ഇക്കുറി 12100 കോടി: ഒരു പൊതുമേഖലാ സ്ഥാപനം കൂടി ടാറ്റയ്ക്ക്; വിൽപ്പനയ്ക്ക് തീരുമാനമായി

പൊതുമേഖലാ സ്ഥാപനത്തെ വിൽക്കാനുള്ള ടെണ്ടറിൽ ഏറ്റവും ഉയർന്ന തുക ക്വോട്ട് ചെയ്തത് ടാറ്റ കമ്പനിയാണ്

Govt approves sale of Neelachal Ispat to Tata Steel Long Products

ദില്ലി: എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുത്ത് മണിക്കൂറുകൾ പിന്നിടും മുൻപ് തന്നെ മറ്റൊരു പൊതുമേഖലാ സ്ഥാപനം കൂടി ടാറ്റയ്ക്ക് കൈമാറുന്നു. നീലചൽ ഇസ്പത് നിഗം ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തെയാണ് ടാറ്റ സ്റ്റീൽ ലോങ് പ്രൊഡക്ട്സ് ലിമിറ്റഡിന് വിൽക്കുന്നത്.

പൊതുമേഖലാ സ്ഥാപനത്തെ വിൽക്കാനുള്ള ടെണ്ടറിൽ ഏറ്റവും ഉയർന്ന തുക ക്വോട്ട് ചെയ്തത് ടാറ്റ കമ്പനിയാണ്. 12100 കോടി രൂപയാണ് ടാറ്റ കമ്പനി ക്വോട്ട് ചെയ്തത്. ടെണ്ടർ അംഗീകരിക്കപ്പെട്ടതോടെ മറ്റ് തടസങ്ങളില്ലെങ്കിൽ കേന്ദ്രത്തിന്റെ പക്കലുണ്ടായിരുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ 93.71 ശതമാനം ഓഹരികളും ഇനി ടാറ്റ സ്റ്റീൽ ലോങ് പ്രൊഡക്ട്സ് കമ്പനിക്ക് സ്വന്തമാകും.

കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പിയൂഷ് ഗോയൽ, നിതിൻ ഗഡ്കരി എന്നിവരുൾപ്പെട്ട സമിതിയാണ് ഈ വിൽക്കലിന് അനുമതി കൊടുത്തത്. 1.1 മെട്രിക് ടൺ ഉൽപ്പാദന ശേഷിയുള്ള സ്റ്റീൽ പ്ലാന്റ് നീലചൽ ഇസ്പത് നിഗം ലിമിറ്റഡിനുണ്ട്. എൻഎംടിസി, എൻഎംഡിസി, ഭെൽ, എംഇസിഒഎൻ എന്നീ നാല് പൊതുമേഖലാ കമ്പനികളുടെയും ഒഡിഷ സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളായ ഒഎംസി, ഐപിഐസിഒഎൽ എന്നിവയുടെയും സംയുക്ത ഉടമസ്ഥതയിലായിരുന്നു ഈ കമ്പനി പ്രവർത്തിച്ചിരുന്നത്.

ടാറ്റയ്ക്ക് പുറമെ ജെഎസ്‌ഡബ്ല്യു സ്റ്റീലായിരുന്നു ടെണ്ടറിൽ പങ്കെടുത്ത മറ്റൊരു കമ്പനി. ജിന്റൽ സ്റ്റീലും നൽവ സ്റ്റീലും പവർ ലിമിറ്റഡും ചേർന്നൊരു കൺസോർഷ്യവും ബിഡ് സമർപ്പിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios