ജിഎസ്ടി കൗൺസിൽ യോഗം 28ന് ചേരും, പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പിരിധിയിലാക്കുന്നത് ചർച്ചയായേക്കും
മെയ് 28 ന് രാവിലെ 11 മണിക്കായിരിക്കും യോഗമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
ദില്ലി: ജിഎസ്ടി കൗൺസിൽ യോഗം ഈ മാസം 28 ന് ചേരും. ആറ് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് യോഗം ചേരുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്നായിരുന്നു ഇടവേള വന്നത്. വിവിധ സംസ്ഥാനങ്ങൾ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനോട് യോഗം ചേരാൻ ആവശ്യപ്പെട്ടതോടെയാണ് ഇപ്പോൾ യോഗം വിളിച്ചിരിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരത്തുകയിലെ കുറവും കടംവാങ്ങൽ പരിധിയും നികുതിയിളവുമെല്ലാം ഈ യോഗത്തിൽ ചർച്ചയായേക്കും.
മെയ് 28 ന് രാവിലെ 11 മണിക്കായിരിക്കും യോഗമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. ജിഎസ്ടി നിരക്കുകൾ പുതുക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളും യോഗത്തിൽ ചർച്ചയായേക്കും. 2022 ജൂലൈയിൽ എന്ന സമയപരിധിയിൽ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം ലഭിക്കുന്ന കാലയളവ് നീട്ടാനും സംസ്ഥാനങ്ങൾക്ക് ആഗ്രഹമുണ്ട്.
ഓരോ പാദവാർഷിക കാലത്തും യോഗം ചേരണമെന്ന നിബന്ധന കേന്ദ്രസർക്കാർ തെറ്റിച്ചതിൽ വിവിധ സംസ്ഥാനങ്ങൾക്ക് പരാതിയുണ്ട്. ഒക്ടോബർ അഞ്ചിനാണ് അവസാനം യോഗം ചേർന്നത്. ഇത് ഒക്ടോബർ 12 വരെ നീണ്ടുനിന്നിരുന്നു. ജിഎസ്ടി നിയമം നിലവിൽ വന്ന സമയത്ത് ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് നൽകാനായിരുന്നു തീരുമാനം. ജൂലൈ 2017 ന് തുടങ്ങിയ ജിഎസ്ടി നഷ്ടപരിഹാരം ലഭ്യമാക്കുന്ന രീതി ജൂലൈ 2022 വരെ മാത്രമേ നിലവിലെ സാഹചര്യത്തിൽ തുടരുകയൊള്ളൂ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona