ജിഎസ്ടി നഷ്ടപരിഹാരത്തിന് ആർബിഐ വായ്പ; കേന്ദ്ര തീരുമാനത്തോടൊപ്പം 21 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും

ഇതോടെ ജിഎസ്ടി കൗണ്‍സിലില്‍ പ്രസ്തുത വിഷയത്തില്‍ വോട്ടെടുപ്പ് ഉണ്ടായാലും കേന്ദ്ര നിര്‍ദ്ദേശം അംഗീകരിക്കപ്പെടുമെന്നുറപ്പായി. 

gst compensation through rbi special window borrowing

ദില്ലി: റിസര്‍വ് ബാങ്ക് പ്രത്യേക വായ്പ സംവിധാനത്തിലൂടെ (റിസർവ് ബാങ്ക് വിൻഡോ) സംസ്ഥാനങ്ങളുടെ ജിഎസ്ടി നഷ്ടപരിഹാരം നല്‍കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ 21 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും അംഗീകരിച്ചതായി ധനമന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി. ഇതോടെ ജിഎസ്ടി കൗണ്‍സിലില്‍ പ്രസ്തുത വിഷയത്തില്‍ വോട്ടെടുപ്പ് ഉണ്ടായാലും കേന്ദ്ര നിര്‍ദ്ദേശം അംഗീകരിക്കപ്പെടുമെന്നുറപ്പായി. 

ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു ആന്‍ഡ് കശ്മീര്‍, കര്‍ണാടക, മധ്യപ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, ഒഡീഷ, പോണ്ടിച്ചേരി, സിക്കിം, ത്രിപുര, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവയാണ് കേന്ദ്ര നിര്‍ദ്ദേശം അംഗീകരിച്ച സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും.

ജിഎസ്ടി നിയമപ്രകാരം വോട്ടിംഗ് ആവശ്യമെങ്കിൽ ജിഎസ്ടി കൗൺസിലിന് 20 സംസ്ഥാനങ്ങളു‌ടെ പിന്തുണയാണ് പ്രമേയം പാസാക്കാൻ ആവശ്യം. 

ഒക്ടോബർ 5 ന് നടക്കാനിരിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിന് മുമ്പ് കേന്ദ്രം വാഗ്ദാനം ചെയ്യുന്ന രണ്ട് ഓപ്ഷനുകളിൽ ഒന്ന് സംസ്ഥാനങ്ങൾ സ്വീകരിക്കുമെന്നാണ് സൂചന. അല്ലാത്ത പക്ഷം നഷ്ടപരിഹാരം ലഭിക്കാൻ സംസ്ഥാനങ്ങൾ 2022 ജൂൺ വരെ കാത്തിരിക്കേണ്ടിവരുമെന്ന് നിലവിലെ സാഹചര്യത്തിൽ നിന്ന് വ്യക്തമാണെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 2022 ജൂൺ 30 ന് അപ്പുറത്തേക്ക് സെസ് ശേഖരണ കാലയളവ് നീട്ടുന്നത് കൗൺസിലിന്റെ തീരുമാനത്തിന് വിധേയമാണ്.

നേരത്തെ സംസ്ഥാനങ്ങൾ വായ്പയെടുക്കാനുള്ള ഓപ്ഷൻ തിരഞ്ഞെടുത്ത ഒരേയൊരു സംസ്ഥാനമായ മണിപ്പൂർ പിന്നീട് ഇത് റിസർവ് ബാങ്ക് വിൻഡോയിലേക്ക് മാറ്റാൻ താൽപര്യപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios