ഉപാധിയില്ലാതെയുളള വായ്പയെടുക്കൽ പരിധി ഉയർത്തി: സംയോജിത ജിഎസ്ടി ഇനത്തിൽ കേരളത്തിന് 800 കോടി ലഭിക്കും
സഹമന്ത്രി അനുരാഗ് ഠാക്കൂര്‍, സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ ധനമന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
നഷ്ടപരിഹാര സെസ് 2022 ജൂണിനപ്പുറം നീട്ടാൻ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. സംസ്ഥാനങ്ങൾക്ക് ഗുണകരമായ തീരുമാനമണിതെന്നാണ് വിലയിരുത്തുന്നത്. എന്നാൽ, വരുമാന നഷ്ടം പരിഹരിക്കാനുളള നടപടികൾ പൂർത്തിയാകും വരെയായിരിക്കും ഇത്. തിങ്കളാഴ്ച നടന്ന കേന്ദ്ര ധനമന്ത്രി അധ്യക്ഷത വഹിച്ച 42-ാമത് ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
സഹമന്ത്രി അനുരാഗ് ഠാക്കൂര്‍, സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ ധനമന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അന്തർ സംസ്ഥാന ഇടപാടുകളുടേതായ സംയോജിത ജിഎസ്ടി ഇനത്തിൽ 2017 -18 ൽ കുറവ് വിഹിതം ലഭിച്ച സംസ്ഥാനങ്ങൾക്കായി മൊത്തം 24,000 കോടി രൂപ അടുത്തയാഴ്ച വിതരണം ചെയ്യും. കേരളത്തിന് ഈ ഇനത്തിൽ ഏകദേശം 800 കോടി രൂപ ലഭിക്കും.
ഉപാധികളില്ലാതെയുളള കടമെടുപ്പ് പരിധിയും ഉയർത്താമെന്നും കേന്ദ്ര സർക്കാർ സമ്മതിച്ചു. കൊവിഡ് -19 സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിബന്ധനകളോടെ സംസ്ഥാനങ്ങൾക്കായി അനുവദിച്ചിട്ടുളള രണ്ട് ശതമാനം അധിക വായ്പയിൽ നിന്നുളള ഉപാധികളില്ലാതെ വായ്പയെടുക്കാൻ കഴിയുന്ന പരിധി ഒരു ശതമാനമാക്കി കേന്ദ്ര സർക്കാർ ഉയർത്തി.
അഞ്ച് കോടിയിൽ താഴെ വാർഷിക വിറ്റുവരവുളളവർ അടുത്ത ജനുവരി ഒന്ന് മുതൽ പ്രതിമാസ റിട്ടേൺ നൽകേണ്ട. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർ ഇനി മുതൽ മൂന്ന് മാസത്തിലൊരിക്കൽ റിട്ടേൺ നൽകിയാൽ മതി. എന്നാൽ, ഇവർ എല്ലാ മാസവും നികുതി വരുമാനം അടയ്ക്കണം. ആദ്യ രണ്ട് മാസം അടയ്ക്കേണ്ടത് മുൻപത്തെ മൂന്ന് മാസം അടച്ച തുകയുടെ 35 ശതമാനമായിരിക്കും.
നിലവിൽ മൂന്ന് മാസത്തിലൊരിക്കൽ റിട്ടേൺ അടയ്ക്കുന്നവർ, നാലാം മാസം 13 തീയതി റിട്ടേൺ സമർപ്പിച്ചാൽ മതിയാകും (ജിഎസ്ടിആർ -1 പ്രകാരം). ജനുവരി ഒന്ന് മുതൽ റീഫണ്ട് പാൻ, ആധാർ എന്നിവയുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാകും കൈമാറുക. ആൾക്കഹോൾ ചേർക്കാത്ത ഹാൻഡ് സാനിറ്റൈസറിന് നികുതി നിരക്കിൽ മാറ്റം വരുത്തേണ്ടന്ന് ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. ഉൽപ്പന്നത്തിന് 18 ശതമാനം ജിഎസ്‌ടി തുടരും.