ചൈനീസ് ഇറക്കുമതി: വാഹന നിർമാണ മേഖലയിൽ സമ്മർദ്ദം കനക്കുന്നു, വിലവർധനയ്ക്ക് കാരണമാകുമെന്ന് ആർ സി ഭാർഗവ
"രൂപ ദുർബലമാകുന്നതിനനുസരിച്ച് കാലക്രമേണ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കൂടുതൽ കൂടുതൽ ചെലവേറിയതാകുമെന്ന് എല്ലാവർക്കും അറിയാം. അതിനാൽ ഇറക്കുമതി ചെയ്യുന്നത് തുടരുന്നത് ആരുടേയും വാണിജ്യ താൽപ്പര്യം കൊണ്ടല്ല. നിങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഇക്കാര്യത്തിൽ നിങ്ങൾക്ക് തീരെ തിരഞ്ഞെടുപ്പില്ലാത്തതിനാലാണ്, ” ഭാർഗവ കൂട്ടിച്ചേർത്തു.
ഇന്ത്യ -ചൈന അതിർത്തി സംഘർഷങ്ങളെ തുടർന്ന് ചൈനയിൽ നിന്നുള്ള ഇറക്കുമതിയുമായി ബന്ധപ്പെട്ട് നേരിടുന്ന കാലതാമസം ഇന്ത്യൻ വാഹന നിർമാണ വ്യവസായ രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ഇറക്കുമതിയുമായി ബന്ധപ്പെട്ട കസ്റ്റംസ് ക്ലിയറൻസ് നടപടികൾ കർശനമാക്കിയത് വ്യവസായത്തിന്റെ വീണ്ടെടുക്കലിനെ ബാധിക്കുമെന്ന് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടൊപ്പം കൊവിഡിനെ തുടർന്ന് ഉപഭോഗ രംഗത്തുണ്ടായ ഇടിവും വാഹന നിർമാതാക്കൾക്ക് കനത്ത പ്രഹരമായി.
ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തി സംഘർഷങ്ങളെ തുടർന്ന് നിർണായക ഓട്ടോമൊബൈൽ ഘടകങ്ങളുടെ ഇറക്കുമതി വൈകുകയാണെന്ന് ഓട്ടോമൊബൈൽ കമ്പനി എക്സിക്യൂട്ടീവുകൾ അഭിപ്രായപ്പെട്ടു. "തുറമുഖങ്ങളിൽ നേരിടുന്ന ക്ലിയറൻസിലെ കാലതാമസം ക്രമേണ ഇന്ത്യയിലെ വാഹന നിർമാണത്തെ ബാധിക്കും. വളർച്ച പിന്നോട്ട് പോകുന്ന ഈ ഘട്ടത്തിൽ കൂടുതൽ തടസ്സമുണ്ടാകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്, ” സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) പ്രസിഡന്റ് രാജൻ വധേര പറഞ്ഞു.
ചൈനീസ് ഇറക്കുമതിയുമായി ബന്ധപ്പെട്ട് മാനുവൽ പരിശോധന തുടരുകയാണെങ്കിൽ മിക്കവാറും എല്ലാ വാഹന നിർമാണ പ്രക്രിയകളും മന്ദഗതിയിലാകുമെന്ന് വ്യവസായ എക്സിക്യൂട്ടീവുകൾ പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ഓട്ടോ കോമ്പോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസിഎംഎ) യുടെ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ നാലിലൊന്ന് ഓട്ടോ പാർട്ട് ഇറക്കുമതിയും (4.2 ബില്യൺ ഡോളർ) ചൈനയിൽ നിന്നാണ് (2019 ലെ കണക്കുകൾ പ്രകാരം). എഞ്ചിൻ, ട്രാൻസ്മിഷൻ ഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ കമ്പനികൾ കൂടുതൽ പരിശ്രമിക്കണം
ഈ ഘടകങ്ങളിൽ ചിലത് നിർണായകവും മറ്റെവിടെ നിന്നെങ്കിലുമുളള ഉറവിടത്തിൽ നിന്ന് എത്തിക്കാൻ പ്രയാസമുള്ളവയുമാണെന്ന് ആഗോള ഓട്ടോ ഘടക നിർമാതാക്കളായ ബോഷ് വാലിയോ, മിൻഡ ഇൻഡസ്ട്രീസ് എന്നിവരുടെ എക്സിക്യൂട്ടീവുകൾ പറഞ്ഞു. ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നത് ഹ്രസ്വകാലത്തെ വിലവർധനവിന് കാരണമാകുമെന്ന് മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ മുന്നറിയിപ്പ് നൽകുന്നു.
ചൈനീസ് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്, ഇന്ത്യൻ കമ്പനികൾ കൂടുതൽ മത്സരാത്മകവും ആഴമേറിയതും വ്യാപകവുമായ രീതിയിൽ വിപണിയിൽ ഇടപെടേണ്ടത് അത്യാവശ്യമാണെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാണക്കമ്പനിയായ മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ പറഞ്ഞു.
"രൂപ ദുർബലമാകുന്നതിനനുസരിച്ച് കാലക്രമേണ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കൂടുതൽ കൂടുതൽ ചെലവേറിയതാകുമെന്ന് എല്ലാവർക്കും അറിയാം. അതിനാൽ ഇറക്കുമതി ചെയ്യുന്നത് തുടരുന്നത് ആരുടേയും വാണിജ്യ താൽപ്പര്യം കൊണ്ടല്ല. നിങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഇക്കാര്യത്തിൽ നിങ്ങൾക്ക് തീരെ തിരഞ്ഞെടുപ്പില്ലാത്തതിനാലാണ്, ” ഭാർഗവ കൂട്ടിച്ചേർത്തു.
"ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എഞ്ചിനുകളുടെ ഭാഗങ്ങൾ, ഇലക്ട്രോണിക്സ് വസ്തുക്കൾ എന്നിവ വാഹന നിർമാണത്തിലെ നിർണായക ഘടകങ്ങളാണ്, ഇതിനായി ഇന്ത്യ ഇതുവരെ ആഭ്യന്തര ശേഷി വികസിപ്പിച്ചിട്ടില്ല. ഓട്ടോമോട്ടീവ് മൂല്യ ശൃംഖല വളരെ സങ്കീർണ്ണവും സംയോജിതവും പരസ്പരാശ്രിതവുമാണ്. നിർമാണ ഘടകങ്ങൾ ലഭിക്കാത്തത് വാസ്തവത്തിൽ വാഹന നിർമാണ ലൈനുകൾ നിർത്തുന്നതിന് ഇടയാക്കും, ” എസിഎംഎ പ്രസിഡന്റ് ദീപക് ജെയിൻ പറഞ്ഞു.