക്ഷ്യം നേടാനാവും എന്നാണ്.
ഇതിന് വേണ്ടി അടുത്ത ഏഴ് വർഷം കൊണ്ട് 498 ലക്ഷം കോടിയുടെ പുതിയ നിക്ഷേപം ഇന്ത്യയിൽ ഉണ്ടാകേണ്ടതുണ്ട്. 43 ലക്ഷം കോടിയിൽ തുടങ്ങി 103 ലക്ഷം കോടിയിലേക്ക് ക്രമമായി നിക്ഷേപ വളർച്ചയിൽ പുരോഗതി കൈവരിക്കാനും സാധിക്കണം. ഇതിന്റെ ഒരു ഭാഗം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വഹിക്കാനാവുമെന്നും അതേസമയം ബാങ്കുകൾ, മൂലധന വായ്പാ സംഘങ്ങൾ, വിദേശ നിക്ഷേപം എന്നിവയിൽ മുന്നേറ്റം ഉണ്ടായേ പറ്റൂവെന്നും റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. കൊവിഡിനെ തുടർന്ന് തിരിച്ചടി നേരിട്ടെങ്കിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2021-22 കാലത്ത് തിരികെ വരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.