Russia Ukraine Crisis : ചപ്പാത്തി കഴിക്കാതെ കഴിയേണ്ടി വരുമോ? ലോകം പോകുന്നത് ഗോതമ്പ് പ്രതിസന്ധിയിലേക്ക്
യുദ്ധവും ഗോതമ്പും തമ്മിൽ എന്താണ് ബന്ധമെന്ന് ചിന്തിക്കുകയാണോ? കാരണം ലോകത്തിൽ ഏറ്റവും കൂടുതൽ ഗോതമ്പ് കയറ്റി അയക്കുന്ന ഒന്നാമത്തെയും രണ്ടാമത്തെയും രാജ്യങ്ങൾ തമ്മിലാണ് യുദ്ധം നടക്കുന്നത് എന്ന് തന്നെ
ദില്ലി: ലോകം വിറങ്ങലിച്ച് നിൽക്കുന്ന മണിക്കൂറുകളാണ് കടന്നുപോകുന്നത്. റഷ്യ യുക്രൈനെതിരായ പോരാട്ടം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ലോകരാഷ്ട്രങ്ങളിൽ യുക്രൈന് അനുകൂലമായി നിലപാടെടുത്ത നാറ്റോ അടക്കം പിൻവാങ്ങിയത് ഇന്ന് അന്താരാഷ്ട്ര തലത്തിൽ ഉണ്ടാക്കിയ അമ്പരപ്പ് ചെറുതല്ല. അതിനിടെ ക്രൂഡ് ഓയിലും സ്വർണവും കുത്തനെ വില വർധിപ്പിച്ചു. ഓഹരി വിപണിയിൽ നിക്ഷേപകരുടെ ദുരന്ത ദിനമായി ഇന്ന്. അതേസമയം യൂറോപ്പും ലോകരാഷ്ട്രങ്ങളും ചെറുതല്ലാത്തൊരു പ്രതിസന്ധിയെ മുന്നിൽ കാണുന്നുണ്ട്. അതും ഗോതമ്പിന്റെ പേരിൽ!
യുദ്ധവും ഗോതമ്പും തമ്മിൽ എന്താണ് ബന്ധമെന്ന് ചിന്തിക്കുകയാണോ? കാരണം ലോകത്തിൽ ഏറ്റവും കൂടുതൽ ഗോതമ്പ് കയറ്റി അയക്കുന്ന ഒന്നാമത്തെയും രണ്ടാമത്തെയും രാജ്യങ്ങൾ തമ്മിലാണ് യുദ്ധം നടക്കുന്നത് എന്ന് തന്നെ. ഗോതമ്പിന്റെ ഫ്യൂചർ വില നിലവാരം ഇന്ന് ഉയർന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2021 ജൂൺ മുതൽ 2022 ജൂലൈ വരെയുള്ള ആഗോള തലത്തിലെ ഗോതമ്പ് കയറ്റുമതിയുടെ പ്രതീക്ഷിത കണക്കുകളിൽ 23 ശതമാനവും റഷ്യയുടെയും യുക്രൈന്റെയും സംഭാവനയാണ്. യുദ്ധം തുടരുന്നത് ആഗോളതലത്തിൽ വലിയ പ്രതിസന്ധിയാകുമെന്ന് ഉറപ്പാണ്.
മധ്യേഷ്യൻ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും ഏറ്റവും കൂടുതൽ ഗോതമ്പ് കയറ്റി അയക്കുന്ന രാജ്യങ്ങളാണ് റഷ്യയും യുക്രൈനും. യുദ്ധം വ്യാപാര വാണിജ്യ ബന്ധങ്ങളെ സാരമായി ബാധിക്കുമെന്ന് മാത്രമല്ല, ചരക്ക് ഗതാഗതവും താറുമാറാക്കും. ഇതാണ് ഗോതമ്പിന്റെ പേരിൽ ലോകം ഇന്ന് വലിയ ആശങ്ക രേഖപ്പെടുത്തുന്നതിന്റെ പ്രധാന കാരണം. ചിക്കാഗോ ബോർഡ് ഓഫ് ട്രേഡ് കണക്ക് പ്രകാരം ഗോതമ്പിന്റെ വില 48 സെന്റാണ് ഇന്ന് ഉയർന്നത്. ബഷലിന് 9.32 ഡോളറായിരുന്നു നേരത്തെയുണ്ടായിരുന്ന മൂല്യം. ഒരു ബഷൽ ഗോതമ്പെന്നാൽ 25.4 കിലോഗ്രാം തൂക്കം വരും. ഒരു രൂപയ്ക്ക് ഒരു പൈസ എന്നത് പോലെയാണ് ഡോളറിന് സെന്റ്.
മിനെപോളിസ് വീറ്റ് എക്സ്ചേഞ്ചിലും മൂല്യം ഉയർന്നു. 49 സെന്റ് വർധിച്ച് 9.63 ഡോളറാണ് ഫ്യൂചർ പ്രൈസ്. യൂറോപ്പിലും ഗോതമ്പിന്റെ ഭാവി വില ഉയർന്നിട്ടുണ്ട്. മാർച്ചിലേക്കുള്ള വിലയും ഉയർന്നിട്ടുണ്ട്. യൂറോനെക്സ്റ്റിൽ മെട്രിക് ടണ്ണിന് 287 യൂറോയാണ് ഇന്നലത്തെ കണക്ക് പ്രകാരം മാർച്ചിലെ ഗോതമ്പിന്റെ വില. യുദ്ധം തുടരുകയും റഷ്യയ്ക്ക് മേൽ ഉപരോധം ഉണ്ടാവുകയും ചെയ്താൽ ആഗോള തലത്തിൽ തന്നെ ഗോതമ്പ് ലഭ്യത കുറയും. അത് നിലവിലെ ഉൽപ്പാദ രാജ്യങ്ങൾക്ക് മേൽ ഡിമാന്റ് വർധിപ്പിക്കുകയും ഇപ്പോൾ ഈ രാജ്യങ്ങളെ ആശ്രയിക്കുന്ന മറ്റ് ലോകരാഷ്ട്രങ്ങളെ സമ്മർദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്യും. ഇങ്ങിനെ വന്നാൽ ഗോതമ്പിന് ലോകത്തെമ്പാടും വില ഉയരുന്ന സാഹചര്യമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.