India's Growth Forecast : ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ചാ നിരക്ക് 9 ശതമാനമായി കുറച്ച് ഐഎംഎഫ്
ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിലാണ് ഐഎംഎഫ് ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്ക് പുതുക്കിയത്
ദില്ലി: ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്ക് ഒൻപത് ശതമാനമെന്ന് ഇന്റർനാണൽ മോണിറ്ററി ഫണ്ട്. മാർച്ച് 31 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള സാമ്പത്തിക വളർച്ചാ നിരക്കാണ് ഐഎംഎഫ് പുതുക്കി നിശ്ചയിച്ചത്. പുതിയ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഐെംഎഫ് വളർച്ചാ നിരക്കുകൾ കുറച്ചത്.
ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിലാണ് ഐഎംഎഫ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് പുതുക്കിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഐഎംഎഫ് തന്നെ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയുടെ പ്രതീക്ഷിത വളർച്ച 9.5 ശതമാനമായിരുന്നു. 2022-23 കാലത്തേക്ക് ഇന്ത്യയുടെ വളർച്ചാ നിരക്ക് 7.1 ശതമാനമായിരിക്കുമെന്നും അന്ന് ഐഎംഎഫ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.3 ശതമാനം താഴേക്ക് പോയിരുന്നു. ഇപ്പോൾ ഐഎംഎഫ് പ്രവചിച്ചിരിക്കുന്ന നിരക്ക് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട 9.2 ശതമാനത്തിലും റിസർവ് ബാങ്ക് പ്രവചിച്ച 9.5 ശതമാനത്തിലും കുറവാണ്. മൂഡിസ് ഇന്ത്യ 9.3 ശതമാനം വളർച്ച നേടുമെന്നാണ് പ്രവചിച്ചത്. അതേസമയം ലോകബാങ്ക് ഇന്ത്യ 8.3 ശതമാനം വളർച്ച നേടുമെന്നും ഫിച്ച് റേറ്റിങ്സ് ഇന്ത്യ 8.4 ശതമാനം വളർച്ച നേടുമെന്നുമാണ് പ്രവചിച്ചിരിക്കുന്നത്.