എൻഎസ്ഒ റിപ്പോർട്ട് പുറത്ത്: ഇന്ത്യയുടെ ജിഡിപി നിരക്ക് 23.9 ശതമാനം ഇടിഞ്ഞു
കുറഞ്ഞത് നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ഇന്ത്യൻ സമ്പദ്ഘടനയിൽ സാമ്പത്തിക സങ്കോചം റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2020-21 ഏപ്രിൽ-ജൂൺ പാദത്തിൽ 23.9 ശതമാനം ചുരുങ്ങി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സമാനകലയളവിനെ അപേക്ഷിച്ച് വൻ ഇടിവാണ് ഇന്ത്യൻ ജിഡിപിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) തിങ്കളാഴ്ച പുറത്തുവിട്ട ഔദ്യോഗിക റിപ്പോർട്ടിലാണ് വിവരങ്ങളുളളത്.
കൊറോണ വൈറസ് പകർച്ചവ്യാധി വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയുളള ലോക്ക്ഡൗണുകൾക്കിടയിൽ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ രാജ്യത്ത് പരിമിതമായ സാമ്പത്തിക പ്രവർത്തനങ്ങൾ മാത്രമാണ് നടന്നതെന്നും, അതിനാലാണ് ഇത്തരത്തിലൊരു സങ്കോചത്തിന് ഇടയാക്കിയതെന്നും എൻഎസ്ഒ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കുറഞ്ഞത് നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ഇന്ത്യൻ സമ്പദ്ഘടനയിൽ സാമ്പത്തിക സങ്കോചം റിപ്പോർട്ട് ചെയ്യുന്നത്, 1996 മുതൽ ഇന്ത്യ ത്രൈമാസ സംഖ്യകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിനുശേഷം ജിഡിപിയിലുണ്ടായ ഏറ്റവും വലിയ ഇടിവും പ്രസ്തുത പാദത്തിലാണ്. ഈ വർഷം ജനുവരി-മാർച്ച് പാദത്തിൽ സമ്പദ് വ്യവസ്ഥ 3.1 ശതമാനം വളർച്ച നേടി. 17 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2019-20 ജൂൺ പാദത്തിൽ 5.2 ശതമാനമായിരുന്നു വളർച്ചാ നിരക്ക്. ഇന്ത്യയുടെ ജിഡിപി വളർച്ചയുടെ നിരക്ക് 2018- 19 സാമ്പത്തിക വർഷത്തെ 6.1 ശതമാനത്തിൽ നിന്ന് 2019-20 സാമ്പത്തിക വർഷത്തിൽ 4.2 ശതമാനമായി കുറഞ്ഞു. 11 വർഷത്തിനിടയിലെ ഏറ്റവും വലിയ മന്ദഗതിയിലൂടെയാണ് സമ്പദ്‍വ്യവസ്ഥ കടന്നുപോയതെന്നും റിപ്പോർട്ടിലെ കണക്കുകൾ സൂചിപ്പിക്കുന്നു.
രാജ്യത്തിന്റെ മൊത്ത മൂല്യവർദ്ധനവ് (ജിവിഎ) 22.8 ശതമാനവും ഉൽപ്പാദനം 39.3 ശതമാനവും ഖനനം 23.3 ശതമാനവും കുറഞ്ഞു. മൊത്ത സ്ഥിര മൂലധന രൂപീകരണം (ജിഎഫ്സിഎഫ്) 52.9 ശതമാനം ചുരുങ്ങി, വൈദ്യുതി ഏഴ് ശതമാനം, നിർമ്മാണ പ്രവർത്തനങ്ങൾ 50.3 ശതമാനവും ഇടിവ് രേഖപ്പെടുത്തി. അതേസമയം, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും തിളക്കമാർന്ന മുന്നേറ്റം പ്രകടിപ്പിച്ച് പിടിച്ചുനിന്നു, ഏപ്രിൽ -ജൂൺ പാദത്തിൽ 3.4 ശതമാനമാണ് കൃഷിയും അനുബന്ധ മേഖലകളിൽ നിന്ന് റിപ്പോർട്ട് ചെയ്ത വളർച്ച.