ഇന്ത്യയിൽ കൽക്കരിക്ക് ക്ഷാമമുണ്ടോ? ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

ഇപ്പോഴത്തെ ക്ഷാമം എങ്ങിനെ വന്നുവെന്ന ചോദ്യം പ്രസക്തമാണ്. അത് പെട്ടെന്നുണ്ടായതല്ലെന്ന് വ്യക്തമാണ്. കാരണം ആഗോള തലത്തിൽ കൽക്കരിക്ക് വില ക്രമാതീതമായി ഉയർന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം

India faces coal shortage here is why

ദില്ലി: മുൻപെങ്ങുമില്ലാത്ത ഒരു വലിയ വൈദ്യുതി പ്രതിസന്ധിയുടെ (power crisis) വക്കിലാണ് രാജ്യമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. രാജ്യത്ത് ആവശ്യമായ വൈദ്യുതിയുടെ (electricity) 70 ശതമാനവും നൽകിയിരുന്ന 135 താപ വൈദ്യുത നിലയങ്ങളിൽ (Thermal power plant) പാതിയും കൽക്കരിയുടെ കടുത്ത ക്ഷാമം (Coal scarcity) നേരിടുകയാണെന്നാണ് റിപ്പോർട്ടുകൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഇപ്പോൾ തന്നെ തിരിച്ചടി നേരിടുന്നുവെന്ന് പറയുന്നു. കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അധികം വൈകാതെ പവർകട്ടും സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.

ഇപ്പോഴത്തെ ക്ഷാമം എങ്ങിനെ വന്നുവെന്ന ചോദ്യം പ്രസക്തമാണ്. അത് പെട്ടെന്നുണ്ടായതല്ലെന്ന് വ്യക്തമാണ്. കാരണം ആഗോള തലത്തിൽ കൽക്കരിക്ക് വില ക്രമാതീതമായി ഉയർന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ വർഷം ഒക്ടോബറിൽ ടണ്ണിന് വെറും 58 ഡോളർ വിലയുണ്ടായിരുന്ന കൽക്കരിക്ക് ഇക്കഴിഞ്ഞ ഒക്ടോബർ അഞ്ചിന് വില 269.50 ഡോളറായിരുന്നു. രണ്ട് ദിവസം മുൻപത്തെ വില 235 ഡോളറും. 

ലോകത്ത് ഏറ്റവും കൂടുതൽ കൽക്കരി ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കൽക്കരിയുടെ വമ്പൻ നിക്ഷപം രാജ്യത്തുണ്ടെന്നത് മറ്റൊരു സത്യം. ആഗോള കണക്കെടുത്താൽ കൽക്കരിയുടെ ഏറ്റവും വലിയ നിക്ഷേപമുള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. അവിടെയാണ് 135 താപവൈദ്യുത നിലയങ്ങൾക്കും വേണ്ടി രാജ്യം ഇറക്കുമതിയെ ആശ്രയിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഊർജ്ജോൽപ്പാദനം പ്രോത്സാഹിപ്പിക്കാനാണ് രാജ്യത്തെ കൽക്കരി നിക്ഷേപത്തിൽ ഇന്ത്യ കാര്യമായി കൈവെക്കാത്തത്.

അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചുയർന്നതോടെ ഇന്ത്യയിൽ കൽക്കരി ഇറക്കുമതി ചെയ്തിരുന്ന താപ വൈദ്യുത നിലയങ്ങളെല്ലാം പ്രതിസന്ധിയിലായി. ഉയർന്ന വില കൊടുത്ത് കൽക്കരി വാങ്ങാൻ സാധിക്കാതിരുന്ന പ്ലാന്റുകൾ ഇന്ത്യയിലെ കൽക്കരിയെ ആശ്രയിക്കാൻ തുടങ്ങി. ഇതോടെയാണ് ക്ഷാമം നേരിട്ടത്.

കൂടുതൽ കൽക്കരി ഇറക്കുമതി ചെയ്ത് പ്രശ്നം പരിഹരിക്കാൻ ഇപ്പോൾ സാധിക്കില്ലെന്നത് പ്രധാനമാണ്. പത്ത് വർഷം പുറകിലേക്ക് പോയാൽ 2011 ഫെബ്രുവരി ഒന്നിന് 130.95 ഡോളറായിരുന്നു കൽക്കരിയുടെ വില. പിന്നീടത് കുറഞ്ഞ് 2016 ജനുവരി ഒന്നിന് 48.80 ഡോളറിലെത്തി. അതേവർഷം ഒക്ടോബർ മൂന്നിന് 108.8 ഡോളറിലേക്ക് ഉയർന്ന ശേഷം വീണ്ടുമിടിഞ്ഞു. 2017 മെയ് മാസത്തിൽ 73.45 ഡോളറായി. പിന്നീട് 2018 ജൂലൈ നാലിന് 119.90 ഡോളറായി വർധിച്ചു. 2020 ഓഗസ്റ്റ് മൂന്നിന് 49.80 ഡോളറായി കുറഞ്ഞ ശേഷം പിന്നീട് തിരിഞ്ഞ് നോക്കാതെ ഉയർന്നു. ഇതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഒക്ടോബർ അഞ്ചിന്റേത്.

ഇപ്പോഴത്തെ വിലയിൽ കൽക്കരി വാങ്ങി ഇറക്കുമതി ചെയ്ത് വൈദ്യുതി ഉൽപ്പാദിപ്പിച്ചാൽ നയാപൈസ ലാഭം കിട്ടില്ലെന്ന് മാത്രമല്ല, താപവൈദ്യുത നിലയങ്ങൾ വൻ കടക്കെണിയിലുമാകും. അവരെ സംബന്ധിച്ച് ഉൽപ്പാദനം നിർത്തിവെക്കുന്നതാവും ഏറ്റവും ലാഭകരം. ഇന്ധന വില വർധന തന്നെ റീടെയ്ൽ വിലക്കയറ്റത്തെ ഉയർത്തിനിർത്തിയിരിക്കുന്ന സാഹചര്യത്തിൽ കൽക്കരി ക്ഷാമം സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കും. കൊവിഡിൽ നിന്ന് കരകയറാൻ പാടുപെടുന്ന ഇന്ത്യയിൽ സാമ്പത്തിക പ്രവർത്തനങ്ങളുടെ താളംതെറ്റിക്കുന്നത് കൂടിയാണ് ഈ പ്രതിസന്ധി. കൊവിഡ് മഹാമാരിയെ മറികടക്കാനും ജിഡിപി വളർച്ച നേടാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകും.

അതേസമയം കൽക്കരി ക്ഷാമമില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ താപ വൈദ്യുത നിലയങ്ങൾക്ക് അടുത്ത 24 ദിവസത്തേക്ക് വേണ്ട കൽക്കരി കൈയ്യിലുണ്ടെന്ന് കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി പറയുന്നു. 43 ദശലക്ഷം ടൺ കൽക്കരിയാണ് കോൾ ഇന്ത്യാ ലിമിറ്റഡിന്റെ പക്കൽ സ്റ്റോക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മൺസൂൺ കഴിഞ്ഞതോടെ വരും ദിവസങ്ങളിൽ ഉൽപ്പാദനം വർധിപ്പിക്കാനാവുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. ഇതിന്റെ സത്യാവസ്ഥ വരുംദിവസങ്ങളിൽ വ്യക്തമാകും.

Latest Videos
Follow Us:
Download App:
  • android
  • ios